ADVERTISEMENT

ചടയമംഗലം ∙ ഇട്ടിവ പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് അജിത്തിനെ (39) മർദിച്ച കേസിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. സംഘത്തലവൻ ഉൾപ്പെടെ മറ്റു രണ്ടു പേർ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. കുഴിയം സാൻജോ വിലാസത്തിൽ ജിജോ ജോൺസൺ (26), ഇളമാട് രഞ്ജിത്ത് ഭവനിൽ മുല്ല എന്ന രഞ്ജിത്ത് (24) എന്നിവരെയാണു അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.

ജൂനിയർ സൂപ്രണ്ട് അജിത്ത്, സീനിയർ ക്ലാർക്കുമാരായ വിജയൻ, റോഷൻ എന്നിവർ രണ്ടു ബൈക്കുകളിലായി വൈകിട്ട് ആയൂരിലേക്കു വരവേ കുഴിയത്തുവച്ചായിരുന്നു ആക്രമണം ഉണ്ടായതെന്നു പൊലീസ് പറയുന്നു. ഇരുവിഭാഗങ്ങൾ തമ്മിൽ കുഴിയത്ത് സംഘട്ടനം നടക്കുന്നതിനാൽ വാഹനം പോകാൻ പറ്റാത്ത സ്ഥിതിയായി. ഫോണിൽ കോൾ വന്നപ്പോൾ അജിത്ത് മൊബൈൽ ഫോൺ എടുത്തു. സംഘട്ടനം മൊബൈലിൽ ചിത്രീകരിക്കുകയാണോ എന്നു ചോദിച്ചു സംഘം മർദിക്കുകയായിരുന്നെന്ന് അജിത്ത് പറയുന്നു.

പഞ്ചായത്തിൽ നിന്നും ബാങ്കിലേക്കു അടയ്ക്കാനായി കൊണ്ടുവന്ന 29600 രൂപ, മൊബൈൽ ഫോൺ എന്നിവ എടുത്തു സംഘം ബൈക്കിൽ രക്ഷപ്പെട്ടതായും പറയുന്നു. പരുക്കേറ്റു കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അജിത്ത് ഇന്നലെ വൈകിട്ടോടെ ആശുപത്രി വിട്ടു. മറ്റൊരു കേസിൽ റിമാൻഡിലായിരുന്ന സംഘത്തലവൻ സാൻജോ അടുത്തിടെയാണ് ജാമ്യത്തിൽ ഇറങ്ങിയത്.

സാൻജോയെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെടുത്തിയെന്നു സൂചന 

ചടയമംഗലം ∙ നിരവധി കേസുകളിൽ പ്രതിയായ കുഴിയം സാൻജോ വിലാസത്തിൽ സാൻജോയെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെടുത്തിയതായാണു സൂചന. ഇതിന്റെ ഉത്തരവ് ഇന്നലെ വൈകിട്ടോടെ പൊലീസിനു ലഭിച്ചതായും അറിയുന്നു. ഇനി ഇയാൾ സ്വന്തം ജില്ലയിൽ പ്രവേശിച്ചാൽ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com