ADVERTISEMENT

കൊല്ലം ∙ സർക്കാർ പ്രഖ്യാപിച്ച ധനസഹായവും വായ്പയും വിവേചനമില്ലാതെ മുഴുവൻ ബാർ തൊഴിലാളികൾക്കും ലഭിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ടു ഓൾ കേരള ബാർ ഹോട്ടൽസ് ആൻഡ് റസ്റ്ററന്റ്സ് എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിക്കു നിവേദനം നൽകി. പൂട്ടിയ ബാറുകളിലും കോവിഡ്-19 മൂലം അടഞ്ഞു കിടക്കുന്ന ബാറുകളിലുമായി 35000 തൊഴിലാളികൾ നേരിട്ടും 15000 തൊഴിലാളികൾ കരാറടിസ്ഥാനത്തിലും പണിയെടുക്കുന്നു.

പുറമെ 10000 ഓളം പേർ അതിഥി തൊഴിലാളികളാണ്. ഈ മേഖലയിൽ പതിറ്റാണ്ടുകളായി പണിയെടുക്കുന്ന തൊഴിലാളികളെ കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ അംഗത്വ പരിധിയിൽപ്പെടുത്തിയിട്ടില്ല. ബഹുഭൂരിപക്ഷം തൊഴിലാളികളും ക്ഷേമനിധിക്കു പുറത്താണ്. ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവർ ഭൂരിഭാഗവും ബാർ ഉടമകളും അവരുടെ ആശ്രിതരുമാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. 

kollam-drone
ലോക് ഡൗൺ നിരോധന പാലിക്കാതെ വീടിനു വെളിയിൽ സഞ്ചരിക്കുന്നവരെ കണ്ടെത്താൻ ഓച്ചിറ പൊലീസ് ഡ്രോൺ ഉപയോഗിച്ച നിരീക്ഷണം ഓച്ചിറ പടനിലത്തുനിന്നു ആരംഭിച്ചപ്പോൾ.

∙  കരിമണൽ തൊഴിലാളികൾക്ക് ആശ്വാസ ധനസഹായം നൽകണമെന്നു ജെഎസ്എസ് ജില്ലാ പ്രസിഡന്റ് എല്ലയ്യത്ത് ചന്ദ്രനും സെക്രട്ടറി പൊന്മന എസ് അജയകുമാറും ആവശ്യപ്പെട്ടു. 

∙ കോവിഡ്-19 മൂലം തൊഴിൽ രഹിതരായ തയ്യൽത്തൊഴിലാളികളെ സർക്കാർ അവഗണിക്കുകയാണെന്നു കേരള ടെയ്ലറിങ് ആൻഡ് ആർട്ടിസാൻസ് കോൺഗ്രസ്(ഐഎൻടിയുസി) സംസ്ഥാന പ്രസിഡന്റ് ചവറ ഹരീഷ്കുമാറും ജനറൽ സെക്രട്ടറി കുരീപ്പുഴ യഹിയയും ആരോപിച്ചു. തയ്യൽ- എംബ്രോയ്ഡറി രംഗത്തു പണിയെടുക്കുന്ന തൊഴിലാളികൾക്ക് മാസം 5000 രൂപ സഹായം നൽകണം. 

∙ കട്ടമരത്തിൽ മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്ന തൊഴിലാളികളുടെ ജീവിതം കടുത്ത പ്രതിസന്ധിയിലായെന്നു ദേശീയ മത്സ്യത്തൊഴിലാളി കോൺഗ്രസ് സെക്രട്ടറി ജി. ലീലാകൃഷ്ണൻ. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കു നിയന്ത്രിത മത്സ്യബന്ധനം അനുവദിച്ചെങ്കിലുംഅതു ചെറിയൊരു വിഭാഗത്തിനാണു പ്രയോജനപ്പെടുന്നത്. കട്ടമരക്കാർക്കു ഹാർബറുകളിലൊ ലാൻഡിങ് സെന്ററുകളിലോ അടുപ്പിക്കാൻ കഴിയില്ല. ഇവരെ സഹായിക്കാൻ നടപടി വേണം. 

∙ കേരള സൈന്യം എന്നു വിശേഷിപ്പിക്കപ്പെട്ട മത്സ്യത്തൊഴിലാളികളെ സർക്കാർ കയ്യൊഴിയരുതെന്നു ഇൻബോർഡ് വള്ളം ഓണേഴ്സ് ആൻഡ് ലേബേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളി സമൂഹത്തിന് ഇതുവരെ ആശ്വാസപദ്ധതികളൊന്നും പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. ആശ്വാസ പാക്കേജ് അടിയന്തരമായി പ്രഖ്യാപിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

∙ കോവിഡ് ഭീതിയെ തുടർന്നു മത്സ്യത്തൊഴിലാളികൾ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെന്നും ഇതിന് അടിയന്തര പ്രാധാന്യത്തോടെ ആശ്വാസ പാക്കേജ് അനുവദിക്കണമെന്നും ഇൻബോർഡ് വള്ളം ഓണേഴ്സ് ആൻഡ് ലേബേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.

