രമിതയുടെ ജീവനെടുക്കാൻ മാത്രം പക രാമാമൃതത്തിന് ഉണ്ടായിരുന്നോ? സംഭവത്തിന്റെ ഞെട്ടൽ മാറാതെ നാട്ടുകാർ

Mail This Article
മുന്നാട്∙ ഒരേ കെട്ടിടത്തിൽ കട നടത്തിയിരുന്ന രമിതയുടെ ജീവനെടുക്കാൻ മാത്രം പക രാമാമൃതത്തിന് ഉണ്ടാവുമെന്ന് നാട്ടുകാർ പോലും കരുതിയില്ല. സംഭവത്തിന്റെ ഞെട്ടൽ ഇനിയും മാറിയിട്ടില്ല. തെക്കിൽ അലട്ടി റോഡിൽ മുന്നാട് മണ്ണെടുക്കത്തെ വലിയ തിരക്കുകൾ ഇല്ലാത്ത സ്ഥലത്താണ് രമിത പലചരക്ക് കട നടത്തുന്നത്. ഉച്ചനേരത്ത് എന്നും ആൾക്കാർ പൊതുവേ കുറവാണ്. പ്രതികാരം തീർക്കാൻ രാമാമൃതം വന്നതും ഈ സമയത്താണ്. ഉച്ചയ്ക്ക് 3ന് കടയിലെത്തിയപ്പോൾ ആരും ഉണ്ടായിരുന്നില്ല. കയ്യിൽ കരുതിയ തിന്നർ ഒഴിച്ച് തീപ്പന്തം രമിതയുടെ ദേഹത്തേക്ക് എറിഞ്ഞ് പ്രതി അവിടുന്ന് പോകുമ്പോഴേക്കും തീ ആളിപ്പടർന്നു.
തൊട്ടടുത്ത റോഡിലൂടെ സാധനം വാങ്ങാൻ കടയിലേക്ക് വരുകയായിരുന്ന സജിത പുരുഷോത്തമൻ അലറിവിളിച്ചതോടെ ആളുകൾ ഓടിയെത്തി. പിന്നീട് തെക്കിൽ അലട്ടി റോഡിൽ സർവീസ് നടത്തിയിരുന്ന ശ്രീകൃഷ്ണ ബസിലെ ജീവനക്കാരും പ്രദേശവാസികളും ചേർന്ന് തീ അണയ്ക്കുകയായിരുന്നു. ബസിൽ ഉണ്ടായിരുന്ന താലൂക്ക് ആശുപത്രിയിലെ ജീവനക്കാരായ നഴ്സുമാരും നാട്ടുകാരും ചേർന്ന് ആദ്യം ബേഡഡുക്ക താലൂക്ക് ആശുപത്രിയിലും പിന്നീട് മംഗളൂരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മദ്യപിച്ചിരുന്ന പ്രതി ബസിൽ കയറിയപ്പോൾ ബസ് ജീവനക്കാർ ബസിന്റെ വാതിൽ അടയ്ക്കുകയും ഒരു കിലോമീറ്റർ അപ്പുറമുള്ള ബേഡകം പൊലീസ് സ്റ്റേഷനിൽ ബസ് നിർത്തി പ്രതി രാമാമൃതത്തെ പൊലീസിനു കൈമാറുകയുമായിരുന്നു. കച്ചവടം നടത്തിയിരുന്ന വാടകക്കെട്ടിടത്തിൽ നിന്ന് ഒഴിവാക്കാനിടയായത് രമിതയുടെ ഇടപെടൽ കാരണമാണെന്ന ഒറ്റ ചിന്തയിലൂടെ രാമാമൃതത്തിന് ഉടലെടുത്ത പക കാരണം ഈ 27കാരിക്ക് നഷ്ടമായത് ഭർത്താവിനും മകനും ഒപ്പമുള്ള ജീവിതമാണ്. എന്നും മദ്യപിച്ചു ശല്യപ്പെടുത്തുമ്പോഴും ഇങ്ങനെ ഒരു പ്രതികാരദാഹം രാമാമൃതത്തിന് ഉണ്ടാകുമെന്ന് ആർക്കും തോന്നിയില്ല.
