ബുധനാഴ്ച മുതൽ മഴ ശക്തമായേക്കും; 15.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം

Mail This Article
കാസർകോട് ∙ ഒരിടവേളയ്ക്കു ശേഷം കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ മുതൽ മഴ ശക്തമായേക്കും. നാളെ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 12നു രണ്ടു ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം. എന്നാൽ ഒറ്റപ്പെട്ട ഇടങ്ങളിലാവും കനത്ത മഴ. 75 ശതമാനം വരെ സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. എന്നാൽ, 13ന് കണ്ണൂരും കാസർകോട്ടും ഓറഞ്ച് അലർട്ടാണ് മുന്നറിയിപ്പ്. 204.4 മില്ലിമീറ്റർ വരെ മഴ പെയ്യാം. ജില്ലയുടെ 25 ശതമാനം പ്രദേശങ്ങളിൽ കനത്ത മഴ കിട്ടും. വടക്കു പടിഞ്ഞാറൻ പസഫിക് സമുദ്രത്തിലും ബംഗാൾ ഉൾക്കടലിലും കാറ്റ് സജീവമാകുന്നുണ്ട്. തുടങ്ങിയാൽ 7–8 ദിവസങ്ങൾ വരെ നല്ല മഴ കിട്ടുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ നിഗമനം.
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടില്ലെന്ന് അധികൃതർ അറിയിച്ചു. ജലാശയങ്ങൾക്ക് മുകളിലെ മേൽപാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടംകൂടി നിൽക്കുകയോ ചെയ്യരുത്.
മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണം. മഴ മുന്നറിയിപ്പ് മാറുന്നത് വരെ വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകൾ പാടില്ല. ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റപ്പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പുലർത്താൻ നിർദേശം നൽകിയിട്ടുണ്ട്.