അപകടം ഒളിപ്പിച്ച് പാതയോരത്തെ കുഴി; ആശങ്കയിൽ മന്ദംപുറം നിവാസികൾ

Mail This Article
നീലേശ്വരം ∙ ദേശീയപാത സർവീസ് റോഡ് നിർമാണം പുരോഗമിക്കവേ റോഡരികിലെ അപകടക്കെണിയുടെ ആശങ്കയിൽ മന്ദംപുറം നിവാസികൾ. നീലേശ്വരം പൊലീസ് ക്വാർട്ടേഴ്‌സ് ഉൾപ്പെടെയുള്ള മന്ദംപുറം പ്രദേശത്തു നിന്നും ദേശീയപാത സർവീസ് റോഡിലേക്ക് കയറുമ്പോഴോ തിരിച്ച് ഇറങ്ങുമ്പോഴോ ശ്രദ്ധയൊന്നു പാളി കാലൊന്നു തെറ്റിയാൽ വീഴുന്നത് ഓവുചാലിനോടു ചേർന്നു റോഡ് നിർമാണത്തിനിടെ രൂപപ്പെട്ട കുഴിയിലെ കൂർത്ത കമ്പികളിലേക്കായിരിക്കാം.
രാത്രിയാണെങ്കിൽ ഇങ്ങനെയൊരു കുഴി ഉള്ളതു തന്നെ ആരുടെയും ശ്രദ്ധയിൽ പെടില്ല. ഇന്നലെ ഈ കുഴിയിൽ വീണു ഒരു യുവാവിന് പരുക്ക് പറ്റിയിരുന്നു. വലിയ അപകടം ഉണ്ടാവുന്നതിനു മുൻപ് കുഴി നികത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പല സ്ഥലങ്ങളിലും സർവീസ് റോഡുകൾ വലിയ ഉയരത്തിലായത് മറ്റു റോഡുകളിൽ നിന്നും സർവീസ് റോഡിലേക്ക് പ്രവേശിക്കുമ്പോൾ ബുദ്ധിമുട്ടുണ്ടാക്കുന്നതായി വ്യാപക പരാതിയുണ്ട്.