രാമാമൃതം മുന്നാട് എത്തിയത് 17 വർഷം മുൻപ്
25 വർഷം മുൻപാണ് രാമാമൃതം തമിഴ്നാട്ടിൽ നിന്ന് ജില്ലയിലെത്തുന്നത്. കുടുംബ സമേതം മലയോര ഗ്രാമമായ കുറ്റിക്കോലിലേക്ക് താമസത്തിനെത്തിയത് 17 വർഷം മുൻപും. ആശാരിപ്പണിയെടുത്താണ് കുടുംബം പോറ്റിയിരുന്നത്. കുറ്റിക്കോലിലെ വാടകവീട്ടിൽ രാമാമൃതത്തിന്റെ ഭാര്യ 15 വർഷം മുൻപ് ആത്മഹത്യ ചെയ്തിരുന്നു. ഈ സംഭവത്തിലും ദുരൂഹത ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞിരുന്നു. തെളിവുകൾ അനുകൂലമായതോടെ കേസ് ഒന്നും ഉണ്ടായിരുന്നില്ല. തുടർന്ന് മക്കളെ കല്യാണം കഴിപ്പിച്ചു വിടുകയും ചെയ്തു. ഏതാനും വർഷം മുൻപാണ്.
പള്ളത്തിങ്കാൽ പെട്രോൾ പമ്പിന് സമീപമുള്ള വാടക മുറി എടുക്കുന്നത്. എന്നാൽ സ്വഭാവദൂഷ്യം കാരണം കെട്ടിട ഉടമ കടയിൽ നിന്ന് ഒഴിവാക്കിയിരുന്നു. അതിനു ശേഷമാണ് മുന്നാട് മണ്ണെടുക്കത്ത് കട വാടകയ്ക്ക് എടുത്തത്. മദ്യം വിളമ്പിയും വിരുന്നൊരുക്കിയും രാമാമൃതം പ്രദേശത്ത് സുഹൃത്തുക്കളെ സമ്പാദിക്കുകയും ചെയ്തു. സിപിഐയുമായി സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്തിരുന്നതായി നാട്ടുകാർ പറയുന്നു. വീടു പണിയാൻ 5 സെന്റ് സ്ഥലം സർക്കാർ തലത്തിൽ അനുവദിച്ചു കിട്ടുകയും ചെയ്തു.

രമിത കച്ചവടം നടത്തിയിരുന്ന കടയ്ക്ക് സമീപം ഐശ്വര്യ ഫർണിച്ചർ എന്ന പേരിൽ കട ആരംഭിക്കുകയും രമിതയുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. ആദ്യകാലങ്ങളിൽ രാമാമൃതവും രമിതയും നല്ല രീതിയിലുള്ള സൗഹൃദം ഉണ്ടായെങ്കിലും പിന്നീട് വൈകുന്നേരങ്ങളിൽ മദ്യപിച്ചെത്തി കടയുടെ വരാന്തയിൽ ഇരിക്കുന്നതു പതിവായതോടെ രമിത ഇതിനെ ചോദ്യം ചെയ്തിരുന്നു. ഇതിനു ശേഷമാണ് അവരുടെ സുഹൃദ്ബന്ധം വഷളായത്. പല ചരക്ക് കടയിൽ വന്ന് മദ്യപിച്ച് അസഭ്യം പറയുന്നതു പതിവായപ്പോൾ രമിത ചോദ്യം ചെയ്യുകയും ബേഡകം പൊലീസിൽ പരാതി നൽകുകയും ചെയ്തു. അതിനു ശേഷം രാമാമൃതം രമിതയെ ഭീഷണിപ്പെടുത്തി. തുടർന്ന് പൊലീസ് ഇടപെട്ട് കെട്ടിട ഉടമ പാക്കം സ്വദേശി കരുണാകരനോട് കെട്ടിടത്തിൽ നിന്നും ഇയാളെ ഒഴിപ്പിക്കാൻ നിർദേശിച്ചതനുസരിച്ച് ഒഴിപ്പിക്കുകയും ചെയ്തു. തുടർന്ന് രാമാമൃതം ജോലി ആവശ്യത്തിന് വേറെ കട മുറി അന്വേഷിക്കാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. കടയിൽ ഉണ്ടായിരുന്ന പണി ഉപകരണങ്ങൾ തമിഴ്നാട്ടിലേക്ക് അയച്ച ഇയാൾ പ്രതികാര ബുദ്ധിയോടെ കൊലപാതകം ചെയ്യാൻ വീണ്ടും കടയിൽ എത്തുകയായിരുന്നു.
