ADVERTISEMENT

കൊല്ലം ∙ കുട്ടികളെ വിഴുങ്ങാൻ കാത്തു നിൽക്കുന്ന ലഹരിക്കെതിരെയുള്ള പ്രതിരോധം ആദ്യം തീർക്കേണ്ടതു കുടുംബങ്ങളിൽ നിന്നാണെന്നു ഒറ്റസ്വരത്തിൽ പറഞ്ഞ് ‘അമ്മക്കൂട്ടം’. ലഹരി ഉപയോഗത്തിനെതിരെയുള്ള മലയാള മനോരമയുടെ ‘അരുത് ലഹരി’ പ്രചാരണ പരിപാടിയുടെ ഭാഗമായി സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള തിര‍ഞ്ഞെടുക്കപ്പെട്ട അമ്മമാരാണ് ‘അമ്മക്കൂട്ടം’ സംവാദ പരിപാടിയിൽ ആശങ്കകളും പ്രതിവിധികളും പങ്കുവച്ചത്. 

kollam-ammakoottam
‘അമ്മക്കൂട്ടം’ സംവാദത്തിൽ പങ്കെടുത്തവർ, ബാലാവകാശ കമ്മിഷൻ അഡ്വ. ജെ. സന്ധ്യ, കൊല്ലം എക്സൈസ് അസി. കമ്മിഷണർ ജെ. താജുദീൻകുട്ടി എന്നിവർക്കൊപ്പം.

സ്കൂൾ കുട്ടികൾക്കു മദ്യം വാങ്ങി നൽകുന്ന ഏജൻസികൾ, യൂണിഫോമിലെത്തുന്ന വിദ്യാർഥികൾക്കു ഡിസ്കൗണ്ട് നൽകുന്ന മദ്യവിൽപനശാലകൾ ഇങ്ങനെ അവർക്കു നേരിട്ടറിയാവുന്ന വിവരങ്ങളും ചർച്ചയായി. വീട്ടുകാർ നൽകുന്ന താങ്ങിനൊപ്പം വിദ്യാർഥികളെ ചേർത്തുപിടിക്കുന്ന അധ്യാപകരും ആവശ്യമാണെന്നും ഒരിക്കൽ തെറ്റു ചെയ്ത കുട്ടികളെ കൊടുംകുറ്റക്കാരായി സമൂഹം തള്ളിക്കളയരുതെന്നും അവരെ സ്നേഹപൂർവം ജീവിതത്തിലേക്കു തിരിച്ചുവിളിക്കണമെന്നും അമ്മമാർ പറഞ്ഞു. ബാലാവകാശ കമ്മിഷൻ മുൻ അംഗം അഡ്വ. ജെ.സന്ധ്യയായിരുന്നു മോഡറേറ്റർ. കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ജെ.താജുദീൻകുട്ടി അമ്മമാരുടെ സംശയങ്ങൾക്കു മറുപടി നൽകി.

ധൈര്യം പകരണം അവർക്ക്

കുട്ടികൾക്കും ചുറ്റും എന്തു സംഭവിക്കുന്നു എന്നതിനെക്കുറിച്ച് അവർക്കു മാതാപിതാക്കളുമായി പങ്കുവയ്ക്കാൻ കഴിയണം. വിനോദ യാത്ര പോകുന്ന കോളജ് വിദ്യാർഥികളിൽ പലരും പോകുന്നതു മദ്യവുമായാണ്. എനിക്കു പരിചയമുള്ള കോളജിൽ കുറച്ചു നാളുകൾക്കു മുൻപ് ഇത്തരമൊരു സംഭവം നടന്നിരുന്നു. ഇത്തരം സാഹചര്യങ്ങളിലേക്കു കുട്ടികൾ പോകാതെ മാതാപിതാക്കൾ ശ്രദ്ധിക്കണം.
-ഗംഗ അനിൽകുമാർ, ട്രേഡ് ഇൻസ്ട്രക്ടർ സിആപ്ട്

