പൊലീസ് എങ്ങനെ പെരുമാറണം എന്നതു പ്രധാനം: ദർവേഷ് സാഹിബ്

Mail This Article
മാങ്ങാട്ടുപറമ്പ് ∙ ജനങ്ങളോടും അവരുടെ ആവശ്യങ്ങളോടും പൊലീസ് എങ്ങനെ പെരുമാറണം എന്നതു വളരെ പ്രധാനമാണെന്നു സംസ്ഥാന പൊലീസ് മേധാവി എസ്.ദർവേഷ് സാഹിബ്. പ്രശ്നങ്ങൾക്ക് വളരെ പെട്ടെന്നു പരിഹാരമുണ്ടാക്കിയാൽ മാത്രമേ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാനാകൂ. കുറ്റാന്വേഷണവും പൊലീസിന് ഏറെ പ്രധാന്യമുള്ളതാണെന്നും ഇവയിൽ കൂടുതൽ പഠനവും ശ്രദ്ധയും വേണം. മാങ്ങാട്ടുപറമ്പ് കെഎപി 4 ബറ്റാലിയനിൽ നടന്ന സംസ്ഥാനത്തെ വിവിധ പൊലീസ് ബറ്റാലിയനുകളിൽനിന്നു പരിശീലനം പൂർത്തിയാക്കിയ പൊലീസ് സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡിൽ അദ്ദേഹം സല്യൂട്ട് സ്വീകരിച്ചു.
കെഎപി 5 ഇടുക്കി, കെഎപി 4 കണ്ണൂർ, കെഎപി 2 പാലക്കാട്, മലബാർ സ്പെഷൽ പൊലീസ് ബറ്റാലിയൻ മലപ്പുറം എന്നിവിടങ്ങളിലെ 347 റിക്രൂട്ട് പൊലീസ് സേനാംഗങ്ങളും ഐആർ ബറ്റാലിയൻ തൃശൂരിലെ റിക്രൂട്ട് പൊലീസ് ഡ്രൈവർമാരായ 100 പേരും സേനയുടെ ഭാഗമായി. പരിശീലനത്തിൽ മികവുതെളിയിച്ച സേനാംഗങ്ങൾക്ക് പുരസ്കാരം നൽകി. കെഎപി 4ലെ പി.ആദർശ്, എംഎസ്പിയിലെ ടി.കെ.അക്ബർ അലി എന്നിവർ പരേഡ് നയിച്ചു.
എഡിജിപി എം.ആർ.അജിത്കുമാർ, സായുധസേന ഡിഐജി ആർ.ആനന്ദ്, ഏഴിമല നാവിക അക്കാദമി കമഡോർ ശ്രീകുമാർ.കെ.പിള്ള, കമൻഡാന്റ് അസ്തേഹം സർതാജ്, ഡിഎസ്‌സി കമൻഡാന്റ് കേണൽ പി.എസ്.നാഗ്റ, കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ നിതിൻരാജ്, റൂറൽ ജില്ലാ പൊലീസ് മേധാവി അനൂജ് പലിവാൽ, വിവിധ ബറ്റാലിയൻ കമൻഡാന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.