sections
MORE

ആദ്യ പാമ്പുകടിക്കു മുൻപേ സ്വർണം ഒളിപ്പിച്ച് സൂരജ്; അണലിയെ കടിപ്പിച്ചത് ക്രൂരമായി

kollam-surendran
ഉത്ര കൊലക്കേസ് ഒന്നാം പ്രതി സൂരജിന്റെ അച്ഛൻ സുരേന്ദ്രനെ പുനലൂർ ഒന്നാം ക്ലാസ് കോടതിയിൽ ഹാജരാക്കിയ ശേഷം പൊലീസ് തിരികെക്കൊണ്ടുപോകുന്നു.
SHARE

കൊട്ടാരക്കര∙ പാമ്പു കടിയേറ്റാണ് ഉത്ര മരിച്ചതെന്നു വരുത്തിത്തീർത്തു സ്വത്തു തട്ടിയെടുക്കാനായിരുന്നു സൂരജിന്റെ ശ്രമമെന്ന് അന്വേഷണസംഘം കണ്ടെത്തി. ഇതിന്റെ ഭാഗമായി സ്വന്തം വീട്ടിൽ‌ വച്ച് അണലിയെ കൊണ്ട് ഉത്രയെ കടിപ്പിക്കുന്നതിനു മണിക്കൂറുകൾക്ക് മുൻപു ബാങ്ക് ലോക്കറിലെ സ്വർണം സൂരജ് കൈക്കലാക്കി ഒളിപ്പിച്ചു. വിവരം മാതാപിതാക്കൾക്കും അറിയാമെന്നാണ് സൂചന.  കുടുംബാംഗങ്ങളുടെ മൊഴിയിലെ വൈരുധ്യങ്ങൾ ഗൂഢാലോചനയെന്ന സംശയം ബലപ്പെടുത്തുന്നു.

വിവാഹ മോചനം നടത്തിയാൽ വാങ്ങിയ സ്വർണവും പണവും വാഹനങ്ങളും തിരികെ നൽകണം. പാമ്പ് കടിയേറ്റാണു ഉത്ര മരിച്ചെന്നു വരുത്തിത്തീർത്താൽ സ്വാഭാവിക മരണം മാത്രം. ഒരു വയസ്സുകാരനായ മകൻ ഒപ്പമുള്ളതിനാൽ ഉത്രയുടെ സ്വത്തുക്കൾ ലഭിക്കും. ഇതോടെ സൂരജിന്റെ ബുദ്ധിയിൽ പാമ്പ് കടി മരണത്തിന് പദ്ധതി തയാറായതായി അന്വേഷണസംഘം പറയുന്നു. മാർച്ച് 2 നു രാത്രിയിലാണ് ഉത്രയ്ക്ക് അണലിയുടെ കടിയേൽക്കുന്നത്. അന്ന് പകൽ അടൂരിലെ ബാങ്കിലെത്തി സൂരജ് ലോക്കർ തുറന്നു.

ജോയിന്റ് അക്കൗണ്ടിൽ ഒന്നിച്ചും വെവ്വേറെയും ലോക്കർ തുറക്കാമെന്ന വ്യവസ്ഥ ഉള്ളതിനാൽ സ്വർണം മാറ്റാൻ തടസ്സം ഉണ്ടായില്ല. പിന്നീട്  ക്രൂരമായാണ് അണലിയെ ഉപയോഗിച്ച് കടിപ്പിച്ചത്. വടി ഉപയോഗിച്ച് പാമ്പിനെ അടിച്ചു പ്രകോപിപ്പിച്ചു.  ഉത്രയുടെ കാലിൽ ആഴമേറിയ മുറിവുണ്ടായി. മാംസം അടർന്നു പോയി. ആശുപത്രിയിലെത്തിക്കാൻ മണിക്കൂറുകൾ വൈകിച്ചെങ്കിലും ഉത്ര രക്ഷപ്പെട്ടു. 52 ദിവസത്തെ ചികിത്സയ്ക്കു ശേഷമാണ് ആശുപത്രി വിട്ടത്. അടർന്നു പോയ മാംസത്തിനു പകരം  പ്ലാസ്റ്റിക് സർജറി നടത്തേണ്ടി വന്നു.

5.72 ലക്ഷം രൂപ ആശുപത്രി ബില്ലായി. മരുന്നു ചെലവ് ഉൾപ്പെടെ 10 ലക്ഷം രൂപ ആയി. മുഴുവൻ തുകയും ഉത്രയുടെ വീട്ടുകാരാണു നൽകിയത്. അണലി കടിച്ച സംഭവം പിന്നീടാണ് അറിയുന്നതെന്നാണ് സൂരജിന്റെ മാതാപിതാക്കളുടെ വാദം. എന്നാൽ സൂരജിന്റെ നിർദേശപ്രകാരം പലതും മാതാപിതാക്കൾ ഒളിപ്പിച്ചതായി പൊലീസ് കണ്ടെത്തി. അണലി കടിയേൽക്കുന്ന സമയത്ത് ഉത്ര ചുരിദാറായിരുന്നു ധരിച്ചിരുന്നത്. കണങ്കാലിലെ ആഴമേറിയ മുറിവ് സൂരജിന്റെ അച്ഛനും അമ്മയും കണ്ടില്ലെന്ന് പൊലീസ് വിശ്വസിക്കുന്നില്ല.

അണലി കടിച്ച വിവരം പിന്നീട് അറിഞ്ഞെന്ന് പറയുന്ന ഇരുവരും വീട്ടിൽ പരിശോധന നടത്തിയില്ല. വീടിന്റെ നടുത്തളത്തിലൂടെ എത്തിയ പാമ്പ് ടൈൽ പാകിയ 15 പടികളിലൂടെ മുറിയിൽ കയറി കടിച്ചെന്നു വിശ്വസിച്ചുവെന്നു വീട്ടുകാർ പറയുന്നതു പൊലീസ് ആദ്യം തള്ളിയിരുന്നു. അണലിയെ ഉപയോഗിച്ച് സൂരജ് ഉത്രയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നതിനു വ്യക്തമായ തെളിവുകൾ വീട്ടുകാർക്ക് ലഭിച്ചിട്ടുണ്ട്. കൊലപാതകശ്രമം മറയ്ക്കാൻ അവരും സൂരജിനൊപ്പം നിന്നതായാണു പൊലീസ് സംശയം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kollam
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA