എന്തിനോ വേണ്ടി..! വാഹന ചാർജിങ് സ്റ്റേഷൻ കാടുപിടിച്ച നിലയിൽ

Mail This Article
നീലേശ്വരം ∙ ഇലക്ട്രിക് വാഹനങ്ങൾ നിരത്തുകൾ കീഴടക്കുമ്പോൾ 2 വർഷം മുൻപ് ദേശീയപാതയോരത്ത് നീലേശ്വരം നെടുങ്കണ്ടയിൽ സ്ഥാപിച്ച വഴിയോര വാഹന ചാർജിങ് സ്റ്റേഷൻ ആർക്കും ഉപകാരമില്ലാതെ കാടു പിടിച്ച നിലയിൽ. എനർജി എഫിഷ്യന്സി സർവീസ് ലിമിറ്റഡും അനെർട്ടും സംയുക്തയാണ് ചാർജിങ് സ്റ്റേഷൻ നെടുങ്കണ്ടയിലെ ഡിടിപിസിയോടു ചേർന്ന് റോഡരികിൽ സ്ഥാപിച്ചത്. ഒരേ സമയം 2 കാറുകൾക്കു ചാർജ് ചെയ്യാനുള്ള സൗകര്യം ഇവിടെയുണ്ട്. തുടക്കത്തിൽ ആൾക്കാർക്ക് ഉപകാരപ്പെട്ടിരുന്നെങ്കിലും ദേശീയപാത നിർമാണ പ്രവൃത്തി കാരണം ചാർജ് ചെയ്യാനാവാതെ പൊതുജനങ്ങൾ ബുദ്ധിമുട്ടാൻ തുടങ്ങിയിട്ടു മാസങ്ങളായി.
ഉപകരണങ്ങൾ പ്രവർത്തിക്കാത്ത കാലയളവിൽ പൊടിയും വെയിലുമേൽക്കാതെ അവ സംരക്ഷിക്കാനുള്ള ശ്രമങ്ങളും ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്തു നിന്നുമുണ്ടായില്ല എന്ന ആക്ഷേപമുണ്ട്. വേണ്ട സംരക്ഷണം ഒരുക്കാത്തതിനാൽ ചാർജിങ് സ്റ്റേഷന്റെ പല ഭാഗങ്ങളിലും തുരുമ്പ് കയറിട്ടുണ്ട്. എത്രയും പെട്ടെന്ന് പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്ന വിധം സ്റ്റേഷൻ പ്രവർത്തന ക്ഷമമാക്കണം എന്നതാണ് നാട്ടുകാരുടെ ആവശ്യം.