മാറ്റം തുടങ്ങേണ്ടത് വീട്ടിൽ നിന്ന് 

നമ്മുടെ നാട്ടിൽ എന്തു പാർട്ടി നടന്നാലും അവിടെ മദ്യം വിളമ്പുന്നു. ഇതു കണ്ടാണു നമ്മുടെ കുട്ടികൾ വളരുന്നത്. ലഹരിയുടെ പേരിൽ കുറ്റകൃത്യം കൂടുന്നു. ഇക്കാര്യത്തിലൊക്കെ നമ്മൾ ആരെ കുറ്റം പറയും? കോളജിലെ ഒരു വിദ്യാർഥി മദ്യപിച്ചതു കണ്ടെത്തി ചോദ്യം ചെയ്തപ്പോൾ ആ കുട്ടി നൽകിയ മറുപടി ഇങ്ങനെയാണ്: ഞങ്ങളുടെ വീട്ടിൽ എല്ലാവരും ഒരുമിച്ച് ഇരുന്നാണ് ഇതു കഴിക്കുന്നത്. അതിനിപ്പോൾ എന്താണ്? വീടുകളിൽ നിന്ന് ഇത്തരം ശീലം പല കുട്ടികളിലേക്കും എത്തുന്നു. മാതാപിതാക്കൾ ആകണം കുട്ടികളുടെ മാതൃക.
-ഡോ.അനിതാ ശങ്കർ, പ്രിൻസിപ്പൽ, ശ്രീനാരായണ കോളജ് ഓഫ് ടെക്നോളജി

കാവലായി വേണം നമ്മളും

പല സ്കൂളുകളിലും സുരക്ഷയുടെ പ്രശ്നങ്ങളുണ്ട്. ആർക്കും കയറി വരാവുന്ന വിധത്തിൽ സ്കൂളുകളിലേക്കു പ്രധാനവഴി അല്ലാതെ മറ്റൊന്നു കൂടി ഉണ്ടാകാം. അത്തരം സാഹചര്യങ്ങളിൽ ആരൊക്കെ സ്കൂളുകളിൽ കയറുന്നുണ്ടെന്ന് അറിയാതെ വരും. ലഹരി മരുന്നുകൾ ഉപയോഗിക്കുന്ന കുട്ടികൾക്ക് അവ എങ്ങനെ ഒളിപ്പിക്കാം എന്നതും നന്നായി അറിയാം.
-ഷൈനി എം. ജോൺ, പ്രിൻസിപ്പൽ, ഗവ.എച്ച്എസ്എസ് വെസ്റ്റ് കൊല്ലം

പരസ്യത്തിൽ പിടി വീഴണം

മദ്യം മാത്രമല്ല ലഹരി. മറ്റു ലഹരി വസ്തുക്കളുടെ ലഭ്യത ഇന്നു കൂടുതലാണ്. ലഹരി വസ്തുക്കൾ പലയിടത്തും പരസ്യപ്പെടുത്തുന്നതു കുട്ടികളെ അതിലേക്ക് ആകർഷിക്കുന്നതിനു കാരണമാകുന്നു. സിനിമകളിലും മറ്റും ഇത്തരം വസ്തുക്കളുടെ ഉപയോഗം കാണുമ്പോൾ ഇതൊന്നും മോശമല്ല, ഇവ ഉപയോഗിക്കുന്നതു സംസ്കാരത്തിന്റെ ഭാഗമാണ് എന്ന ചിന്ത കുട്ടികളിൽ ഉണ്ടാക്കുന്നു.
-ആർ. രാജി, സീനിയർ ക്ലാർക്ക്, ഫയർ ആൻഡ് റസ്ക്യൂ സർവീസസ്

ചേർത്തു നിർത്തേണ്ടതല്ലേ അവരെയും..?

കുട്ടികൾ ലഹരി ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ അവരെ സ്കൂളിൽ നിന്നു പുറത്താക്കുകയാണു പതിവ്. കുറച്ചു നാളുകൾക്കു മുൻപ് ഇത്തരമൊരു സാഹചര്യം മകളുടെ സ്കൂളിൽ നടന്നു. ലഹരി ഉപയോഗിക്കുന്നതായി കണ്ടെത്തിയ കുട്ടിയെ സ്കൂളിൽ നിന്നു പുറത്താക്കി. എന്നാൽ‌ ആ കുട്ടി അതിലും മോശം സാഹചര്യങ്ങളിലേക്കു പോയെന്നു പിന്നീട് അറിയാൻ കഴിഞ്ഞു. കുട്ടിയെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തുകയായിരുന്നില്ലേ വേണ്ടത്.
-എ. റജബിനിസ, തയ്യൽ തൊഴിലാളി

