ആഘോഷക്കാലമായി; തിരക്കിൽ വിപണി

Mail This Article
കാസർകോട് ∙ വിഷു, ഈസ്റ്റർ തിരക്കിലമർന്നു ജില്ലയിലെ വിപണി. കാസർകോടിനു പുറമേ കാഞ്ഞങ്ങാട്, പാലക്കുന്ന്, നീലേശ്വരം, ചെറുവത്തൂർ, തൃക്കരിപ്പൂർ, വെള്ളരിക്കുണ്ട്, പൊയിനാച്ചി, ചെർക്കള, മുള്ളേരിയ, കുമ്പള, രാജപുരം ഉൾപ്പെടെ ജില്ലയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം വൻതിരക്കാണ്. വിഷുവിനും ഈസ്റ്ററിനുമായി പുത്തൻ സ്റ്റോക്കുകൾ വ്യാപാര സ്ഥാപനങ്ങളിലെത്തി.മുംബൈ, ബെംഗളൂരു, ചെന്നൈ, ഗുജറാത്ത് അടക്കമുള്ള ഇതരസംസ്ഥാനങ്ങളിൽ നിന്നാണു പുത്തൻ വസ്ത്രങ്ങൾ ജില്ലയിലേക്ക് എത്തുന്നത്. പുതിയ മോഡൽ വസ്ത്രങ്ങൾ ഇത്തവണ എത്തിയിട്ടുണ്ടെന്നു വ്യാപാരികൾ പറയുന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച് വസ്ത്രങ്ങൾക്കും പാദരക്ഷകൾക്കും വലിയ വിലവർധനയില്ലെന്നാണു വ്യാപാരികളുടെ അവകാശവാദം.
വിഷുക്കണി കലങ്ങൾ
വിഷുക്കണിക്കുള്ള കണിക്കലവും കൃഷ്ണരൂപങ്ങളും ഇത്തവണയും വിപണിയിലെത്തിയിട്ടുണ്ട്. വിവിധ പ്രദേശങ്ങളിലെ പാതയോരങ്ങളിൽ കൃഷ്ണരൂപവുമായി ഇതരസംസ്ഥാനക്കാരെത്തിയിട്ടുണ്ട്. വിഷുക്കലങ്ങളുടെ വിൽപനയ്ക്കായും ഒട്ടേറെ സംഘങ്ങളെത്തിയിട്ടുണ്ട്.
വിലയിടിവിൽ ഉള്ളികൾ
വിപണിയിൽ ഉള്ളിക്കും വെളുത്തുള്ളിക്കും വിലയിടിവ്. കിലോഗ്രാമിന് 60 രൂപ വരെയുണ്ടായിരുന്ന ഉള്ളിയുടെ വില 17 രൂപയായി കുറഞ്ഞു. വെളുത്തുള്ളിക്കു കിലോഗ്രാമിന് 400 രൂപ വരെ ഉണ്ടായിരുന്നത് 60 രൂപയായി കുറഞ്ഞു. 250 രൂപയുണ്ടായിരുന്ന മുളകിന് 150 രൂപയായി. പഞ്ചസാരയ്ക്ക് 43 രൂപയാണു വില. വെല്ലം 7 രൂപ കൂടി 57 രൂപയായി. ബിരിയാണി അരി 85 രൂപയായിരുന്നത് 100 രൂപയായി ഉയർന്നു. വെളിച്ചെണ്ണ വില 280 രൂപയായി.
പച്ചക്കറി വിപണിയിൽ കേമൻ നാടൻ തന്നെ
നാടൻ ഉൽപാദനം കൂടിയതിനാൽ പച്ചക്കറി വിപണിയിൽ അവയ്ക്കു നിലവിലുള്ള വില തുടരുകയാണ്. കർണാടകയിൽനിന്ന് ഇതിലും വിലക്കുറവിൽ സാധനങ്ങൾ എത്തുന്നുണ്ട്. വെള്ളരി, കുമ്പളം, കോവയ്ക്ക തുടങ്ങിയവയ്ക്കാണു വില കൂടാതെ നിൽക്കുന്നത്. 200 രൂപയായിരുന്ന മുരിങ്ങയ്ക്കയുടെ വില പകുതിയായി. എന്നാൽ കർണാടകയെ ആശ്രയിക്കേണ്ടി വരുന്ന പാവയ്ക്ക വിലവർധനയിൽ താരമാണ്. 40 രൂപയാണു കൂടിയത്. 50 രൂപയുണ്ടായിരുന്ന പയറിന് 80 രൂപയായി. ചേന 10 രൂപ കൂടി 80ൽ എത്തി. തക്കാളി 20 രൂപ ഉണ്ടായിരുന്നത് 30 രൂപയായി. കദളിപ്പഴത്തിന് 20 രൂപ വരെ വർധിച്ചപ്പോൾ നേന്ത്രപ്പഴത്തിന് 25 രൂപ കൂടി. യഥാക്രമം 80 രൂപയും 75 രൂപയുമാണു വില.
തിരക്കിനു കുറവില്ലാതെ സപ്ലൈകോ
വിഷു, ഈസ്റ്റർ വിപണികളിൽ സപ്ലൈകോയിലും തിരക്കേറുന്നു. മല്ലിയും മട്ട അരിയുമൊഴികെ 11 ഇനങ്ങളുണ്ട് വിപണിയിൽ. ജയ അരി നാളെയെത്തും. ജില്ലയിൽ ഇന്നും കട തുറന്നു പ്രവർത്തിക്കും.
ഇനം സബ്സിഡി വില പൊതുവിപണി വില
അരി കുറുവ 33.00 46.33
പച്ചരി 29.00 42.21
ചെറുപയർ 90.00 126.50
ഉഴുന്ന് 90.00 132.14
വൻകടല 65.00 110.29
വൻപയർ 75.00 109.64
തുവര പരിപ്പ് 105 139.50
മുളക്
500 ഗ്രാം 57.75 92.86
പഞ്ചസാര 34.65 45.64
വെളിച്ചെണ്ണ 240.45 289.77