‘ലാൻഡിങ്ങിനായി വിമാനം താഴ്ന്നു തുടങ്ങി അൽപം കഴിഞ്ഞപ്പോൾ...’: 15 വർഷം പിന്നിട്ടിട്ടും കെടാതെ ഓർമകൾ, കൃഷ്ണൻ പറയുന്നു...

Mail This Article
മംഗളൂരു ∙ രാജ്യത്തെയാകെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്ത വാർത്തകൾ വരുമ്പോൾ ഉത്തരമലബാറിന്റെ ഓർമകളിലേക്ക് എത്തുന്നത് കാസർകോടിനെയും ദക്ഷിണ കന്നഡയെയും കണ്ണീരിലാഴ്ത്തിയ മറ്റൊരു വിമാന ദുരന്തത്തിന്റെ ഓർമകളാണ്. മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിന്റെ റൺവേയിൽനിന്ന് തെന്നിമാറി മലയിടുക്കുകളിലേക്കു പതിച്ച് തീഗോളമായി എരിയുന്ന മംഗളൂരു വിമാന ദുരന്തം. ഇന്ത്യയിലെതന്നെ മൂന്നാമത്തെ വലിയ വിമാന ദുരന്തമായിരുന്നു 2010 മേയ് 22ന് മംഗളൂരുവിൽ ഉണ്ടായത്. ലക്ഷ്യം പിഴച്ചു പറന്നിറങ്ങിയ വിമാനം ചാരമാക്കിയത് 158 ജീവനുകളായിരുന്നു. ഇതിൽ 61 മലയാളികളും.

അപകടത്തിൽനിന്ന് 8 പേർ അദ്ഭുതകരമായി രക്ഷപ്പെട്ടു. 2010 മേയ് 22നു രാവിലെ 6.07നായിരുന്നു അപകടം. ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയുടെ നടുവിലായി നിലംതൊട്ടതിനാൽ റൺവേ തീരും മുൻപേ വേഗം കുറയ്ക്കാനാകാതെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. അതോടെ റൺവേയുടെ അറ്റത്തെ സിഗ്നൽ തൂണിൽ ഇടിച്ച് ചിറകൊടിഞ്ഞ് കൊക്കയിലേക്കു വീണ് കത്തിയമർന്നു. തങ്ങളുടെ ഉറ്റവരെ തിരിച്ചറിയാൻപോലും കഴിയാതെ വിമാനത്താവളത്തിന്റെ പരിസരത്തും വെൻലോക്ക് ആശുപത്രിക്കു മുന്നിലും ബന്ധുക്കൾ കണ്ണീർ വാർത്തു. 19 കുട്ടികളും 4 കൈക്കുഞ്ഞുങ്ങുളും വിമാനത്തിലുണ്ടായിരുന്നു.
അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ ഉൾപ്പെടെ കേരളത്തിൽനിന്ന് മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും മംഗളൂരുവിലെത്തി.മംഗളൂരു വിമാന ദുരന്തത്തിന് 15 വർഷം പിന്നിട്ടു. തിരിച്ചറിയാത്ത 12 മൃതദേഹങ്ങൾ സംസ്‌കരിച്ച കൂളൂർ ഗുരുപുര നദിക്കരയിലെ സ്ഥലം ആരും തിരിഞ്ഞുനോക്കാതെ അനാഥമായി കിടക്കുകയാണ്. കെഞ്ചാറിലെ ദുരന്തഭൂമിയിൽ സ്തൂപം സ്ഥാപിച്ച് ഒന്നാം വാർഷികത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തിയെങ്കിലും ദിവസങ്ങൾക്കകം സ്തൂപം ആരോ തകർത്തിരുന്നു.
