ADVERTISEMENT

കൊല്ലം ∙ ഫിഷ് ഹാർബർ അടച്ചതോടെ പട്ടിണിയിലായ കൊക്കുകൾ ചത്തു വീഴുന്നു. നീണ്ടകര ഹാർബർ മേഖലയിലെ കൊക്കുകൾക്കാണു ദുരവസ്ഥ. ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ നിന്നുള്ള അധികൃതരെത്തി സ്ഥലത്തു പരിശോധന നടത്തി.രണ്ടു കൊക്കുകൾ  ഹാർബർ പ്ലാറ്റ്ഫോമിൽ വീണു കിടക്കുന്നതു നീണ്ടകര ഹാർബർ പൊലീസാണു കണ്ടെത്തി വിവരം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ അറിയിച്ചത്. വെറ്ററിനറി കേന്ദ്രത്തിലെ ഡിസീസ് കൺട്രോൾ സെല്ലിൽ നിന്നു ഡോക്ടർമാരെത്തി കൊക്കുകളെ പരിശോധിച്ചു. 

ബ്ലൂ ഹെറോൺ ഇനത്തിൽപ്പെട്ട ഇരുപതോളം കൊക്കുകൾ ഹാർബർ പരിസരത്തും സമീപത്തെ മരങ്ങളിലും അവശരായി കണ്ടെത്തി. ഇതിനിടെ ചത്തുപോയ ഒരു കൊക്കിനെ ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ക്ലിനിക്കൽ ലബോറട്ടറിയിൽ പോസ്റ്റ്മോർട്ടം നടത്തി. ആഹാരം ലഭിക്കാത്തതിനെ തുടർന്നുണ്ടായ അവശതയും നിർജലീകരണവുമാണ് മരണകാരണം എന്നു കണ്ടെത്തി. കടൽത്തീര കൊക്കുകളായ ബ്ലൂ ഹെറോൺ തീരത്തെ ആവാസ വ്യവസ്ഥയോട് മാത്രം പൊരുത്തപ്പെടുന്നവരാണ്. 

ഉൾക്കടലിലോ നാട്ടിലേക്കോ ഇവ തീറ്റ തേടിപ്പോകാറില്ല. അവശരാകുന്ന ഇവയെ തെരുവു നായ്ക്കളും ആക്രമിക്കുന്നുണ്ട് അതുകൊണ്ട് തന്നെ അവർക്ക് സുരക്ഷയും തീറ്റയും ശുദ്ധജലവും ആവശ്യമാണന്നു കണ്ടെത്തി . വെറ്ററിനറി കേന്ദ്രത്തിലെത്തിച്ച ജീവനുള്ള കൊക്കിന് ചാളത്തീറ്റകൾ നൽകിയതോടെ ആർത്തിയോടെ കഴിച്ചു. കടൽത്തീര കൊക്കുകൾക്ക് തീറ്റ നൽകാൻ സന്നദ്ധ സംഘടനകൾക്കും മുന്നോട്ട് വരാമെന്ന് ജില്ലാ വെറ്ററിനറി കേന്ദ്രം അറിയിച്ചു. പരിശോധനകൾക്ക് ചീഫ് വെറ്ററിനറി ഓഫിസർ ഡോ.കെ.കെ.തോമസ്, അസി.ഡയറക്ടർ ഡോ.ഡി.ഷൈൻകുമാർ, ഡോ. സൈറ റാണി, ഡോ.നിജിൻ എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com