മാലോം – മൈക്കയം റോഡ് കയ്യേറി വേലി കെട്ടാനുള്ള നീക്കത്തിൽ പ്രതിഷേധം

Mail This Article
വെള്ളരിക്കുണ്ട്∙ ബളാൽ പഞ്ചായത്തിലെ 7, 8, വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മാലോം – മൈക്കയം റോഡ് വനം വകുപ്പ് അധികൃതർ അനധികൃതമായി കയ്യേറി വേലി കെട്ടാനുള്ള നീക്കത്തിനെതിരെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങൾ പ്രതിഷേധവുമായി രംഗത്ത്. വനാതിർത്തിയോടു ചേർന്നുകിടക്കുന്ന മലമ്പ്രദേശങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി നാലു പതിറ്റാണ്ടിന് മുൻപ് കമാൻഡ് ഏരിയ ഡവലപ്മെന്റ് അതോറിറ്റി(കാഡ) പദ്ധതിയിൽപ്പെടുത്തിയാണ് അന്ന് റോഡ് നിർമിച്ചത്. മലയോരത്തിന്റെ വികസനത്തിന് ഏറെ ഉപകരിക്കുമെന്ന് മനസ്സിലാക്കിയതിനെ തുടർന്നാണ് ജില്ലാ വികസനസമിതി റോഡ് നിർമാണത്തിന് പ്രത്യേക അനുമതി നൽകിയിരുന്നത്.
റോഡ് നിർമിച്ചതോടെ ഇതുവഴി ഏറെക്കാലം വാഹനങ്ങൾ സഞ്ചരിക്കുകയും ചെയ്തിരുന്നു. പിന്നീട് വനംവകുപ്പ് തടസ്സവാദമുന്നയിച്ചതിനാൽ നവീകരണ പ്രവർത്തനം മന്ദീഭവിക്കുകയും തുടർന്ന് റോഡ് കാട് പിടിക്കുകയും ചെയ്തു. നഗർവാസികൾ അടക്കം നൂറുകണക്കിന് കുടുംബാംഗങ്ങൾക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള റോഡാണിത്. പുഞ്ച ആനക്കുഴി മുതലുള്ള പ്രദേശത്താണ് വനം വകുപ്പ് ഫെൻസിങ്ങിനായി കുഴികൾ കുത്തിയത്. പഞ്ചായത്തിന്റെ ആസ്തി റജിസ്റ്ററിൽ അടക്കം ഉള്ള ഈ റോഡ് ടാറിങ് നടത്തി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടിക്രമങ്ങൾ നടന്നുവരുകയാണെന്നും ഇതിനിടയിലാണ് വനം വകുപ്പ് റോഡ് കയ്യേറി വേലി കെട്ടാൻ കുഴി കുത്തിയതെന്നും ഇത് ഒരുകാരണവശാലും അംഗീകരിക്കാനാകില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം പറഞ്ഞു.