ADVERTISEMENT

കൊല്ലം ∙ ആരോഗ്യമാണു പ്രധാനം, വിട്ടുവീഴ്ച പാടില്ലല്ലോ... ഡോക്ടർമാരും നഴ്സുമാരും പോലെ തന്നെ പ്രധാനമാണു പൊതുജനാരോഗ്യ വിഭാഗത്തിലെ മറ്റ് ജീവനക്കാരും. ജൂനിയർ പബ്ലിക് ഹെൽത് നഴ്സ്, ജൂനിയർ ഹെൽത് ഇൻസ്പെക്ടർ എന്നീ തസ്തികകളിൽ ജോലി ചെയ്യുന്നവരെ കുറിച്ചാണ്.നമ്മുടെ അയൽജില്ലയി‍ലെ ഒരു കുടുംബക്ഷേമ ഉപകേന്ദ്രത്തിൽ ജൂനിയർ പബ്ലിക് ഹെൽത് നഴ്സ് തസ്തികയിൽ ജോലി ചെയ്യുന്ന നഴ്സ്  ഈ കോവിഡ് കാലത്തെക്കുറിച്ച് പറയുന്നതു കേൾക്കാം...

‘വീട്ടിൽ നിന്ന് 65 കിലോമീറ്റർ ദൂരമുണ്ട് ജോലി സ്ഥലത്തേക്ക്. മുൻപൊക്കെ ട്രെയിനിലായിരുന്നു യാത്ര. എന്നാൽ ലോക്‌ഡൗൺ വന്നതോടെ സ്വന്തം സ്കൂട്ടറിലായി യാത്ര. ജോലി സ്ഥലത്തേക്കും തിരിച്ചുമായി ദിവസവും സ്കൂട്ടർ യാത്ര 130 കിലോമീറ്റർ. കഴിഞ്ഞ മാസം 8നു സംസ്ഥാനത്തു വീണ്ടും കോവിഡ് സ്ഥിരീകരിച്ചതിനു ശേഷം ഇതുവരെ ഓഫോ ലീവോ കിട്ടിയിട്ടില്ല. ഞാൻ ജോലി ചെയ്യുന്നത് ഒരു കുടുംബക്ഷേമ ഉപകേന്ദ്രത്തിലാണ്. കുടുംബക്ഷേമ ഉപകേന്ദ്രത്തിൽ അവിടെ ജോലി ചെയ്യുന്നവർക്കു താമസയോഗ്യമായ സാഹചര്യം ഒരുക്കണമെന്നാണു നിയമമെങ്കിലും പലയിടത്തും അതില്ല. കുടിക്കാനുള്ള വെള്ളം പോലും ലഭ്യമല്ലാത്തതാണ് എന്റെ ഓഫിസ്. അടച്ചുറപ്പുള്ള വാതിലുകൾ പോലുമില്ല. 

രാവിലെ 9 മണി മുതലാണു ജോലി. ആ സമയത്ത് അവിടെ എത്തണമെങ്കിൽ വീട്ടിൽ നിന്ന് ആറര കഴിയുമ്പോൾ പുറപ്പെടണം. സ്കൂട്ടറിലുള്ള യാത്ര അൽപം കഠിനമാണ്. പിന്നെ, പോകുന്നവഴിയിലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ വേറെയും. ജോലി സ്ഥലത്ത് ആവശ്യത്തിനുള്ള മാസ്ക്കുകളോ സാനിറ്റൈസറുകളോ ഇല്ല. സ്വന്തം കയ്യിൽ നിന്നു പണം മുടക്കിയാണ് ഇവ വാങ്ങുന്നത്. ക്വാറന്റീനിൽ കഴിയുന്നവരുടെ സ്ഥിതി ദിവസവും വിളിച്ച് അന്വേഷിക്കണം. എന്തെങ്കിലും അസ്വസ്ഥതകൾ ഉള്ളവരുണ്ടെങ്കിൽ അവരെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനു വേണ്ട സംവിധാനമൊരുക്കണം. വീടുകളിൽ കഴിയുന്നവരുടെ ആവശ്യങ്ങൾ ചോദിച്ചറിയണം, മരുന്നുകൾ ആവശ്യമെങ്കിൽ അത് എത്തിക്കുന്നതിനുള്ള ഏർപ്പാടുകൾ ചെയ്യണം. ഇങ്ങനെ നീളുന്നു ജോലികൾ. ജോലിത്തിരക്കിനിടയിൽ പലപ്പോഴും ഉച്ച ഭക്ഷണം കഴിക്കുന്നതിനു സമയം കിട്ടില്ല. 

വൈകിട്ട് 4 വരെയാണു ജോലി. തിരിച്ചു വീട്ടിലെത്താൻ 7 മണി കഴിയും. വീട്ടിലേക്കുള്ള യാത്ര 3 മണിക്കൂറുള്ളതിനാൽ അതിനിടയിൽ വരുന്ന ഫോണുകൾ എടുക്കാൻ പറ്റാറില്ല. അതിനിടയിലും ചിലർ വിളിക്കും. വീട്ടിലെത്തി തിരിച്ചു വിളിക്കുന്നതിനു മുൻപേ, മേൽ ഓഫിസിലേക്കു  പരാതി പോയിട്ടുണ്ടാകും. വീട്ടിലെത്തിയാലും ക്വാറന്റീനിലുള്ളവർ പലരും ഫോൺ വിളിച്ചുകൊണ്ടിരിക്കും. രാത്രി 2 മണിക്കും 3 മണിക്കും വരെ ഫോൺ വരും.  

ലോക്‌ഡൗൺ ആയതിനാൽ 5 മണി വരെയല്ലേ കടകളുള്ളൂ. തിരിച്ചെത്തുമ്പോഴേക്കും കടകളൊക്കെ അടയ്ക്കും. വീട്ടിലേക്കുള്ള അവശ്യസാധനങ്ങൾ വാങ്ങുന്നതിനും പറ്റാറില്ല. അതു മാത്രമല്ല, ആരോഗ്യപ്രവർത്തകർ പുറത്തൊക്കെ പോകുന്നതുകൊണ്ടു പലരും ഇപ്പോൾ കടകളിലേക്കു കയറ്റാറുമില്ല. പലരും ഞങ്ങളെ അയിത്തം കൽപിച്ചു മാറ്റി നിർത്തിയിരിക്കുകയാണ്.’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com