കോൺഗ്രസ് പ്രവർത്തകന്റെ വീട്ടുമതിലും കൃഷിയും നശിപ്പിച്ചു; 10 സിപിഎം പ്രവർത്തകർക്കെതിരെ കേസ്

Mail This Article
കാഞ്ഞങ്ങാട്∙ കോൺഗ്രസ് പ്രവർത്തകന്റെ വീട്ടുമതിലും കൃഷിയും സിപിഎം പ്രവർത്തകർ നശിപ്പിച്ചു. സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം 10 സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു. ആവിക്കര യുവധാര ക്ലബ്ബിന് സമീപത്തെ റിട്ട. എഡിഎം ടി.കുഞ്ഞിക്കണ്ണന്റെ മകൻ ‘ശിവം’ ഹൗസിലെ എ.ജയരാജന്റെ വീട്ടുമതിലും കൃഷിയുമാണ് നശിപ്പിച്ചത്. വിഷുത്തലേന്ന് രാത്രിയാണ് സംഭവം. വീടിന്റെ കിഴക്ക്, വടക്ക് ഭാഗത്തെ മതിലാണ് തകർത്തത്. വീട്ടുവളപ്പിൽ നട്ടുവളർത്തിയ കമുക് പൂർണമായും വെട്ടിമാറ്റി. തെങ്ങിന്റെ ഓലകൾ കൊത്തിക്കളഞ്ഞു. വയലിനോട് ചേർന്നു മികച്ച വിളവു ലഭിച്ചിരുന്ന 2 തെങ്ങുകളുടെ അടിഭാഗം പാതി മുറിച്ച നിലയിലാണ്. കാറ്റു വന്നാൽ നിലംപതിക്കുന്ന അവസ്ഥയിലാണ് തെങ്ങുകളെന്ന് ജയരാജൻ പറഞ്ഞു. വയലിൽ കൃഷി ചെയ്ത പച്ചക്കറികളും നശിപ്പിച്ചു. കുട്ടികൾ ഫുട്ബോൾ കളിക്കുന്നതിനിടെ തന്റെ കൃഷിയിടത്തിലേക്ക് പന്ത് വീഴുന്നത് പതിവായിരുന്നു.

വീട്ടുമുറ്റത്തെയും വയലിലെയും കൃഷി നശിക്കുന്നതിനാൽ കുട്ടികളോട് മാറി കളിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് സിപിഎം പ്രവർത്തകർ വീട്ടുമതിലും കൃഷിയും നശിപ്പിച്ചതെന്ന് ജയരാജൻ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പ്രവാസിയായിരുന്ന ജയരാജൻ വിദേശത്ത് വച്ച് സ്ട്രോക്ക് വന്നതിനെ തുടർന്നാണ് നാട്ടിലെത്തിയത്. രോഗത്തെ അതിജീവിച്ച് വരുന്നതിനിടെയാണ് നാട്ടുകാരായ സിപിഎം പ്രവർത്തകർ തന്നോട് ക്രൂരത കാട്ടിയതെന്ന് ഇദ്ദേഹം പറയുന്നു. വൈദ്യുതിബന്ധം വിഛേദിച്ച ശേഷമാണ് അതിക്രമം നടത്തിയത്. നേരത്തെ സിപിഎം അനുഭാവിയായിരുന്ന ജയരാജൻ സമീപ കാലത്താണ് കോൺഗ്രസിലെത്തിയത്.
സംഭവത്തിൽ കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ ലക്ഷ്മിയുടെ മകനും ബ്രാഞ്ച് സെക്രട്ടറിയുമായ പ്രിയേഷ്, അജീഷ്, അനീഷ്, റഫീഖ് തുടങ്ങി കണ്ടാലറിയാവുന്ന പത്ത് പേർക്കെതിരെയാണ് ഹൊസ്ദുർഗ് പൊലീസ് കേസെടുത്തത്. സംഭവത്തിൽ രണ്ടു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ജയരാജ് പറയുന്നു. സംഭവത്തിൽ ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ പ്രതിഷേധിച്ചു. സംഭവസ്ഥലം അദ്ദേഹം സന്ദർശിച്ചു. മണ്ഡലം പ്രസിഡന്റ് കെ.പി.ബാലകൃഷ്ണൻ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് വിനോദ് ആവിക്കര, രേഷ്മ, ഷാജിമോൻ എന്നിവരും കൂടെയുണ്ടായിരുന്നു.