ADVERTISEMENT

അഞ്ചാലുംമൂട് ∙ ബാർ അടച്ചതിന് ശേഷം മദ്യം വാങ്ങാനെത്തിയ യുവാക്കൾക്ക് കിട്ടിയത് ഒരു ലീറ്റർ കട്ടൻ ചായ. ബാറിനു മുന്നിൽ നിന്ന മറ്റു രണ്ട് പേരാണ് ബാറിലെ ജീവനക്കാരെന്ന് തെറ്റി ധരിപ്പിച്ച് പണം വാങ്ങി കട്ടൻ ചായ നൽകി യുവാക്കളെ പറ്റിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചിനു ശേഷമായിരുന്നു സംഭവം. ബാറിലെ ഗേറ്റ് അടച്ച ശേഷം പുറത്ത് ബൈക്കിലെത്തിയ 2 പേർ അകത്തു നിന്ന യുവാക്കളോടു മദ്യം കിട്ടുമോ എന്നു തിരക്കി. പണം തരാനും തുടർന്നു ബാറിനു മുന്നിലേക്കു വരാനും ആവശ്യപ്പെട്ടു.

ഇതനുസരിച്ച് 900 രൂപ നൽകിയ ശേഷം മദ്യം വാങ്ങാനെത്തിയ യുവാക്കൾ മുന്നിലെ റോഡു വശം കാത്തു നിന്നു. ഈ സമയം ബാറിൽ ഉണ്ടായിരുന്നവർ മുന്നിലെ ഗേറ്റ് വഴി മദ്യം വാങ്ങി മടങ്ങുന്നുണ്ടായിരുന്നു. യുവാക്കളിൽ നിന്നു പണം വാങ്ങിയവർ പുറത്തേക്കിറങ്ങി വന്ന് യുവാക്കളുടെ ബൈക്കിനു സമീപമെത്തി പൊതിഞ്ഞു കൊണ്ടു വന്ന കുപ്പി അവർക്ക് നൽകുകയായിരുന്നു. കിട്ടിയ സാധനവും ഇടുപ്പിൽ വച്ചു പോയ യുവാക്കൾ മദ്യപിക്കാനായി കുപ്പി പൊട്ടിച്ചപ്പോഴാണ് മദ്യത്തിനു പകരം കട്ടൻ ചായയാണ് ലഭിച്ചതെന്ന് അറിയുന്നത്.

തുടർന്ന ഇവർ എക്സൈസിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബാറിലെ സിസിടിവി ക്യാമറയടക്കം പരിശോധിച്ചപ്പോഴാണ് നടന്ന തട്ടിപ്പ് വ്യക്തമാകുന്നത്. പരാതിക്കാരായ യുവാക്കളുടെ സാന്നിധ്യത്തിലാണ് എക്സൈസ് അധികൃതർ ബാറിൽ പരിശോധന നടത്തിയത്. തട്ടിപ്പു നടത്തിയവരുടെ ദൃശ്യങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ബാറിൽ വിൽപനയ്ക്കില്ലാതിരുന്ന ബ്രാൻഡ് സാധനമാണ് കട്ടൻ ചായയയുടെ രൂപത്തിൽ വിൽപന നടത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com