ADVERTISEMENT

പരവൂർ ∙ ഒരാഴ്ച കഴിഞ്ഞാൽ അവന്റെ മൂന്നാം പിറന്നാളായിരുന്നു; ആ മധുരം നുണയാനാവാതെ, നാടിനെയാകെ കണ്ണീരിലാക്കി പൃഥ്വിരാജ് മടങ്ങി. ആ കുഞ്ഞിച്ചിരി ഇനി ഓർമകളിൽ മാത്രം...  നാണയം വിഴുങ്ങിയതിനെത്തുടർന്ന് ആലുവയിൽ മരിച്ച പൃഥ്വിരാജിന്റെ മൃതദേഹം പൂതക്കുളം പുന്നേക്കുളത്തെ വസതിയിൽ സംസ്കരിച്ചു. അവനെ അവസാനമായൊന്നു കാണാൻ ഒട്ടേറെപ്പേരെത്തി. കളമശ്ശേരി മെഡിക്കൽ കോളജിലായിരുന്നു പോസ്റ്റ്മോർട്ടം. കുഞ്ഞിന്റെ അമ്മ നന്ദിനിയുടെ തോണിപ്പാറയിലെ വീട്ടുവളപ്പിൽ സംസ്കാരം നടത്താനാണു തീരുമാനിച്ചിരുന്നത്. ശക്തമായ മഴയിൽ ഇവിടെ വെള്ളം കയറിയതിനാൽ നന്ദിനിയുടെ മുത്തശ്ശിയുടെ വീട്ടുവളപ്പിലാണു കുഞ്ഞിന് അന്ത്യവിശ്രമമൊരുങ്ങിയത്. മകനെ ഒരുനോക്കു കാണാൻ അച്ഛൻ രാജിനായില്ല.

ബെംഗളൂരുവിൽ സ്വകാര്യ കമ്പനി സൂപ്പർവൈസറായ രാജിനു കോവിഡ് നിയന്ത്രണങ്ങൾ കാരണം എത്താൻ  കഴിഞ്ഞില്ല. കണ്ടെയ്ൻമെന്റ് സോണിൽനിന്നു ചെന്നതിനാലാണു കുഞ്ഞിന് ആശുപത്രികളിൽ ചികിത്സ കിട്ടാതിരുന്നതെന്ന ആരോപണം ബന്ധുക്കൾ ആവർത്തിച്ചു. കുഞ്ഞിന്റെ വയറ്റിൽ നിന്ന് 2 നാണയങ്ങൾ കണ്ടെത്തിയതു തന്നെ ആശുപത്രി അധികൃതരുടെ അലംഭാവത്തിനു തെളിവാണെന്നും അവർ  പറഞ്ഞു. 

കയ്യെത്തിപ്പിടിച്ചത് അപകടത്തിലേക്ക്

വാടകവീട്ടിലെ ഭിത്തിയിലെ ഷോകേസിനു സമീപം ചെറിയ മേശപ്പുറത്താണു നാണയങ്ങളെന്നു നന്ദിനി പറയുന്നു. മകൻ ആദ്യം ഇതെടുത്തു കളിക്കുന്നതു കണ്ടപ്പോൾ വാങ്ങി ഷോകേസിന്റെ ഏറ്റവും മുകളിൽ അവനു കയ്യെത്താത്ത ഉയരത്തിലുള്ള സ്ലാബിനു മീതെ വച്ചു. എന്നാൽ, കുറച്ചു കഴിഞ്ഞു വരുമ്പോൾ കുട്ടി താഴത്തെ സ്ലാബുകളിൽ ചവിട്ടിക്കയറി കയ്യെത്തി  നാണയങ്ങൾ എടുക്കുന്നതാണു കണ്ടത്. ഓടിയെത്തി പിടിച്ചുവാങ്ങാൻ തുടങ്ങുമ്പോഴേക്കും വായിലിട്ടു വിഴുങ്ങി. വാ തുറന്നു പരിശോധിച്ചപ്പോൾ നാണയം കാണാനുണ്ടായിരുന്നില്ല. ഇതോടെയാണ് ഉടൻ  ആശുപത്രിയിലെത്തിച്ചത്.