∙ സംസ്ഥാന സർക്കാരിന്റെ പ്രഥമ വരുമാനമാർഗമായ ലോട്ടറി മേഖലയിൽ തൊഴിലെടുക്കുന്ന തൊഴിലാളികൾക്ക് 21 ദിവസം നീണ്ടുനിൽക്കുന്ന ലോക്ഡൗൺ സമയത്തു 5000 രൂപയെങ്കിലും ആശ്വാസ വേതനമായി നൽകണമെന്ന് ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്‌സ് കോൺഗ്രസ് ഐഎൻടിയുസി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നറുക്കെടുപ്പ് പുനരാരംഭിക്കുമ്പോൾ ഒരു ദിവസത്തെ ടിക്കറ്റ് എടുക്കാൻ ആവശ്യമായ തുക പലിശരഹിത വായ്പയായി നൽകണമെന്ന് ആവശ്യപ്പെട്ടു കമ്മിറ്റി മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും കത്തയച്ചു.

∙ മത്സ്യത്തൊഴിലാളികൾക്കു പലിശരഹിത വായ്പ നൽകുമെന്ന മത്സ്യഫെഡ് ചെയർമാന്റെ പ്രഖ്യാപനം കടലാസിൽ മാത്രമായിരുന്നെന്നു മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിജു ലൂക്കോസ്. ജോലിക്കു പോകാൻ കഴിയാത്ത മത്സ്യത്തൊഴിലാളികൾക്ക് 5000 രൂപ നൽകുമെന്നായിരുന്നു പറഞ്ഞിരുന്നത്. ലേലത്തിൽ പങ്കെടുത്തിരുന്ന 42000 തൊഴിലാളികൾക്കും ഇതിന്റെ പ്രയോജനം ലഭിക്കേണ്ടതാണെന്നും എന്നാൽ ഒരു തൊഴിലാളിക്കും പണം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

കൊല്ലം∙ലോക്ഡൗൺ മൂലം വ്യാപാര മേഖല നിശ്ചലമായതിനാൽ ഒരുമാസത്തെ വാടക ഒഴിവാക്കാൻ കെട്ടിടം ഉടമകൾ തയാറാകണമെന്നു കേരള വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി. പല ജില്ലകളിലും കെട്ടിടം ഉടമകൾ വാടക ഒഴിവാക്കാൻ സ്വമേധയാ തയാറായിട്ടുണ്ട്. മേയ്, ജൂൺ മാസങ്ങളിലെ വാടകക്കാലാവധി നീട്ടി നൽകണമെന്നും സമിതി ആവശ്യപ്പെട്ടു. 

കൊല്ലം∙ സത്കർമ ചാരിറ്റി സംഘടനയുടെ നേതൃത്വത്തിൽ ചാത്തന്നൂർ കരുണാലയം ഓർഫനേജിൽ നിത്യോപയോഗ സാധനങ്ങൾ നൽകി. എക്സിക്യൂട്ടീവ് അംഗം വി.രാജ്മോഹൻ നായർ, അജിത്കുമാർ എന്നിവരുടെ നേതൃത്വത്തിൽ ചാത്തന്നൂർ എസിപി ജോർജ് കോശിയുടെ സാന്നിധ്യത്തിലാണ് സാധനങ്ങൾ കൈമാറിയത്. 

കൊല്ലം∙ കോവിഡ് വ്യാപനം തടയുന്നതിനു അശ്രാന്തം പരിശ്രമിക്കുന്ന പൊലീസിനു മധുരം മലയാളം ഗ്രൂപ്പ് കുടിവെള്ളവും സാനിറ്റൈസറും കൈമാറി. വീടുകളിൽ ഭക്ഷ്യ വസ്തുക്കളുടെ കിറ്റ് എത്തിച്ചു. ഹാരിസ് ജ്വല്ലറിയുമായി ചേർന്നാണ് കിറ്റു നൽകിയത്. കൊല്ലം എആർ ക്യാംപിൽ ഗ്രൂപ്പ് ചെർമാൻഎ.സിരാജുദീൻ, ടി.മിദ്‌ലാജ് എന്നിവരിൽ നിന്നു ഡപ്യൂട്ടി കമന്റാന്റ് ആർ.ബാലൻ കുടിവെള്ളം ഏറ്റുവാങ്ങി. സി.മനേഷ്, ജെറീഷ് മുഹമ്മദ്, ജി.വിജയൻ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ അഞ്ചൽ സിഐ സുധീറിനു കുടിവെള്ളവും സാനിറ്റൈസറും കൈമാറി. ഏരൂർ പൊലീസ് ഔട്പോസ്റ്റ്, ഏഴംകുളം ഫോറസ്റ്റ് സ്റ്റേഷൻ എന്നിവിടങ്ങളിലും കുടിവെള്ളവും സാനിറ്റൈസറും നൽകി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com