ADVERTISEMENT

കൊല്ലം ∙ ജില്ലയിൽ ഇന്നലെ ആരോഗ്യ പ്രവർത്തകർക്ക് ഉൾപ്പെടെ 133 പേർ കൂടി കോവിഡ് പോസിറ്റീവായി. ഇതോടെ ജില്ലയിൽ ഇതുവരെ പോസിറ്റീവ് ആയവരുടെ എണ്ണം 1317 ആയി. ഇന്നലെ 119 പേർക്കു സമ്പർക്കത്തിലൂടെയാണു കോവിഡ്ബാധ. 7 പേർ വിദേശത്തു നിന്നും 2 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തി. 4 കേസുകളിൽ ഉറവിടം വ്യക്തമല്ല. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കും ചികിൽസ തേടിയെത്തിയ യുവതിക്കും കോവിഡ് സ്ഥിരീകരിച്ചു. ഇവിടുത്തെ ഒപി കൾ അടച്ചു.

ചിതറയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സും സ്ഥിരീകരിച്ചവരിൽപ്പെടും. തലച്ചിറയിലാണു ഇന്നലെ ഏറ്റവും കൂടുതൽ പേർക്കു കോവിഡ് റിപ്പോർട്ട് ചെയ്തത്. ഇവിടെ മാത്രം ഇരുപതിലേറെ പേർക്കു സ്ഥിരീകരിച്ചു. ചടയമംഗലം മേഖലയിൽ 13 പേർക്കും ആലപ്പാട് മേഖലയിൽ 11 പേർക്കും ചവറയിൽ 8 പേർക്കും വയയ്ക്കലിൽ 7 പേർക്കും വെളിനല്ലൂരിൽ 6 പേർക്കും കുളത്തൂപ്പുഴയിലും കടയ്ക്കലിലും ചക്കുവരയ്ക്കലിലും 5 പേർക്കു വീതവും അഞ്ചൽ, തൊടിയൂർ എന്നിവിടങ്ങളിൽ 4 പേർക്കു വീതവും കോവിഡ് സ്ഥിരീകരിച്ചു.

അമ്പലംകുന്ന്, ശാസ്താംകോട്ട, ഇട്ടിവ, എഴുകോൺ, കൊറ്റങ്കര, പേരൂർ, വെട്ടിക്കവല, ഉമ്മന്നൂർ, ഏനാത്ത്, ഓടനാവട്ടം, കടുവാപ്പാറ, കരുനാഗപ്പള്ളി, ചിറക്കര, തച്ചൻകോണം, തലവൂർ, പള്ളിക്കൽ, മയ്യനാട്, വടക്കേക്കര, വളവുപച്ച, വാളകം തുടങ്ങിയ സ്ഥലങ്ങളിലാണ് ഇന്നലെ സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്. വിദേശത്തു നിന്നെത്തിയ 7 പേർക്കു പുറമെ ബംഗാൾ, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നെത്തിയവർക്കും കോവിഡ് സ്ഥിരീകരിച്ചു. കുടവട്ടൂർ, വെളിനല്ലൂർ, പാരിപ്പള്ളി, അഞ്ചൽ സ്വദേശികൾക്കു രോഗം പിടിപെട്ടതിന്റെ ഉറവിടം വ്യക്തമല്ല.

ജില്ലയിലെ 80 ശതമാനം പോസിറ്റീവ് കേസുകളും ഒറ്റമാസത്തിൽ

ജില്ലയിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത് 4 മാസം പിന്നിടുമ്പോൾ രോഗവ്യാപനത്തിന്റെ തോത് മുകളിലോട്ടു തന്നെ. ആകെ കേസുകളിൽ 80 ശതമാനവും റിപ്പോർട്ട് ചെയ്യപ്പെട്ടത് കഴിഞ്ഞ ഒരു മാസത്തിനിടെ. ആദ്യ 100 കേസുകൾ റിപ്പോർട്ട് ചെയ്യാൻ 71 ദിവസം എടുത്തപ്പോൾ അടുത്ത 100 കേസുകൾക്ക് വേണ്ടിവന്നത് 14 ദിവസം.

കേസുകൾ 300 കടക്കാനെടുത്തത് വെറും 7 ദിവസവും. മാർച്ച് 27 നാണ് ജില്ലയിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നത്. ജൂൺ 6 ആയപ്പോൾ കേസുകളുടെ എണ്ണം 109 ആയി. ജൂൺ 20 ന് 221. ജൂൺ 27 ന് ആകെ കേസുകൾ 310. ജൂലൈ 13 വരെ ഓരോ 100 കേസുകളും റിപ്പോർട്ട് ചെയ്യാൻ 7 ദിവസം എടുത്തിരുന്നെങ്കിൽ അതിനുശേഷം 2 ദിവസത്തെ ഇടവേളയിലാണ് കേസുകൾ 100 കടന്നത്. 22 മുതൽ ഒരു ദിവസത്തെ മാത്രം കേസുകളുടെ എണ്ണവും 100 കടന്നു.

മാർച്ച് 27 മുതൽ ഏപ്രിൽ 27 വരെയുള്ള ആദ്യമാസം 14 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഏപ്രിൽ 27 മുതൽ മേയ് 27 വരെ 32 കേസുകൾ. ജൂൺ 27 ആകുമ്പോൾ കേസുകളുടെ എണ്ണം 264. ആകെ റിപ്പോർട്ട് ചെയ്ത 1315 കേസുകളിൽ 1005 കേസുകളും റിപ്പോർട്ട് ചെയ്തത് ജൂൺ 28 ന് ശേഷം.

54 കോവിഡ് വിമുക്തർ

ജില്ലയിൽ ഇന്നലെ 54 പേർ കോവിഡ് വിമുക്തരായി ആശുപത്രി വിട്ടത് ആശ്വാസത്തിനു വക നൽകുന്നു. ഇതാദ്യമായാണു ജില്ലയിൽ ഇത്രയും പേർ ഒറ്റദിവസം ആശുപത്രി വിടുന്നത്.

∙ആകെ കോവിഡ്ബാധിതർ: 1317
∙ഇന്നലെ മാത്രം: 133
∙സമ്പർക്കത്തിലൂടെ: 119

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com