ആലപ്പുഴ മെഡിക്കൽ കോളജിൽ നിന്നു ശനിയാഴ്ച രാത്രി ഒരു മണിയോടെയാണ് കുട്ടിയുമായി നന്ദിനിയും യശോദയും വീട്ടിലെത്തിയത്. രാത്രി കരഞ്ഞു തളർന്ന കുട്ടി എപ്പോഴോ മയങ്ങി. ഇതോടെ അമ്മയും മകളും ഉറങ്ങി. ഞായറാഴ്ച രാവിലെ 5.30നു പാൽ വിതരണക്കാരൻ വാതിലിൽ തട്ടുന്ന ശബ്ദം കേട്ടാണു പിന്നെ ഇവർ ഉണരുന്നത്. സാധാരണ വീടിനു പുറത്തു വയ്ക്കാറുള്ള പാൽപാത്രം കാണാത്തതിനാലാണ് അദ്ദേഹം വാതിലിൽ തട്ടി വിളിച്ചത്. ശബ്ദം കേട്ടുണർന്ന പൃഥ്വി എഴുന്നേറ്റിരുന്നു കരയുകയായിരുന്നു. എന്നാൽ പെട്ടെന്നു തന്നെ കുട്ടി അവശ നിലയിലായി. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണവും സംഭവിച്ചു.

സർക്കാർ ആശുപത്രികളെ സമീപിച്ചത് പണമില്ലാത്തതിനാൽ

പൃഥ്വിരാജിനെയും തോളത്തിട്ടു വാടകവീട്ടിൽ നിന്ന് ആലുവ ജില്ലാ ആശുപത്രിയിലേക്ക് ഓടുമ്പോൾ അമ്മൂമ്മ യശോദയുടെ ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്നതു 13 രൂപ. അമ്മ നന്ദിനിയുടെ പക്കലാകട്ടെ 100 രൂപയും. പൊന്നോമനയുടെ ജീവനായി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാതിരുന്നതിന്റെ കാരണവും മറ്റൊന്നല്ല. കടം വാങ്ങിയെങ്കിലും സ്വകാര്യ ആശുപത്രിയിൽ എത്തിച്ചാൽ അവന്റെ ജീവൻ രക്ഷിക്കാമായിരുന്നു എന്നാണു യശോദ പറയുന്നത്.മൈസൂരു സ്വദേശിയാണു യശോദ.

കല്യാണം കഴിച്ചു വന്നതാണു കൊല്ലത്ത്. നന്ദിനി വളർന്നതും ഡിപ്ലോമ വരെ പഠിച്ചതും ബെംഗളൂരുവിലാണ്. അവിടെ അമ്മാവനോടൊപ്പമായിരുന്നു താമസം. വിവിധ ഭാഷകൾ അനായാസം കൈകാര്യം ചെയ്യുന്ന മിടുക്കി പെൺകുട്ടിക്കു വിദ്യാഭ്യാസം കഴിഞ്ഞപ്പോൾ തന്നെ ജോലിയും കിട്ടി. നന്ദിനിയുടെ സഹോദരനും ബെംഗളൂരുവിലുണ്ട്. ഷെഫായ അദ്ദേഹത്തിന്റെ സുഹൃത്ത് രാജ് ആണു നന്ദിനിയുടെ ഭർത്താവ്. പ്രണയ വിവാഹമായിരുന്നു. 

പൃഥ്വിരാജിന് 9 മാസം മാത്രം പ്രായമുള്ളപ്പോൾ ഭർത്താവുമായി പിണങ്ങി നന്ദിനി കുട്ടിയെയും കൊണ്ടു നാട്ടിലേക്കു പോന്നു. പിന്നീടു ബെംഗളൂരുവിലേക്കു തിരികെ പോയിട്ടില്ല. ഭർത്താവ് രാജ് നന്ദിനിയെയും കുട്ടിയെയും അന്വേഷിക്കാറുമില്ല.മുപ്പത്തടത്തെ ബാങ്ക് ശാഖയിൽ കഴിഞ്ഞ നവംബർ 13നാണ് അവസാനം ഇവർ ഇടപാടു നടത്തിയത്. അപ്പോൾ  മിനിമം ബാലൻസ് പോലും ഉണ്ടായിരുന്നില്ല. ഈ ഘട്ടത്തിൽ ഓട്ടോ ഡ്രൈവർ ബാബു വർഗീസ് നീട്ടിയ 500 രൂപയുടെ സഹായവും സൗജന്യയാത്രയും അവർക്കു സ്വപ്നം കാണാവുന്നതിലും വലുതായിരുന്നു. 2 മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളിൽ നിന്നായി നന്ദിനി 65,000 രൂപ വായ്പ എടുത്തിട്ടുണ്ട്. ഇതിൽ 3 തവണ മാത്രമേ പണം തിരിച്ചടച്ചിട്ടുള്ളൂ. അപ്പോഴേക്കും ലോക്ഡൗണിനെ തുടർന്നു ജോലി നഷ്ടപ്പെട്ടു. തോട്ടയ്ക്കാട്ടുകരയിലെ  സൂപ്പർ മാർക്കറ്റിലായിരുന്നു ജോലി. യശോദ വീട്ടുജോലിക്കു പോയി കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണു പിന്നീടു മൂന്നംഗ കുടുംബം കഴിഞ്ഞിരുന്നത്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com