sections
MORE

ജില്ലയിൽ ഡെങ്കി, എലിപ്പനി പടരുന്നു ജാഗ്രതാ നിർദേശം!

kollam-mosquito
SHARE

കൊല്ലം∙ കോവി‍ഡ് വ്യാപനത്തിന്റെ ഭീതി നിലനിൽക്കേ ജില്ലയിൽ മറ്റു പകർച്ച വ്യാധികളും പിടിമുറുക്കുന്നു. വിവിധ മേഖലകളിൽ എലിപ്പനിയും ഡെങ്കിപ്പനിയും വ്യാപിക്കുന്നു. മഴക്കാലം ആയതോടെ രോഗം പടരുമെന്ന ആശങ്ക ഉയരുകയാണ്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശക്തികുളങ്ങര സ്വദേശിയായ വീട്ടമ്മയുടെ മരണം എലിപ്പനി മൂലമാണെന്നു കരുതുന്നു. രോഗം ഗുരുതരമായതിനെ തുടർന്നു പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.ജില്ലയുടെ കിഴക്കൻ മേഖലകളിലും തീരപ്രദേശത്തും ഡെങ്കിപ്പനി പെരുകുന്നു. കാലവർഷം ആരംഭിച്ചതോടെ പനി വ്യാപകമാകുമെന്ന ഭീതിയുണ്ട്.

ഡെങ്കിപ്പനി

ഈ വർഷം നൂറോളം പേർക്ക് ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ചു. 4 പേർ ഡെങ്കിപ്പനി മൂലം മരിച്ചതായി സംശയിക്കുന്നു. പുനലൂർ, ഏരൂർ, തൊടിയൂർ, ഇടമുളയ്ക്കൽ, കൊല്ലം കോർപറേഷൻ മേഖലകളിലാണ് ഡെങ്കിപ്പനി കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മറ്റു സ്ഥലങ്ങളിലും ഒറ്റപ്പെട്ട കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വർഷം ജില്ലയിൽ 696 പേർക്ക് ഡെങ്കിപ്പനി ബാധിച്ചു. 3 പേർ മരിച്ചു. ഡിഫ്തീരിയ 5 പേർക്കു ബാധിച്ചു. ഡിഫ്തീരിയ മൂലം ഒരു മരണം. ഏതാനും വർഷം മൂ‍ൻപു ഭീതി വിതച്ച ചിക്കു‍ൻഗുനിയ കഴിഞ്ഞ വർഷം ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസമാണ്. ഹെപ്പടൈറ്റിസ്– എ 40 പേർക്ക് ബാധിച്ച് ഒരു മരണം.

എലിപ്പനി

സംസ്ഥാനത്ത് എലിപ്പനി കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന ജില്ലയാണ് കൊല്ലം. ഈ വർഷം 15 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. മലയോര മേഖലയിലും കൊല്ലം കോർപറേഷൻ പരിധിയിലുമാണു രോഗം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ വർഷം 68 പേർക്ക് എലിപ്പനി ബാധിക്കുകയും 6 പേർ മരിക്കുകയും ഉണ്ടായി.

രോഗ ലക്ഷണങ്ങൾ

ഡെങ്കിപ്പനി: കടുത്ത പനി, തലവേദന പേശികൾക്കും സന്ധികൾക്കും വേദന, കണ്ണിന്റെ പിന്നിൽ വേദന, ശരീരത്തിൽ ചുവന്ന അടയാളങ്ങൾ. ക്ഷീണം, ഛർദി. രോഗം കടുക്കുമ്പോൾ രക്തസ്രാവം, ശ്വാസ തടസ്സം. കരൾ, വൃക്ക, തലച്ചോറ് എന്നിവയെ ബാധിക്കാം. എലിപ്പനി.: കടുത്ത ചൂട്, തലവേദന, രക്തസ്രാവം, പേശി വേദന, കണ്ണിനു ചുവപ്പുനിറം, ഛർദി, കരൾ, വൃക്ക, തലച്ചോറ് എന്നിവയെ ബാധിക്കും. രോഗം ബാധിച്ചാൽ ഏതാനും ദിവസം പരിശോധനയിൽ കണ്ടെത്താനാകില്ല.

