ADVERTISEMENT

ശാസ്താംകോട്ട ∙ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നു വീണ് അബോധാവസ്ഥയിലായ ഇതര സംസ്ഥാന തൊഴിലാളി റെയിൽവേ സ്റ്റേഷനിലും ആശുപത്രിയിലുമായി ചോര വാർന്നു കിടന്നതു മുക്കാൽ മണിക്കൂർ. പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചു സർവീസ് നടത്തുന്ന 108 ആംബുലൻസുകാരും നടപടിക്രമം പറഞ്ഞ് ഒഴിവാകാൻ ശ്രമിച്ചു. പിന്നീട് ജനരോഷം ശക്തമായതോടെ വാശി ഉപേക്ഷിച്ച് യുവാവിനെ ആശുപത്രിയിലെത്തിച്ചു.

ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു നാടകീയ സംഭവങ്ങൾ. ചങ്ങനാശേരിയിലെ ബാർബർ ഷോപ്പ് ജീവനക്കാരനായ ഡൽഹി സ്വദേശി ഫിറോസ് (29) സുഹൃത്തുക്കൾക്കൊപ്പം പുതിയ  ജോലി തേടി കൊല്ലത്തേക്കു പോകുന്നതിനിടെ ശബരി എക്സ്പ്രസിൽ നിന്നു വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തി. തലയ്ക്ക് ആഴത്തിൽ മുറിവേറ്റ ഫിറോസ് അബോധാവസ്ഥയിലായിരുന്നു.

രക്തം വാർന്നു കിടന്ന യുവാവിനെ സ്ട്രെച്ചറിൽ സ്റ്റേഷനു മുന്നിൽ  കിടത്തിയ ശേഷം 108 ആംബുലൻസിനായി ഏറെ സമയം കാത്തിരുന്നു. വൈകിയെത്തിയ ആംബുലൻസിൽ താലൂക്ക് ആശുപത്രിയിലേക്ക്. അവിടെ പ്രഥമശുശ്രൂഷ നൽകി. ജില്ലാ ആശുപത്രിയിലേക്കു ഉടൻ കൊണ്ടുപോകണമെന്നു ഡോക്ടർ പറഞ്ഞെങ്കിലും 108 ആംബുലൻസിലെ ജീവനക്കാർ ഇതിനു തയാറായില്ല.

കൺട്രോൾ റൂമിലേക്ക് ആരെങ്കിലും വിളിച്ചു റജിസ്റ്റർ ചെയ്യണമെന്നും അതിന്റെ സന്ദേശം എത്തിയാലേ കൊണ്ടുപോകാൻ കഴിയൂ എന്നും അവർ പറഞ്ഞു. ഡോക്ടർ ആവശ്യപ്പെട്ടത് ഐസിയു സംവിധാനമുള്ള ആംബുലൻസാണെന്നും അതു ലഭ്യമല്ലെന്നും ന്യായം പറഞ്ഞു. ഇതോടെ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. ഒടുവിൽ താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് എത്തിച്ചാണു കൊല്ലത്തേക്കു കൊണ്ടുപോയത്. ഗുരുതരമായതിനെത്തുടർന്ന് രാത്രി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com