ദേശീയപാത നിർമാണം: കൂളിയങ്കാൽ ജംക്ഷനിൽ രൂപപ്പെട്ടത് അപകടക്കുഴി

Mail This Article
കാഞ്ഞങ്ങാട് ∙ വാഹനയാത്രക്കാരെ കുഴിയിൽ വീഴ്ത്തി ദേശീയപാത നിർമാണം. കനത്ത മഴയെ തുടർന്നു കൂളിയങ്കാൽ ജംക്‌ഷനിലാണു റോഡിൽ വലിയ കുഴി രൂപപ്പെട്ടത്. നിർമാണത്തിന്റെ ഭാഗമായി മുകളിൽ, ഉയരത്തിൽ കൂട്ടിയിട്ട മണ്ണു കുത്തിയൊലിച്ചു കുഴിയിലേക്കു വീണതോടെ വാഹനങ്ങൾ തെന്നിവീഴാനും താഴാനും തുടങ്ങി. ഇന്നലെ രാവിലെ കുഴിയിൽ വീണ ഓട്ടോയിൽനിന്ന് അമ്മയും ഒരു വയസ്സുള്ള കുഞ്ഞും ചെള്ളിവെള്ളത്തിലേക്കു തെറിച്ചുവീണു. മാവുങ്കാൽ ഭാഗത്തുനിന്നു വന്ന ഓട്ടോയാണ് അപകടത്തിൽപെട്ടത്. വെള്ളം കെട്ടിക്കിടന്നതിനാൽ ഡ്രൈവർ കുഴി കാണാത്തതിനെ തുടർന്നായിരുന്നു അപകടം. പിന്നീടു സ്കൂട്ടറിലെത്തിയ ചിലരും അപകടത്തിൽപെട്ടു. വിവരമറിഞ്ഞു ഹൊസ്ദുർഗ് കൺട്രോൾ റൂം എസ്ഐ കെ.മധു സ്ഥലത്തെത്തി. പൊലീസ് സ്ഥലത്തെത്തിയപ്പോഴും വാഹനങ്ങൾ അപകടത്തിൽ പെടുന്നുണ്ടായിരുന്നു. എസ്ഐ കരാറുകാരെ വിളിച്ചു പരിഹാരം കാണാൻ നിർദേശിച്ചതിനെ തുടർന്നു കരാറുകാർ കോൺക്രീറ്റ് മിക്സ് ഇട്ട് കുഴി അടയ്ക്കുകയായിരുന്നു.