ADVERTISEMENT

പുനലൂർ ∙ ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ ‘ഇരപ്പിച്ച്’ ജില്ലയിൽ 680 കെഎസ്ആർടിസി ബസുകൾ. ലോക്ഡൗണിന്റെ  ഭാഗമായി കഴിഞ്ഞ മാസം 24 മുതൽ  ജില്ലയിലെ എല്ലാ ഡിപ്പോകളിലും ഗാരിജുകളിലും ബസുകൾ നിർത്തിയിട്ടിരിക്കുകയാണ്. സർവീസ് നടത്താത്ത മൂലം  നാലര കോടിയുടെ വരുമാന നഷ്ടമാണ് ട്രാൻസ്പോർട്ട് കോർപറേഷന്  ഉണ്ടായിരിക്കുന്നത്. ബാറ്ററി ചാർജ് നിലനിർത്തുന്നതിനും ബ്രേക്കിന്റെയും ചക്രങ്ങളുടെയും വായു മർദം പരിശോധിക്കുന്നതിനും ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ പ്രത്യേകം ചുമതലപ്പെടുത്തിയ മെക്കാനിക്കുകൾ ബസുകൾ സ്റ്റാർട്ട് ചെയ്യുകയും പരിശോധിക്കുകയും ചെയ്യുന്നുണ്ട്. 

ജില്ലാ കലക്ടറോ എസ്പിയോ ആവശ്യപ്പെട്ടാൽ പൊലീസ്, ആരോഗ്യ, റവന്യു, പൊതുവിതരണ, ഫയർഫോഴ്സ് വകുപ്പുകളുടെ അവശ്യ സർവീസിന് പോകാൻ എല്ലാ ഡിപ്പോകളിലും ബസുകൾ ‘റെഡി’യാണ്. അതത് ഡിപ്പോയ്ക്ക് സമീപമുള്ള  ഡ്രൈവർമാരുടെ നമ്പറുമായി  സ്റ്റേഷൻ ഇൻസ്പെക്ടർമാർ ഇതിനായി കാത്തിരിക്കുന്നുണ്ട്. രാവിലെ 9 മുതൽ 5 വരെയാണ് സ്റ്റേഷൻ ഇൻസ്പെക്ടർമാർക്ക് ഡിപ്പോയിൽ എത്തുന്നതിന് ചുമതല നൽകിയിരിക്കുകയാണ്. അല്ലാത്ത സമയത്ത് വേണമെങ്കിലും ബസ് ലഭ്യമാക്കും. 

ഈ സർവീസിന് കണ്ടക്ടർ വേണ്ട. 24 മണിക്കൂറും 2 സെക്യൂരിറ്റി ജീവനക്കാരുടെ സേവനവും ഡിപ്പോകളിലുണ്ട്. കൊല്ലം, കരുനാഗപ്പള്ളി, ചാത്തന്നൂർ, കൊട്ടാരക്കര, ചടയമംഗലം, പുനലൂർ, പത്തനാപുരം, ആര്യങ്കാവ്, കുളത്തൂപ്പുഴ എന്നിവിടങ്ങളിലാണ് ജില്ലയിൽ ഡിപ്പോകളുള്ളത്. അര നൂറ്റാണ്ടിനിടെ ആദ്യമായാണ് ഇത്രയും  അടുത്ത ദിവസങ്ങളിൽ കെഎസ്ആർടിസി ബസുകൾ ഒന്നുപോലും നിരത്തിലിറങ്ങാതിരുന്നത്. 600 സർവീസുകളാണ് ഇവിടങ്ങളിൽ നിന്ന് ഓപ്പറേറ്റ് ചെയ്തുകൊണ്ടിരുന്നത്. ഇതിൽ ദീർഘദൂര, സംസ്ഥാനാന്തര സർവീസുകളും ഉൾപ്പെടും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com