നേപ്പാളിൽ നിന്നുള്ള മരുമകൾ വക കേരളത്തിനൊരു മെഡൽ!

Mail This Article
നീലേശ്വരം ∙ ഹിമാചലിലെ ധർമശാലയിൽ നടന്ന ദേശീയ മാസ്റ്റേഴ്സ് ഗെയിംസ് മത്സരത്തിൽ കേരളത്തിനു വേണ്ടി ഇറങ്ങിയത് നീലേശ്വരത്തു നിന്നുള്ള നേപ്പാൾ സ്വദേശി സുനിതാ കാർക്കി.! നേപ്പാൾ സ്വദേശിയും നീലേശ്വരത്തിന്റെ മരുമകളുമായ സുനിത ബാബു എന്ന സുനിത കാർക്കി യോഗ മത്സരത്തിൽ 45 -50 വയസ്സ് കാറ്റഗറിയിൽ കേരളത്തിനു വേണ്ടി വെള്ളിമെഡലും 62 - 67 കിലോഗ്രാം പഞ്ചഗുസ്തിയിൽ വലതു കൈ, ഇടതു കൈ വിഭാഗങ്ങളിൽ ഇരട്ട സ്വർണ മെഡലും നേടിയാണ് നാട്ടിലേക്ക് തിരികെ വണ്ടി കയറിയത്. നേപ്പാളിലെ ജാപ്പാ ജില്ലയിൽ ബദ്രപുരിലെ ലക്ഷ്മി ബഹാദൂർ കാർക്കിയുടെയും ലീലാ മായാ കാർക്കിയുടെയും മകളാണ് സുനിത. 1997ലാണ് ജോലി ആവശ്യാർഥം നേപ്പാളിലെത്തിയ നീലേശ്വരം മൂലപ്പള്ളി സ്വദേശി നരേന്ദ്ര ബാബുവിനെ കണ്ടുമുട്ടുന്നത്.

ആ കണ്ടുമുട്ടൽ സുനിത കാർക്കിയെ സുനിത ബാബുവെന്ന നീലേശ്വരത്തിന്റെ മരുമകളാക്കി മാറ്റി. ഇതിനിടെ മലയാളവും പഠിച്ചു. 27 വർഷങ്ങൾക്കിപ്പുറം ഇപ്പോൾ സുനിതയുടെ സംസാരം കേട്ടാൽ ഒരു തനി കാസർകോടൻ മലയാളിയാണെന്നു മാത്രമേ തോന്നൂ. ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയുമാണ് ഈ ദമ്പതികൾക്കുള്ളത്. ഇത്രയും കാലം മക്കളുടെ പഠനവും വീട്ടുകാര്യങ്ങളുമൊക്കെയായി തിരക്കിലായിരുന്നു ഗൃഹനാഥയായ സുനിത. മകൾ നയന ബാബു പഠിത്തം കഴിഞ്ഞ് കാനഡയിൽ ജോലി ചെയ്യുകയാണ്. മകൻ നിരഞ്ജൻ ബാബു പഠനാവശ്യാർഥം ബെംഗളൂരുവിൽ ആയതിനാൽ അമ്മയെന്ന നിലയിൽ കുട്ടികളുടെ ഉത്തരവാദിത്തമൊക്കെ കുറഞ്ഞു.
അപ്പോഴാണ് പള്ളിക്കരയിലെ യോഗ ഗുരു രാഘവന്റെ ശിക്ഷണത്തിൽ സുഹൃത്തുക്കളോടൊപ്പം യോഗ പരിശീലനം ആരംഭിക്കുന്നത്. പല സുഹൃത്തുക്കളും ഇടയ്ക്കു വച്ച് പഠനം നിർത്തിയപ്പോഴും സുനിത യോഗ പഠനം തുടർന്നു. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ യോഗയിൽ മികവു കാട്ടിത്തുടങ്ങിയ സുനിതയെ പ്രത്യേക പരിശീലനം നൽകി രാഘവൻ മത്സരങ്ങൾക്കു വേണ്ടി ഒരുക്കി. അതിനിടയിൽ യോഗ ഡിപ്ലോമയും ബിരുദവും നേടി. സംസ്ഥാന മത്സരങ്ങളിലടക്കം പല യോഗ മത്സരങ്ങളിലും സുനിത സ്വർണ മെഡൽ നേടി. ഒടുവിൽ ഹിമാചൽപ്രദേശിലെ ധർമശാലയിൽ നടന്ന ദേശീയ മാസ്റ്റേഴ്സ് ഗെയിംസിനും യോഗ്യത നേടി. നീലേശ്വരം ഫിറ്റ്നസ് വേൾഡിലെ പ്രദീപ് ആണ് പഞ്ചഗുസ്തിയിൽ സുനിതയുടെ പരിശീലകൻ.
ചിട്ടയായ പരിശീലനം വഴി നീലേശ്വരത്തേക്ക് ഇനിയും മെഡലുകൾ എത്തിക്കാൻ പറ്റും എന്ന ആത്മവിശ്വാസമുണ്ടെന്ന് തനി നാടൻ മലയാളത്തിൽ നീലേശ്വരം തട്ടാച്ചേരിയിലെ വീട്ടിൽ ഭർത്താവ് നരേന്ദ്ര ബാബുവിനോടൊപ്പമിരുന്നു സുനിത പറയുമ്പോൾ നേപ്പാളിൽ ജനിച്ചുവളർന്ന ഒരാളാണ് മുൻപിലിരിക്കുന്നത് എന്ന് ഒരിക്കൽ പോലും തോന്നില്ല. വാക്കിലും നോക്കിലും തനി നീലേശ്വരംകാരിയാണിപ്പോൾ സുനിത. നാടിനു വേണ്ടി ഇനിയും നേട്ടങ്ങൾ കൊയ്യണമെന്ന ദൃഢനിശ്ചയം സുനിതയുടെ വാക്കുകളിൽ കാണാം. ബഹറൈനിൽ നടക്കുന്ന രാജ്യാന്തര മാസ്റ്റേഴ്സ് ഗെയിംസിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ് 47കാരിയായ സുനിത ഇപ്പോൾ. ജൂണിൽ തായ്‌ലൻഡിൽ നടക്കുന്ന ഏഷ്യൻ യോഗ ചാംപ്യൻഷിപ്പിലും സുനിത പങ്കെടുക്കുന്നുണ്ട്.