ADVERTISEMENT

കൊല്ലം ∙ ദേശീയ സീനിയർ വനിതാ ഹോക്കി ചാംപ്യൻഷിപ്പിനുള്ള ആദ്യ ടീമെത്തി. ബി ഡിവിഷനിൽ മത്സരിക്കുന്ന ചണ്ഡിഗഡിൽ നിന്നുള്ള യൂകോ ബാങ്ക് വിമൻസ് ഹോക്കി അക്കാദമി ടീമാണ് ഇന്നലെ ആശ്രാമം ഹോക്കി സ്റ്റേഡിയത്തിലെത്തിയത്. ദീപ്തി ശർമയാണു ടീം ക്യാപ്റ്റൻ. ബി ഡിവിഷനിലെ ശേഷിക്കുന്ന ടീമുകൾ ഇന്നെത്തും. ഇതാദ്യമായാണു ദേശീയ സീനിയർ വനിതാ ഹോക്കി ചാംപ്യൻഷിപ് കേരളത്തിൽ നടക്കുന്നത്. നാളെ വൈകിട്ട് 4.30നു കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ ചാംപ്യൻഷിപ് ഉദ്ഘാടനം ചെയ്യും.

മത്സരങ്ങൾ 23ന് ആരംഭിക്കും. 23 മുതൽ ഫെബ്രുവരി 1 വരെയാണു ബി ഡിവിഷൻ മത്സരങ്ങൾ. എ ഡിവിഷൻ മത്സരങ്ങൾക്കു 30നു തുടക്കമാകും. ആകെ 45 ടീമുകളാണു ദേശീയ സീനിയർ ഹോക്കി ചാംപ്യൻഷിപ്പിൽ മത്സരിക്കുന്നത്. ടോക്കിയോ ഒളിംപിക്സിലേക്കു പ്രവേശനം നേടിയ ഇന്ത്യൻ വനിതാ ടീമിന്റെ അംഗങ്ങളുടെ സിലക്‌ഷൻ ആശ്രാമത്തു നടത്തുന്ന ചാംപ്യൻഷിപ്പിൽ നിന്നുണ്ടാകാനും സാധ്യതയുണ്ട്.

ചാംപ്യൻഷിപ്പിനായി ഹോക്കി സ്റ്റേഡിയത്തിലെ ഒരുക്കങ്ങളെല്ലാം അവസാനഘട്ടത്തിലാണ്. 900 ഹോക്കി താരങ്ങളും 100 ഒഫീഷ്യൽമാരും ഉൾപ്പെടെ 1,000 പേർക്കുള്ള താമസസൗകര്യവും കൊല്ലത്ത് ഒരുക്കിയിട്ടുണ്ട്. ആശ്രാമം ഹോക്കി സ്റ്റേഡിയത്തിലും കൊട്ടിയം ആനിമേഷൻ സെന്ററിലുമാണു താരങ്ങളുടെ താമസം.

കേരള ടീം 29ന് എത്തും; ആദ്യമത്സരം 30ന്

എ ഡിവിഷൻ മത്സരിക്കുന്ന കേരള ടീമിന്റെ ആദ്യ മത്സരം 30നു നടക്കും. ബെംഗളൂരുവിൽ പരിശീലനത്തിലുള്ള ടീമംഗങ്ങൾ 29നു കൊല്ലത്തെത്തും. ഇന്ത്യൻ ഹോക്കി ടീം ഉൾപ്പെടെ പരിശീലനം നടത്തുന്ന ബെംഗളൂരു സായിയിലാണു കേരള ടീമിന്റെ പരിശീലനം. ശങ്കൽ തോൽമാട്ടിയാണു കേരള ടീമിന്റെ പരിശീലകൻ. ടീം ക്യാപ്റ്റനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com