ADVERTISEMENT

ശാസ്താംകോട്ട ∙ മത്സ്യ മാർക്കറ്റുകൾ അടച്ചതോടെ വളർത്തു മത്സ്യങ്ങൾക്ക് പ്രിയമേറി. ലോക്ഡൗൺ കാലം ഗ്രാമീണ മത്സ്യ കർഷകർക്ക് ചാകരയായി. കടൽ, കായൽ മത്സ്യങ്ങളുടെ വരവ് നിലച്ചതോടെയാണു കുളത്തിലും കൂട്ടിലും കൃഷി ചെയ്യുന്നവരെ തേടി ജനങ്ങൾ എത്തിത്തുടങ്ങിയത്. കുന്നത്തൂർ, പടിഞ്ഞാറെ കല്ലട, ശൂരനാട് വടക്ക് ഉൾപ്പെടെ താലൂക്കിലെ മിക്ക പഞ്ചായത്തുകളിലും മത്സ്യ കൃഷിയും വിപണനവും സജീവമാണ്. ഫിഷറീസ് വകുപ്പ് സബ്സിഡി നൽകിയാണ് യുവാക്കളും സ്ത്രീകളും ഉൾപ്പെടെയുള്ള കർഷകരെ മത്സ്യകൃഷിയിലേക്കു ആകർഷിക്കുന്നത്.

കുളങ്ങൾ, പറമ്പിൽ നിർമിച്ച ടാങ്കുകൾ, ജലാശയങ്ങളിൽ വല ഉപയോഗിച്ച് നിർമിച്ച പ്രത്യേക കൂടുകൾ എന്നിവിടങ്ങളിലാണ് കൃഷി നടത്തുന്നത്. പ്രവർത്തനം നിലച്ച പാറ ക്വാറികളിലെ കുളങ്ങളും കൂട് കൃഷിക്കായി ഉപയോഗിക്കുന്നുണ്ട്.മത്സ്യ കുഞ്ഞുങ്ങളെ നൽകുന്നതിനൊപ്പം സബ്‌സിഡി നിരക്കിൽ തീറ്റ, മറ്റ് സഹായങ്ങൾ എന്നിവ വകുപ്പ് നൽകുന്നുണ്ട്. കർഷകരെ സഹായിക്കാനും കൃഷി വ്യാപനത്തിനും എല്ലാ പഞ്ചായത്തുകളിലും പ്രത്യേക ജീവനക്കാരെയും വകുപ്പ് നിയമിച്ചു. കർഷകരും വകുപ്പും ചേർന്നുള്ള പദ്ധതിയിലൂടെയാണ് ജനങ്ങളുടെ ആവശ്യത്തിന് മത്സ്യ ലഭ്യത ഉറപ്പാക്കാനാകുന്നത്.

വിഷം തീണ്ടാത്ത മീൻ 

ശുദ്ധമായ മീൻ കൺമുൻപിൽ ലഭിക്കുമെന്നതാണ് വളർത്തു മത്സ്യങ്ങളുടെ പ്രത്യേകത. 6 മാസം വളർച്ചയെത്തിയ രോഹു, കട്‍ല തുടങ്ങിയ മത്സ്യങ്ങൾ ഒരെണ്ണം ശരാശരി 350 ഗ്രാമിലേറെ തൂക്കം വരുന്നതാണ്. വളർത്തു മത്സ്യങ്ങളുടെ വേറിട്ട രുചിയും പലരെയും ആകർഷിക്കുന്ന കാരണങ്ങളിൽ ഒന്നായി.

മത്സ്യം –വില (കിലോഗ്രാം)

1. രോഹു– 250

2. കട്‍ല – 250

3. തിലാപ്പിയ – 300

4. മൃഗാൽ – 250

5. ആസാം വാള – 250

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com