മഴ കുറഞ്ഞു; തെളിയാതെ മാനം; കേരളത്തിൽ കൂടുതൽ മഴ ലഭിച്ചത് കാസർകോട്ട്

Mail This Article
കാസർകോട് ∙ കനത്ത മഴയ്ക്കു കുറവു വന്നെങ്കിലും മാനം വെളുക്കാതെ ജില്ല. മുൻ ദിവസങ്ങളെ അപേക്ഷിച്ച് അറബിക്കടലിൽ കാലവർഷക്കാറ്റിന്റെ ശക്തി കുറയുന്നുണ്ട്. ഇനിയുള്ള 3-4 ദിവസം കാലവർഷ മഴ ഇടവേളകളോടെ തുടരുമെന്നാണ് സൂചന. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ചു മഴയുടെ തീവ്രത കുറയും. വടക്കൻ ജില്ലകളിൽ പ്രത്യേകിച്ചു കാസർകോട് കണ്ണൂർ ജില്ലകളിൽ മഴ സാധ്യത കൂടുതലുണ്ട്.അതേസമയം, കാലവർഷം ആരംഭിച്ചതു മുതൽ ഇന്നലെ വരെയുള്ള മഴക്കണക്കെടുത്താൽ കേരളത്തിൽ കൂടുതൽ മഴ ലഭിച്ചത് കാസർകോട്ടാണ്. കണ്ണൂരിനാണ് രണ്ടാം സ്ഥാനം. കാസർകോട്ട് 1492.9 മില്ലിമീറ്റർ മഴയാണ് മേയ് 24 മുതൽ ഇന്നലെ വരെ ലഭിച്ചത്. കണ്ണൂരിൽ 1363.1 മില്ലിമീറ്റർ മഴ പെയ്തു.
ജില്ലയിൽ 6 ദുരിതാശ്വാസ ക്യാംപുകൾ
കാസർകോട് ∙ ജില്ലയിൽ പ്രവർത്തിക്കുന്നത് 6 ദുരിതാശ്വാസ ക്യാംപുകൾ. എസ്എൻ പോളിടെക്നികിൽ ആരംഭിച്ച ക്യാംപിൽ അഞ്ച് കുടുംബങ്ങളിൽ നിന്ന് നാല് പുരുഷൻമാരും ഏഴ് സ്ത്രീകളും മൂന്ന് കുട്ടികളുമായി 14 പേരുണ്ട്. ഹൊസ്ദുർഗ് കടപ്പുറം ജിഎഫ് എൽപി സ്‌കൂളിൽ ആരംഭിച്ച ക്യാംപിൽ മൂന്ന് കുടുംബങ്ങളിൽ നിന്നായി മൂന്ന് പുരുഷൻമാരും നാല് സ്ത്രീകളുമായി ഏഴ് പേരാണ് ഉള്ളത്.ജിഎഫ് വിഎച്ച്എസ്എസ് ചെറുവത്തൂരിൽ ആരംഭിച്ച ക്യാംപിൽ 17 പുരുഷൻമാരും 20 സ്ത്രീകളും നാല് കുട്ടികളുമായി 41 പേരുണ്ട്. പടന്ന ജിയുപിഎസിൽ ആരംഭിച്ച ക്യാംപിൽ ആറ് പുരുഷൻമാരും 12 സ്ത്രീകളും മൂന്ന് കുട്ടികളുമായി 21 പേരാണുള്ളത്. കാഞ്ഞങ്ങാട് വില്ലേജിൽ പുഞ്ചാവി ജിഎൽപിഎസിൽ ആരംഭിച്ച ക്യാംപിൽ 12 പുരുഷൻമാരും 17 സ്ത്രീകളുമായി 29 പേരുണ്ട്. സെന്റ് മേരീസ് സ്‌കൂളിൽ ആരംഭിച്ച ക്യാംപിൽ രണ്ട് സ്ത്രീകളുമുണ്ട്.
കണക്കില്ലാതെ കാലവർഷക്കെടുതി
കാലവർഷക്കെടുതിയിൽ മഞ്ചേശ്വരം താലൂക്കിൽ ജൂൺ രണ്ടാം വാരം മുതൽ ഇന്നലെ വരെ 29 വീടുകൾ ഭാഗികമായും മൂന്ന് വീടുകൾ പൂർണമായും തകർന്നു.13 ഇടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. 50 ഇടങ്ങളിൽ വെള്ളം കയറി. ആറ് കിണറുകൾ ഇടിഞ്ഞു.പതിനൊന്ന് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി പാർപ്പിച്ചു. കാസർകോട് താലൂക്കിൽ ഇതുവരെ 8 വീടുകൾ ഭാഗികമായി തകർന്നു. 21 വീടുകളിൽ വെള്ളം കയറി. നാല് കിണറുകൾ ഇടിഞ്ഞു.ഹൊസ്ദുർഗ് താലൂക്കിൽ ഇതുവരെ 38 വീടുകൾ ഭാഗികമായി തകർന്നു. വെള്ളരിക്കുണ്ട് താലൂക്കിൽ ഇതുവരെ രണ്ട് വീടുകൾ ഭാഗികമായി തകർന്നു. മൂന്നിടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായി.
മൂന്ന് ക്യാംപുകൾ പിരിച്ചുവിട്ടു
വെള്ളരിക്കുണ്ട് താലൂക്കിലെ മാലോത്ത് വില്ലേജിൽ പറമ്പ ജിഎൽപിഎസ്, വെസ്റ്റ് എളേരി വില്ലേജിലെ കോട്ടമല എംജി.എം യുപിഎസ് എന്നിവിടങ്ങളിലെ ക്യാംപുകൾ കാലാവസ്ഥ അനുകൂലമായതിനെ തുടർന്ന് പിരിച്ചുവിട്ടു. ഹൊസ്ദുർഗ് താലൂക്കിൽ കണിച്ചിറ കമ്യൂണിറ്റി ഹാളിലെ ക്യാംപും പിരിച്ചുവിട്ടു.