ADVERTISEMENT

കൊല്ലം∙ നിലം ഉഴുന്നതു മുതൽ കറ്റ അടിക്കുന്നതു വരെ നെൽക്കൃഷിയുടെ എല്ലാ ജോലിയും ഏറ്റെടുത്തു  കൃഷി വകുപ്പിന്റെ അസി. എക്സിക്യൂട്ടീവ് എൻജിനീയർ ഓഫിസ്. കൃഷിക്ക് ആവശ്യമായ ഉപകരണങ്ങൾ വാടകയ്ക്കു ലഭ്യമാക്കുന്ന കേന്ദ്രമാണിത്. വിത്തു വിതയ്ക്കൽ, ഞാറു നടീൽ, കള പറിക്കൽ, കൊയ്ത്ത്– മെതി തുടങ്ങിയ മുഴുവൻ ജോലികൾക്കുമുള്ള യന്ത്രങ്ങളും ഇവിടെയുണ്ട്.

കൊയ്ത്തുകാലം ആയതിനാൽ ഇപ്പോൾ അതിനുള്ള യന്ത്രങ്ങൾക്കാണ് ആവശ്യക്കാർ കൂടുതൽ. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച വാങ്ങിയത് ഉൾപ്പെടെ 3 കൊയ്ത്ത്– മെതി യന്ത്രങ്ങളുണ്ട്. ഒരെണ്ണം കച്ചി (വൈക്കോൽ) ലഭിക്കുന്നവയാണ്. രണ്ടെണ്ണം കച്ചി ലഭിക്കാത്തവയും. ജില്ലയിൽ കച്ചി ലഭിക്കുന്ന യന്ത്രത്തിനാണ് ആവശ്യക്കാർ കൂടുതൽ.

യന്ത്ര സഹായത്തോടെ 70–80 സെന്റ് നിലം ഒരു മണിക്കൂർ കൊണ്ടു കൊയ്തെടുക്കാം. കൊയ്യുന്നതിനൊപ്പം മെതിയും നടക്കും. കൊയ്തു തീരുന്നതിനു പിന്നാലെ നെല്ലു ചാക്കിലാക്കി കൊണ്ടുപോകാം. കൂലിച്ചെലവും വളരെ കുറവ്.കൊയ്ത്തിനു പുറമെ, വിത്തുവിതയ്ക്കൽ, ഞാറു നടീൽ, കള പറിക്കൽ എന്നിവയ്ക്കും യന്ത്രങ്ങളുണ്ട്. സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ വാടകയ്ക്കാണ് ഇവിടെ നിന്നു കൃഷി ഉപകരണങ്ങൾ നൽകുന്നത് .ട്രാക്ടർ ഓടിക്കുന്നതിനുള്ള പരിശീലനം ഉൾപ്പെടെ വിവിധ പരിശീലനങ്ങളും നൽകുന്നുണ്ട്.

സാമ്പത്തിക പ്രതിസന്ധിയിൽ വട്ടംചുറ്റുന്ന ഓഫിസ്

കർഷകർക്ക് യന്ത്രങ്ങൾ വാടകയ്ക്കു ലഭ്യമാക്കുന്ന കൃഷി വകുപ്പിന്റെ അസി.എക്സിക്യൂട്ടീവ് എൻജിനീയർ ഓഫിസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ, യന്ത്രങ്ങൾ കേടായാൽ അറ്റകുറ്റപ്പണി നടത്താൻ പോലും കഴിയുന്നില്ല. ട്രഷറി നിയന്ത്രണമാണ് പ്രധാന കാരണം. കൊയ്ത്ത്, നടീൽ തുടങ്ങിയ യന്ത്രങ്ങളുടെ ഭാഗങ്ങൾ കോയമ്പത്തൂരിൽ നിന്നാണു വാങ്ങുന്നത്. ട്രഷറി നിയന്ത്രണം മൂലം ഉദ്യോഗസ്ഥർ സ്വന്തം പണം വിനിയോഗിച്ചാണ് യന്ത്ര ഭാഗങ്ങൾ വാങ്ങുന്നത്.

എല്ലാ ജില്ലകൾക്കുമായി സംസ്ഥാനത്ത് കേന്ദ്രീകൃത സംവിധാനം ഏർപ്പെടുത്തണമെന്ന് കുറെക്കാലമായി ആവശ്യം ഉയരുന്നെങ്കിലും നടപ്പാകുന്നില്ല.കൊല്ലത്ത് കൊയ്ത്തു തുടങ്ങിയതിന്റെ അടുത്തദിവസം തന്നെ ഒരു യന്ത്രം കേടായി. കോയമ്പത്തൂരിൽ നിന്നു യന്ത്രഭാഗങ്ങൾ എത്തിച്ച് അറ്റകുറ്റപ്പണി നടത്താൻ ഏതാനും ദിവസം വേണ്ടിവന്നു. കൃത്യസമയത്ത് വിളവെടുപ്പു നടത്താൻ കഴിയാതെ വന്നാൽ കർഷകർക്ക് നഷ്ടമുണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com