കാണാതായ കാറുകൾക്ക് പിന്നാലെ പൊലീസ്; പരാതിപ്പെടാന് ആകാതെ ഉടമകൾ

Mail This Article
തൃക്കരിപ്പൂർ∙ വാടകയ്ക്കും ലീസിനുമെടുത്ത വാഹനങ്ങൾ സംസ്ഥാനം കടത്തി മറിച്ചു വിൽക്കുന്ന വൻ മാഫിയ സംഘം ജില്ലയിൽ ശക്തമാകുന്നുവെന്നു സൂചന. ജില്ലയുടെ വിവിധ ദിക്കുകളിൽ നിന്നു 42 വാഹനങ്ങൾ ഇതര സംസ്ഥാന സംഘം തട്ടിയെടുത്തതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് ചന്തേര പൊലീസ് സ്റ്റേഷനിൽ മാത്രം 5 പരാതികൾ ലഭിച്ചു. സൗത്ത് തൃക്കരിപ്പൂർ വില്ലേജിലെ ഇളമ്പച്ചി, കാരോളം പ്രദേശങ്ങളിൽ നിന്നു നാലും വടക്കെ തൃക്കരിപ്പൂർ വില്ലേജിലെ ആയിറ്റിയിൽ നിന്നു ഒന്നും കാറുകൾ വാടകയ്ക്കെടുത്ത ശേഷം തട്ടിപ്പു സംഘം മറിച്ചു വിറ്റിട്ടുണ്ട്.
വാടകയ്ക്ക് പോയ കാറുകൾ നിശ്ചിത തീയതി കഴിഞ്ഞു നാളുകൾ കഴിഞ്ഞിട്ടും തിരിച്ചു കിട്ടാത്ത സാഹചര്യത്തിൽ ഉടമകൾ നടത്തിയ പരിശോധനയിലാണ് കാറുകൾ സംസ്ഥാനം കടത്തി മറിച്ചു വിൽക്കുന്നതായി കണ്ടെത്തിയത്. തമിഴ്നാട്, കർണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിലേക്കാണ് കാറുകൾ കടത്തുന്നത്. നീലേശ്വരം, ചെറുവത്തൂർ, തൃക്കരിപ്പൂർ മേഖലകളിൽ നിന്ന് കാറുകൾ വാടകയ്ക്കെടുത്ത് മറിച്ചു വിൽക്കുന്ന സംഘത്തിന്റെ തലവൻ പയ്യന്നൂരിന് തൊട്ടടുത്ത ഗ്രാമത്തിലെ ഒരു യുവാവാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതിൽ വിവരം ലഭ്യമായ 2 കാറുകളെ മുൻനിർത്തിയാണ് പൊലീസ് പരിശോധന ശക്തമാക്കുന്നത്.
വില തുച്ഛം; കേസില്ലെന്ന ധൈര്യം
തട്ടിയെടുത്ത കാറുകൾ ഒന്നര ലക്ഷം മുതൽ മൂന്നര ലക്ഷം രൂപ വരെയുള്ള വിലക്കാണ് വിൽപന. വിവാഹ ആവശ്യങ്ങൾക്കും മറ്റും പറഞ്ഞാണ് കാറുകൾ വാടകക്കെടുക്കുന്നത്. അതേ സമയം സ്വകാര്യ വാഹനങ്ങൾ വാടകയ്ക്ക് നൽകാൻ പാടില്ലെന്ന നിയമമിരിക്കെ, തട്ടിപ്പിനെക്കുറിച്ച് ഉടമകൾക്ക് പരാതിപ്പെടാൻ കഴിയാത്ത സാഹചര്യമുണ്ട്. തട്ടിപ്പു നടത്തുന്ന സംഘങ്ങൾക്ക് ഇത് കൊള്ളയടിക്കാനുള്ള വഴിയുമാണ്. ധനകാര്യ സ്ഥാപനങ്ങളിൽ നിന്നു വായ്പയെടുത്ത് വാഹനങ്ങൾ വാങ്ങിയവരാണ് വാടകയ്ക്ക് നൽകിയവർ അധികവും. വാഹനങ്ങൾ നഷ്ടമായി വായ്പ അടക്കാൻ കഴിയാത്തവരിൽ പലരും ജപ്തി ഭീഷണി നേരിടുന്നുമുണ്ട്.