കാർ ബൈക്കിലിടിച്ച് അപകടം; ബൈക്ക് യാത്രക്കാരൻ മരിച്ചു

Mail This Article
തൊണ്ടിയിൽ ∙ ഓട്ടോറിക്ഷയെ ഓവർടേക്ക് ചെയ്യുന്നതിനിടയിൽ കാർ ബൈക്കിലിടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ യുവാവ് മരിച്ചു. തെറ്റുവഴിക്ക് സമീപം ആനയാണ്ടകരിയിലെ വെമ്പള്ളിക്കുന്നേൽ ജോണിയുടെയും ബെറ്റിയുടെയും മകൻ മനു ജോസഫ് (22) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. തൊണ്ടിയിൽ തെറ്റുവഴി റോഡിൽ ജിമ്മി ജോർജ് നഗറിന് സമീപത്തെ വളവിൽ വച്ചായിരുന്നു അപകടം.
തൊണ്ടിയിൽ ഭാഗത്തുനിന്ന് വന്ന കാർ മുൻപിൽ ഉണ്ടായിരുന്ന ഓട്ടോറിക്ഷയെ മറികടക്കുമ്പോൾ എതിർദിശയിൽനിന്ന് വന്ന മനുവിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന് മുകളിലേക്ക് വീണ മനു തൽക്ഷണം മരിച്ചു. ഓട്ടോറിക്ഷയിലും കാറിടിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ മതിലിലിടിച്ചു ഡ്രൈവർ ബിജു കുന്നത്തിനും കാർ ഡ്രൈവർ കുര്യത്ത് ടോമിക്കും പരുക്കേറ്റു. എസ്കവേറ്റർ ഓപ്പറേറ്ററാണ് മനു. വിദേശത്ത് പോകുന്നതിനുള്ള തയാറെടുപ്പുകൾക്ക് ഇടയിലാണ് അപകടം. സഹോദരി: അനു. സംസ്കാരം ഇന്നു ഉച്ച കഴിഞ്ഞ് 3.30ന് പേരാവൂർ സെന്റ് ജോസഫ്സ് മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളിയിൽ.
അപകടങ്ങൾ പതിവായ റോഡിലെ വളവിലാണ് ഇന്നലെയും ഒരു യുവാവിന് ജീവൻ നഷ്ടപ്പെട്ടത്. തൊണ്ടിയിൽ തെറ്റുവഴി റോഡിലെ വളവ് ഒഴിവാക്കണമെന്ന ആവശ്യത്തിന് ഒട്ടേറെ വർഷങ്ങളുടെ പഴക്കമുണ്ട്. രണ്ട് വർഷത്തിനിടയിൽ തന്നെ ഇവിടെ ഏഴിൽ അധികം വാഹനാപകടങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ് നാട്ടുകാർ പറയുന്നത്.
കഴിഞ്ഞ വർഷമാണ് ഈ റോഡ് മെക്കാഡം ചെയ്തത്. അതിനു ശേഷം അപകടം വർധിച്ചതായും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഈ റോഡിലൂടെ ആകെ ഒരു ബസ് സർവീസ് മാത്രമാണ് ഉള്ളത്. പേരാവൂർ തലശ്ശേരി റോഡിനെയും തൊണ്ടിയിൽ, പേരാവൂർ, കൊട്ടിയൂർ റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണിത്.