ആളിക്കത്തി, പ്രതികാരം
മുന്നാട് ∙ ജീവിതഭാരം ലഘൂകരിക്കാനും സ്വന്തം കാലിൽ നിൽക്കാനും വേണ്ടി സ്വയം സംരംഭകയായ രമിത പലർക്കും മാതൃകയായിരുന്നു. പ്രവാസിയായ ഭർത്താവ് നന്ദകുമാറിന് പിന്തുണയായാണ് 2 വർഷം മുൻപ് രമിത പലചരക്കു കട തുടങ്ങിയത്. സ്വന്തമായി പുതിയ വീട് എന്ന സ്വപ്നവും പലചരക്കു കട നടത്തിയതിനു പിന്നിലുണ്ടായിരുന്നു. വിവാഹശേഷം കുറ്റിക്കോലിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ രമിത ജോലി ചെയ്തു. കോവിഡിനു ശേഷമാണ് ഭർത്താവിനൊപ്പം പലചരക്കു കട തുടങ്ങിയത്. ഭർത്താവ് നന്ദകുമാർ തൊഴിൽ തേടി ദുബായിലേക്ക് പോയപ്പോൾ രമിത തനിച്ച് പലചരക്കു കടയുടെ ഉത്തരവാദിത്തം ഏറ്റെടുത്തു. നല്ല രീതിയിൽ കട പ്രവർത്തിച്ചു വരികയായിരുന്നു.അതിനിടെയാണ് നാടിനെ നടുക്കിയ കൊലപാതകം. സംഭവത്തെ തുടർന്ന് ഭർത്താവ് നാട്ടിലെത്തി.
പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം രമിതയുടെ മൃതദേഹം മുന്നാട് മണ്ണെടുക്കത്തെ ഭർത്താവിന്റെ വീട്ടിലും മുന്നാടിലെ പി.രാഘവൻ സ്മാരക ഹാളിലും പൊതുദർശനത്തിന് വച്ചു. സി.എച്ച്.കുഞ്ഞമ്പു എംഎൽഎ, കെ.കുഞ്ഞിരാമൻ, സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ, ഇ.പത്മാവതി, എം.അനന്തൻ, സി.ബാലൻ, ബേഡകം ഏരിയ സെക്രട്ടറി സി.രാമചന്ദ്രൻ, കെവിവിഇഎസ് കുറ്റിക്കോൽ യൂണിറ്റ് പ്രസിഡന്റ് കെ.വി.ദാമോദരൻ,വ്യാപാരി വ്യവസായി സമിതി കുറ്റിക്കോൽ യൂണിറ്റ് പ്രസിഡന്റ് കുഞ്ഞമ്പു കളക്കര, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു തുടങ്ങി പ്രദേശവാസികളും നാട്ടുകാരും ആദരാജ്ഞലികൾ അർപ്പിക്കാനെത്തി. ബേഡഡുക്ക ചീച്ചക്കയയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.