തുടരുന്ന നിയമപോരാട്ടം
ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 72 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല. മോൺട്രിയൽ കൺവൻഷൻ ഉടമ്പടി പ്രകാരമുള്ള ന്യായമായ നഷ്ടപരിഹാരത്തിനായി മംഗളൂരു എയർ ക്രാഷ് വിക്ടിംസ് ഫാമിലി അസോസിയേഷൻ 15 വർഷമായി നിയമ പോരാട്ടം നടത്തുന്നു. എല്ലാം നൽകുമെന്നു കേന്ദ്രം പ്രഖ്യാപിച്ചിരുന്നെങ്കിലും എയർ ഇന്ത്യ നിയോഗിച്ച ഏജൻസി നിശ്ചയിച്ച നാമമാത്ര തുകയാണ് ഇൻഷുറൻസ് കമ്പനി നൽകിയത്. ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് 75 ലക്ഷം രൂപയെങ്കിലും ഇടക്കാല നഷ്ടപരിഹാരമായി നൽകണമെന്ന് കേരള ഹൈക്കോടതി 2011 ജൂലൈ 20ന് വിധി പുറപ്പെടുവിച്ചിരുന്നു.

ജീവിതത്തിലേക്കുള്ള വാതിലായി ആ വിടവ്
കാസർകോട് ∙ വിമാനം തകർന്നു വീഴുകയാണെന്ന് അറിയുന്ന നിമിഷം യാത്രക്കാരന്റെ ചിന്തകളിൽ എന്തൊക്കെയാകും? 2010 മേയ് 22ന് ദുബായിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് 812 വിമാനം രാവിലെ 6.30ന് മംഗളൂരു ബജ്‌പെ വിമാനത്താവളത്തിനു സമീപം തകർന്നു വീണപ്പോൾ അതിലുണ്ടായിരുന്ന ഉദുമ മാങ്ങാട്ടെ കൂളിക്കുന്ന് കൃഷ്‌ണൻ (62) ഇപ്പോൾ കൂളിക്കുന്നിൽ പലചരക്കു കട നടത്തുകയാണ്. 166 പേരുണ്ടായിരുന്ന വിമാനത്തിൽനിന്നു രക്ഷപ്പെട്ടത് 8 പേർ മാത്രം. അതിൽപെട്ട രണ്ട് മലയാളികളിൽ ഒരാളാണ് കൃഷ്ണൻ. അപകടം നടക്കുമ്പോൾ വയസ്സ് 47.
അഹമ്മദാബാദ് വിമാനദുരന്തത്തിൽ രാജ്യം നടുങ്ങി നിൽക്കുമ്പോൾ 15 വർഷം മുൻപ് നടന്ന വിമാനദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടതിന്റെ ഓർമകളിലാണു കൃഷ്ണൻ. ‘ജീവിതം കൈവിട്ടുപോയി എന്ന് ആ നിമിഷത്തിൽ ഉറപ്പിച്ചു. ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും മുഖമാണ് ആദ്യം മനസ്സിലെത്തിയത്.’ കൃഷ്ണൻ ഓർത്തു. ‘ലാൻഡിങ്ങിനായി വിമാനം താഴ്ന്നു തുടങ്ങി അൽപം കഴിഞ്ഞപ്പോൾതന്നെ എന്തോ അസ്വാഭാവികതയുണ്ടെന്ന് തോന്നി. പക്ഷേ അപായസൂചനാ മുന്നറിയിപ്പൊന്നും ലഭിച്ചിരുന്നില്ല. പെട്ടെന്ന് ലാൻഡിങ്ങിന്റെ വേഗം കൂടി. എവിടെയോ ഇടിച്ചതുപോലെ തോന്നി. പിന്നീട് പാറപ്പുറത്തു കൂടി പോകുന്നതുപോലെ ഉരയുന്ന ശബ്ദം കേട്ടു. കൂടുതൽ ആലോചിക്കുമ്പോഴേക്കും വിമാനം ഇടിച്ചു തകർന്ന് ഉള്ളിൽ പുക നിറഞ്ഞിരുന്നു.