വ്യക്തി ശുചിത്വം

വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ആണ് ഡെങ്കിപ്പനി – എലിപ്പനി എന്നിവയ്ക്കെതിരെയുള്ള ഫലപ്രദമായ പ്രതിരോധം. തൊഴിലുറപ്പു തൊഴിലാളികൾ, ക്ഷീരകർഷകർ, ചെളിവെള്ളത്തിൽ ഇറങ്ങുന്നവർ എന്നിവർക്കാണ് രോഗ ബാധ കൂടുതൽ. എലിയാണു രോഗം പകർത്തുന്നത്. ഭക്ഷണാവശിഷ്ടങ്ങളും മാലിന്യവും എലിയുടെ സാന്നിധ്യം വർധിപ്പിക്കും.

ഇവ വലിച്ചെറിയാതിരിക്കാൻ ശ്രദ്ധിക്കുക. മലിന ജലത്തിൽ ഇറങ്ങരുത്. തൊഴിലുറപ്പു തൊഴിലാളികളും ആഴ്ചയിൽ ഒരിക്കൽ പ്രതിരോധ ഗുളിക കഴിക്കണം. കൊതുകുകളുടെ ഉറവിട നശീകരണമാണ് ഡെങ്കിപ്പനി തടയാൻ ചെയ്യേണ്ടത്. പരിസരത്ത് വെള്ളം കെട്ടിനിന്നു കൊതുകു പെരുകാതെ ശ്രദ്ധിക്കണം.

നാലു തരം വൈറസ്.

ഡെങ്കിപ്പനിയുടെ 4 തരം വൈറസ് ജില്ലയിൽ കണ്ടെത്തിയിട്ടുണ്ട്. ഒരിക്കൽ ഡെങ്കിപ്പനി ബാധിച്ച ആൾക്ക് മറ്റൊരു തരം വൈറസ് ആയിരിക്കും പിന്നീട് ബാധിക്കുന്നത്. ഇതു കൂടുതൽ അപകടകരമാണ്.

ഡെങ്കി കോർണർ

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ഉൾപ്പെടെ സർക്കാർ ആശുപത്രികളിൽ ഡെങ്കിപ്പനി കോർണർ ആരംഭിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് ഡപ്യൂട്ടി ഡിഎംഒ ഡോ.ആർ. സന്ധ്യ പറഞ്ഞു. . പനി ക്ലിനിക്കിന്റെ ഭാഗമായാണ് ഇത്. ഡെങ്കിപ്പനി – എലിപ്പനി ലക്ഷണം ഉള്ളവരെ പ്രത്യേകം നിരീക്ഷിക്കും. സ്വകാര്യ ആശുപത്രികൾക്കു ചികിത്സാ മാർഗരേഖ നൽകി.

ഡെങ്കിപ്പനി പരിശോധനയ്ക്കു ജില്ലയിൽ 4 ലബോറട്ടറികൾ സജ്ജമാക്കിയിട്ടുണ്ട്. പബ്ലിക് ഹെൽത്ത് ലാബ്, പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ്, കൊല്ലം, പുനലൂർ ആശുപത്രികൾ എന്നിവിടങ്ങളിലാണ് ലബോറട്ടറികൾ.

പ്രതിരോധ പ്രവർത്തനം

ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പകർച്ച വ്യാധിക്കെതിരെ പ്രതിരോധവും ബോധവൽക്കരണവും ശക്തമാക്കി. കൊതുകിന്റെ ഉറവിട നശീകരണം, പുകയ്ക്കുക, തുടങ്ങിയവയാണ് ആരംഭിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kollam
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA