ADVERTISEMENT

കൊല്ലം∙ ആശ്രാമം ഇഎസ്ഐ ആശുപത്രിയിൽ പ്രസവത്തിനു പ്രവേശിപ്പിച്ചിരുന്ന യുവതി ശുചിമുറിയിലേക്കു പോകുന്നതിനിടെ പ്രസവിച്ചു. ആശുപത്രി അധികൃതരുടെ അനാസ്ഥ ആരോപിച്ചു ബന്ധുക്കൾ രംഗത്ത്. നിലത്തു വീണ കുഞ്ഞിനു ശ്വാസതടസ്സവും വിറയലും അനുഭവപ്പെട്ടതിനെ തുടർന്ന് വിശദ പരിശോധനകൾക്കായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ രാവിലെയാണു സംഭവം. ഉളിയക്കോവിൽ സ്വദേശിയായ വിജിയെ ആറിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഈ മാസം 16 നാണ് പ്രസവത്തീയതി പറഞ്ഞിരുന്നതെങ്കിലും കോവിഡ് പരിശോധനയ്ക്കായി വന്നപ്പോൾ അഡ്മിറ്റ് ചെയ്യുകയായിരുന്നു.

രാത്രി 12 മണിയോടെ പ്രസവവേദന ആരംഭിച്ചതായി പല തവണ പറഞ്ഞിട്ടും ആരും പരിശോധിക്കാൻ എത്തിയില്ലെന്ന് ബന്ധുക്കൾ പറയുന്നു. പുലർച്ചയോടെ സ്ഥിതി ഗുരുതരമാകുന്നുവെന്നും രക്തസ്രാവം ആരംഭിച്ചുവെന്നും അറിയിച്ചപ്പോഴും ഇതൊന്നുമല്ല വേദന എന്നായിരുന്നുവത്രെ മറുപടി. രാവിലെ 5 മണിയോടെ വാർഡിലെ ശുചിമുറിയിലേക്ക് നടന്നു പോകാൻ ശ്രമിക്കുന്നതിനിടെ യുവതി പെൺകുഞ്ഞിനെ പ്രസവിക്കുകയായിരുന്നു. പ്രസവത്തിൽ കുഞ്ഞ് നിലത്തേക്കു തലയിടിച്ചു വീണു. ഇതിനു ശേഷവും ഏറെ നേരം കഴിഞ്ഞാണ് ലേബർ റൂമിലേക്ക് മാറ്റിയതെന്നും ഡോക്ടർ എത്താൻ വൈകിയെന്നുമാണ് ബന്ധുക്കളുടെ ആരോപണം.

പിന്നീട് ശിശുരോഗവിദഗ്ധൻ എത്തി പരിശോധിച്ചെങ്കിലും കുഞ്ഞിന് കുഴപ്പമൊന്നുമില്ലെന്നായിരുന്നു മറുപടി. പാലുകൊടുത്തപ്പോൾ കുഞ്ഞിനു ശ്വാസതടസ്സവും വിറയലും അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയപ്പോഴാണു  കുഞ്ഞിന്റെ ഉള്ളിലേക്ക് ഗർഭപാത്രത്തിൽ നിന്നുള്ള സ്രവങ്ങൾ കടന്നതാണു കാരണമെന്നു കണ്ടെത്തിയത്. ഉളിയക്കോവിൽ സ്വദേശികളായ രാജേഷ്–വിജി ദമ്പതികളുടെ ആദ്യ കുട്ടിയാണിത്. വിജി ഇഎസ്ഐ ആശുപത്രിയിൽ ചികിത്സയിലാണ്.

പ്രതികരിക്കാതെ സൂപ്രണ്ട്

സംഭവത്തിൽ ഇഎസ്ഐ ആശുപത്രി അധികൃതരുടെ വിശദീകരണത്തിനായി പലതവണ ബന്ധപ്പെട്ടിട്ടും സൂപ്രണ്ടിന്റെ ഫോൺ നമ്പർ തരാൻ ബന്ധപ്പെട്ടവർ തയാറായില്ല. സൂപ്രണ്ടിന്റെ നമ്പർ കൊടുക്കാൻ പാടില്ലെന്നാണു നിർദേശമെന്നു സെക്യൂരിറ്റി ഓഫിസർ അറിയിച്ചു. മറ്റേണിറ്റി വാർഡിൽ ബന്ധപ്പെട്ടിട്ടും ഫലമുണ്ടായില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com