ജാഗ്രത വേണം ഓരോ ചുവടിലും

കുറച്ചുനാൾ മുൻപ് ബന്ധുവായ കുട്ടി പഠിക്കുന്ന സ്കൂളിലുണ്ടായ സംഭവമാണ്. ഒരു കുട്ടി പിറന്നാൾ ദിവസം കൂട്ടുകാർക്കു മധുരത്തിനു പകരം നൽകിയതു ലഹരി മരുന്ന്. ഇക്കാര്യം അധ്യാപകരുടെ ശ്രദ്ധയിൽപ്പെടുത്തിയില്ലേ എന്നു ചോദിച്ചപ്പോൾ അവൻ പറഞ്ഞതിങ്ങനെ: ഇതു പുറത്തറിഞ്ഞാൽ ആരാണ് പറഞ്ഞത് എന്ന കാര്യം അതു വിതരണം ചെയ്ത കുട്ടി അറിയും. ഇക്കാര്യം അധ്യാപകരെ അറിയിച്ചവർ ഒറ്റപ്പെടും. ഇത്തരം കാര്യങ്ങൾ അറിയുമ്പോൾ പുറത്തു പറയാൻ കുട്ടികൾക്കു പേടിയാണ്.
-ഷീജ രാജേഷ്, സംരംഭക

കുട്ടികൾക്ക്  കാവലുണ്ട്, എക്സൈസ്

മദ്യവും ലഹരി മരുന്നും ഉപയോഗിക്കുന്നതു വലിയ പ്രശ്നമല്ല എന്ന തോന്നൽ കുട്ടികൾക്കുണ്ട്. അമിതമായി ഉപയോഗിക്കാതെ ഇതൊക്കെ നിയന്ത്രിക്കാം എന്ന ചിന്തയിലാണു പലരും ലഹരി ഉപയോഗിച്ചു തുടങ്ങുന്നത്. ബീയർ മദ്യമല്ലെന്നും അതു കുടിക്കാം എന്നും കരുതുന്നവരുണ്ട്. എന്നാൽ മിക്ക മദ്യപാനികളുടെയും തുടക്കം ബീയർ കുടിച്ചാണ്. ഓരോ ആളും എക്സൈസിനു കൈമാറുന്ന വിവരങ്ങൾ അതീവ ഗൗരവത്തോടെയാണ് എക്സൈസ് കണക്കിലെടുക്കുന്നത്.

നിയമത്തിലെ ചില പഴുതുകൾ കുറ്റവാളികൾ മുതലെടുക്കാറുണ്ടെങ്കിലും പഴുതുകൾ ഇല്ലാതെ ഇത്തരക്കാരെ നിയമത്തിനു മുന്നിലെത്തിക്കാൻ പൊതുജനങ്ങൾക്ക് എക്സൈസിനെ സഹായിക്കാൻ കഴിയും. ലഹരി വിൽപനയെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നവരുടെ സ്വകാര്യത സംരക്ഷിക്കും. കുട്ടികൾ കഞ്ചാവ് വ്യാപകമായി ഉപയോഗിക്കാൻ കാരണം കുറച്ചു വർഷം മുൻപു മലയാളത്തിൽ ഇറങ്ങിയ ഒരു സിനിമയാണ്. 15നും 20നും ഇടയിൽ പ്രായമുള്ളവരാണു കൂടുതലായി സിനിമ കാണുന്നത്.

ലഹരിയിലേക്കു കുട്ടികളെ ആകർഷിക്കുന്നതും ഈ പ്രായമാണ്. യുവാക്കളിലെ ഊർജം നല്ല മേഖലകളിലേക്കു തിരിച്ചു വിടുന്നതിന്റെ ഭാഗമായി എക്സൈസ് 400 കായിക പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. വിമുക്തി പദ്ധതിയുടെ ഭാഗമായി ലഹരിക്കെതിരെ സ്കൂളുകളിൽ ലഹരി വിരുദ്ധ ക്ലബ് രൂപീകരിക്കാൻ സ്കൂൾ അധികൃതരും ശ്രദ്ധിക്കണം. ചില അൺ എയ്ഡഡ് സ്കൂളുകൾ ഇക്കാര്യത്തിൽ പിന്നാക്കം പോകുന്നതു വീഴ്ചയായി കണക്കാക്കും.
-ജെ. താജുദീൻ കുട്ടി, എക്സൈസ്, അസി. കമ്മിഷണർ, കൊല്ലം

തുടച്ചു നീക്കണം ഈ വിപത്തിനെ

അർബുദം പോലെ നമ്മുടെ സമൂഹത്തിൽ വ്യാപിക്കുന്ന ഒന്നാണു ലഹരി. കുട്ടികൾ രണ്ടു വിധത്തിലാണു ലഹരിക്ക് അടിമയാകുന്നത്. വീട്ടിലാരെങ്കിലും ലഹരി ഉപയോഗിക്കുന്നതു മുഖേനയും കുട്ടികൾ നേരിട്ട് ഉപയോഗിക്കുന്നതു വഴിയും. ഇവ രണ്ടും അപകടമാണ്. കുറ്റകൃത്യങ്ങൾ ചെയ്യുന്ന കുട്ടികളിൽ 80 ശതമാനവും ലഹരി ഉപയോഗിക്കുന്നവരാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ ഒരു ആറാം ക്ലാസുകാരനെ മദ്യം കഴിക്കാൻ നിർബന്ധിച്ച അച്ഛന്റെ കേസ് പരിഗണനയ്ക്കായി വന്നിരുന്നു. 

ഇത്തരത്തിലുള്ള മാതാപിതാക്കളിൽ നിന്നാണു കുട്ടികളുടെ ജീവിതം നശിച്ചു തുടങ്ങുന്നത്. കുട്ടികൾക്കു ലഹരി എത്തിക്കുന്നവരെ കണ്ടെത്തിയാൽ ശിക്ഷ കഠിനമാണ്. നിയമം ശക്തമാണെങ്കിലും ഒന്നും എവിടെയും എത്താത്ത സ്ഥിതിയാണ്.ലഹരിയെയും അത് ഉപയോഗിക്കുന്നവരെയും സംബന്ധിച്ച വിവരം ലഭിച്ചാൽ അറിയിക്കാനായി പൊലീസിന്റെ നേതൃത്വത്തിൽ സ്കൂളുകളിൽ ബോക്സ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും കുട്ടികൾ ആരെയെക്കെയോ ഭയന്ന് അതിൽ വിവരങ്ങൾ എഴുതിയിടുന്നില്ല. ഈ അവസ്ഥയ്ക്കു മാറ്റം വരണം. അതിനായി അധ്യാപകർ കൂടുതൽ ധൈര്യം കുട്ടികൾക്കു പകരണം. മാറ്റം വീടുകളിൽ നിന്നും വിദ്യാലയങ്ങളിൽ നിന്നും തുടങ്ങട്ടെ.
-അഡ്വ. ജെ. സന്ധ്യ, ബാലാവകാശ കമ്മിഷൻ മുൻ അംഗം.

പ്രതിവിധികൾ: അമ്മമാർ നിർദേശിച്ചത്

-കുട്ടികൾക്കു ലഹരി നൽകുന്നവരെ കണ്ടെത്തിയാൽ നടപടി വേഗത്തിലാക്കണം.
-ഇതിനായി കൂടുതൽ അതിവേഗ കോടതികൾ സ്ഥാപിക്കണം.
-പ്രതിയെ കണ്ടെത്തി വേഗത്തിൽ ശിക്ഷ ഉറപ്പാക്കണം.

-കൂട്ടുകാർ ലഹരി ഉപയോഗിക്കുന്നതു കണ്ടെത്തിയാൽ അതു പൊലീസിനെയോ അധികൃതരെയോ അറിയിക്കാൻ പലർക്കും പേടിയാണ്. അതു മാറണം.
-മാതാപിതാക്കൾ കുട്ടികൾ മുന്നിൽ മാതൃകയാകണം: ലഹരിയുടെ വിപത്തിനെപ്പറ്റി അവരെ ബോധ്യപ്പെടുത്തണം
-കുട്ടികൾക്ക് ആവശ്യമായ സ്വാതന്ത്ര്യം അനുവദിക്കുന്നതിനൊപ്പം അതു ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണം

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com