പട്ടാപ്പകൽ മണലെടുക്കും, രാത്രി കടത്തും; തടയാൻ പൊലീസും വില്ലേജ് ഓഫിസുകളും കൈകോർക്കുന്നു

Mail This Article
കാഞ്ഞങ്ങാട് ∙തീരദേശ മേഖലയിലെ അനധികൃത മണലെടുപ്പ് പ്രതിരോധിക്കാൻ പൊലീസും വില്ലേജ് ഓഫിസുകളും കൈകോർക്കുന്നു. പൊലീസിന് ലഭിക്കുന്ന വിവരങ്ങൾ റവന്യു വകുപ്പ് വഴി വില്ലേജിലേക്കു നൽകിയാണ് സഹകരണം ഉറപ്പാക്കുന്നത്. കാഞ്ഞങ്ങാട്, ഹൊസ്ദുർഗ് വില്ലേജുകളിൽ ഇത്തരം വിവരങ്ങൾ അടിസ്ഥാനപ്പെടുത്തി നടത്തിയ പരിശോധനയിൽ ഒട്ടേറെ നിയമ ലംഘനങ്ങൾ കണ്ടെത്തി.
പട്ടാപ്പകൽ മണലെടുക്കും, രാത്രി കടത്തും !
സ്വകാര്യ വ്യക്തികളുടെ പറമ്പുകൾ കേന്ദ്രീകരിച്ചാണ് മണലെടുപ്പ്. തീരപ്രദേശമായതിനാൽ ഉപരിതലത്തിന് മീറ്ററുകൾക്ക് താഴെ മുതൽ മണൽ ലഭ്യമാകും. പകൽ സമയങ്ങളിൽ പറമ്പിൽ കുഴിയെടുത്ത് മണൽ പുറത്തേക്കെടുത്ത് കൂട്ടിയിടുന്ന ഇവർ രാത്രി വരുന്ന ലോറികളിൽ മണൽ കടത്തും. മണ്ണോ ക്വാറി മാലിന്യങ്ങളോ ഉപയോഗിച്ച് കുഴി നികത്തും. ഇന്നലെ കുശാൽ നഗറിൽ നടത്തിയ പരിശോധനയിൽ 10 മീറ്റർ നീളത്തിലും 3 മീറ്ററോളം വീതിയിലും കുഴിയെടുത്ത് മണൽ പുറത്തെടുത്തതായി റവന്യു അധികൃതർ കണ്ടെത്തി. ആകെയുള്ള 20 സെന്റ് സ്ഥലത്തിന്റെ മറ്റുഭാഗങ്ങൾ വാഴ, തെങ്ങ് എന്നിവയുടെ കൃഷിയാണ്.
കേസും പിന്നാലെ വൻതുക പിഴയും
തീരദേശ മേഖലയിൽ നിന്നു വ്യാപകമായി ഇത്തരത്തിൽ മണലെടുക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു. വീട്ടു പറമ്പിൽ സൂക്ഷിക്കുന്ന മണൽ ആരും കാണാതിരിക്കാൻ മൂടി വയ്ക്കുകയാണ് പതിവ്. മണൽക്കടത്തു സംഘങ്ങൾ രാത്രികാലങ്ങളിൽ സ്വകാര്യ വ്യക്തികളുമായി ബന്ധപ്പെട്ട് ഈ മണൽ കടത്തിക്കൊണ്ടു പോകുന്നു. മണലെടുത്ത് രൂപപ്പെടുന്ന കുഴികളിൽ മലയോര മേഖലയിൽ നിന്നു മണ്ണ് കൊണ്ടു വന്നു തട്ടിക്കൊടുക്കാനും ഇവർ മുൻകൈയെടുക്കുന്നു. തീരദേശ മേഖലയിൽ ഭൂരിഭാഗങ്ങളിലും ഇത്തരത്തിൽ മണലെടുപ്പ് വ്യാപകമാണ്. പൊലീസ് പരിശോധന നടത്തിയാലും ഇവരുടെ കണ്ണുവെട്ടിച്ച് മണൽ കൊണ്ടു പോകാൻ ബൈക്കുകളിലെത്തുന്ന പട്രോളിങ് സംഘങ്ങൾ വരെയുണ്ട്. പൊലീസിന്റെ നീക്കങ്ങൾ ചോർത്തി നൽകുന്നതും ഇവരാണ്.അനുമതിയില്ലാതെ നടത്തിയ ഖനനം നിർത്തി വയ്ക്കണമെന്ന ആവശ്യപ്പെട്ട് വില്ലേജ് അധികൃതർ നോട്ടിസ് നൽകും.
മണൽ കടത്തിക്കൊണ്ടു പോയിട്ടുണ്ടെങ്കിൽ പൊലീസ് കേസെടുക്കും. അല്ലാത്ത പക്ഷം തഹസിൽദാർക്ക് റിപ്പോർട്ട് കൈമാറുകയും സബ് കലക്ടർ വഴി കലക്ടറുടെ പക്കലെത്തുകയും ചെയ്യും. ജിയോളജി വകുപ്പാണ് മണലിന്റെയും മണ്ണിന്റെയും മൂല്യം കണക്കാക്കി പിഴ ഈടാക്കുന്നത്.