മുകളിലേക്ക് നോക്കിയപ്പോൾ തകർന്ന വിമാനത്തിന്റെ ഒരു ഭാഗത്ത് അൽപം വിടവു കണ്ടു. സീറ്റ് ബെൽറ്റ് അഴിച്ചുമാറ്റി ആ വിടവിലൂടെ പുറത്തിറങ്ങി. ചെങ്കുത്തായ കുന്നാണ് മുന്നിൽ കണ്ടത്. ചുറ്റും കാട്. ചെറിയ ചാറ്റൽ മഴയുമുണ്ടായിരുന്നു. തന്നെപ്പോലെ രക്ഷപ്പെട്ട, കണ്ണൂർ കമ്പിലെ കെ.പി മായിൻകുട്ടിയും മംഗളൂരു സ്വദേശി പ്രദീപും കൂടെയുണ്ട്. കുന്നിലൂടെ നിരങ്ങിയും ഉരുണ്ടും താഴെയെത്തി നടന്നപ്പോൾ ചില ആളുകളെ കണ്ടു. വിവരം പറഞ്ഞപ്പോൾ അവർക്ക് ഒന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല. ഒരാൾ കാറിൽ ആശുപത്രിയിലെത്തിച്ചു.
ആശുപത്രിയിലെ ടിവിയിൽ നിന്നാണ് അപകടത്തിന്റെ തീവ്രത മനസ്സിലായത്. 3 ദിവസത്തിനു ശേഷം ആശുപത്രി വിട്ടു. സംഭവശേഷം ഏറെനാൾ ബസിൽ പോലും കയറാൻ ഭയമായിരുന്നു. രണ്ടു വർഷം കഴിഞ്ഞ് ഖത്തറിലുള്ള സഹോദരനെ സന്ദർശിച്ചതാണ് പിന്നീട് നടത്തിയ വിമാനയാത്ര.’ എയർ ഇന്ത്യയിൽ നിന്ന് ചെറിയൊരു തുക നഷ്ടപരിഹാരം കിട്ടിയതല്ലാതെ മറ്റു സഹായമൊന്നും ലഭിച്ചില്ലെന്നും കൃഷ്ണൻ പറഞ്ഞു.

22 എഫ്: ആ ഇരിപ്പിടം രക്ഷയായി
കമ്പിൽ ∙ 2010ലെ വിമാനദുരന്തത്തിൽനിന്ന് രക്ഷപ്പെട്ട 2 മലയാളികളിലൊരാളായ നാറാത്ത് ടിസി ഗേറ്റ് ജുമാനാസിൽ കെ.പി.മായിൻകുട്ടി. ദുബായിൽ ബിസിനസുകാരനായിരുന്നു അദ്ദേഹം.‘സൈഡിലുള്ള 22 എഫ് സീറ്റിലാണ് അന്ന് യാത്ര ചെയ്തിരുന്നത്. രക്ഷപ്പെട്ട എല്ലാവരും ആ ഭാഗത്തു യാത്ര ചെയ്തിരുന്നവരാണ്. സൈഡ് സീറ്റായതിനാൽ വിമാനം കൊക്കയിലേക്ക് തെന്നിവീഴുന്നതും കത്തുന്നതുമെല്ലാം ഭീതിയോടെ കണ്ടു. വലിയൊരു തീഗോളം ഞങ്ങളുടെ മുന്നിലേക്ക് വരികയായിരുന്നു. അതോടെ പുറത്ത് ചെറിയൊരു വെളിച്ചം കണ്ട ഭാഗത്തേക്ക് വിമാനത്തിൽ നിന്നു പുറത്തേക്കു ചാടി. പിന്നാലെ രക്ഷപ്പെട്ട ഏഴുപേരും ചാടി. കൊടുംകാടിനുള്ളിൽ ചാടിയത് മൂലം പരുക്കേറ്റിരുന്നു’ മായിൻകുട്ടി പറഞ്ഞു. ഭാര്യ: പി.പി.ബിഫാത്തു. മക്കൾ: മുനവിർ, ജുമാന.