ADVERTISEMENT

കൊല്ലം∙ ദേശാടന പക്ഷികളുടെ ഇടത്താവളമായ ചാത്തന്നൂർ പോളച്ചിറയിൽ ലോകത്തിലെ ഏറ്റവും വേഗമേറിയ പക്ഷിയെ കണ്ടെത്തി. മണിക്കൂറിൽ 389 കിലോമീറ്റർ വരെ വേഗത്തിൽ പറക്കുന്ന പെരിഗ്രിൻ ഫാൽക്കൻ എന്ന പ്രാപ്പിടിയൻ പക്ഷിയെയാണ് കണ്ടെത്തിയത്. പക്ഷി നിരീക്ഷകനായ ആദിച്ചനല്ലൂർ  വെളിച്ചിക്കാല അനു ജോൺ ഇതിന്റെ ചിത്രം പകർത്തി. ജില്ലയിൽ നിന്ന് ആദ്യമായാണ് ഇതിന്റെ ചിത്രം പകർത്താനായത്. 

കൊല്ലം ബേർഡിങ് ബറ്റാലിയൻ അംഗമായ അനു ജോൺ പക്ഷി നിരീക്ഷണം നടത്തുന്നതിനിടയിൽ ഇന്നലെ രാവിലെ 9.30നാണ് അപ്രതീക്ഷിതമായി പക്ഷിയെ കണ്ടതും ചിത്രം പകർത്തിയത്. ചെറിയ വെടിയൊച്ച പോലെ ശബ്ദം കേൾക്കുകയും ആകാശത്തു നിന്നു വീണ ഇരയായ മറ്റൊരു പക്ഷിയെ റാഞ്ചി പോവുകയുമായിരുന്നു. ഏലായുടെ നടുത്തോടിനു സമീപമായിരുന്നു ഇത്. മിസൈൽ പക്ഷി എന്നും അറിയപ്പെടും. ഇരുന്നൂറിലധികം പക്ഷികളുടെ ചിത്രം പകർത്തിയിട്ടുള്ള അനു ജോൺ ആദ്യമായാണ് പെരിഗ്രിൻ ഫാൽക്കനെ കണ്ടത്.ദക്ഷിണ കേരളത്തിൽ ഏറ്റവും കൂടുതൽ ദേശാടന പക്ഷികൾ എത്തുന്നതു പോളച്ചിറയിലാണ്. 150– ലേറെ ഇനം പക്ഷികളെ ഇവിടെ കണ്ടെത്തിയിട്ടുണ്ടെന്ന് അനു ജോൺ പറഞ്ഞു.  

പെരിഗ്രിൻ ഫാൽക്കൻ

ലോകത്തിലെ ഏറ്റവും വേഗമേറിയ പക്ഷി. ആകാശത്തു പറക്കുന്നതിനിടയിൽ തന്നെ ഇരയെ പിടിക്കും. അമ്പലപ്രാവുകളാണു പ്രധാന ഇരകൾ. അപൂർവമായേ സസ്തനികളെ പിടിക്കാറുള്ളു. തുറസ്സായ സ്ഥലത്തോ ഉയരമുള്ള കെട്ടിടത്തിലോ ഇരുന്നാണ് ഇരയെ നിരീക്ഷിക്കുന്നത്. ഏതാണ്ട് ഒരു കിലോമീറ്റർ അകലത്തിൽ നിന്നു കരയിലെ വസ്തുക്കളെ ഇതു തിരിച്ചറിയും. അറ്റം കൂർത്ത്, പിന്നോട്ടു വളഞ്ഞ ചിറകുകളാണു വേഗത്തിനു കാരണം. ചിറകു വിരിക്കുന്തോറും കൂടുതൽ വേഗം ആർജിക്കും. ഇരകളെ കാണുമ്പോൾ വേഗം കൂട്ടി പറക്കും. ചിറകു പിന്നിലേക്കു തിരിച്ചു കുത്തനെ താഴേക്കു മിസൈൽ പോലെ പാഞ്ഞു വന്നു മറ്റു പക്ഷികളെ റാഞ്ചും. ആൺ പക്ഷികളെക്കാൾ വലുതാണു പെൺപക്ഷികൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com