ADVERTISEMENT

ഓച്ചിറ ∙ കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ഹൃദ്രോഗ ചികിത്സയ്ക്കെത്തിയ ക്ലാപ്പന പാട്ടത്തിൽക്കടവ് സ്വദേശിനി(50)ക്കു കോവിഡ്. സ്രവപരിശോധനയിലാണു സ്ഥിരീകരിച്ചത്.  കൊല്ലം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.  മകനും മകൾക്കും  കൊച്ചുമക്കൾക്കുമൊപ്പമാണു താമസിക്കുന്നത്. മകൻ അഴീക്കൽ മത്സ്യബന്ധന തുറമുഖത്തെ തൊഴിലാളിയാണ്.

പരിശോധന നടത്തിയ ഡോക്ടർ ഉൾപ്പെടെ 9 പേർ നിരീക്ഷണത്തിൽ കഴിയും. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ക്ലാപ്പന സ്വദേശിയായ യുവതി സന്ദർശിച്ചതിനെ തുടർന്നു ക്ലാപ്പന സഹകരണ സംഘം അടച്ചു. 12 ജീവനക്കാർ നിരീക്ഷണത്തിൽ പോയി. യുവതിയുടെ ഭർത്താവ്,മാതാവ് എന്നിവരുടെ സ്രവ പരിശോധനാ ഫലം ലഭിച്ചിട്ടില്ല.

യുവതിയുടെ മകൻ ഉൾപ്പെടെ 13 പേരുടെ ഫലം നെഗറ്റീവാണ്. കഴിഞ്ഞ ദിവസം ക്ലാപ്പന ഏഴാം വാർഡിൽ  കോവിഡ് സ്ഥിരീകരിച്ച മൂന്നു പേർ ഫലം നെഗറ്റീവ് ആയതിനെത്തുടർന്ന് ആശുപത്രി വിട്ടു. ഇവരുടെ സമ്പർക്ക പട്ടികയിലുള്ള എല്ലാവരുടെയും രണ്ടാംഘട്ടം പരിശോധനയും നെഗറ്റീവാണ്.

ശുചീകരണ തൊഴിലാളിക്ക് കോവിഡ്;  മേഖലയിൽ 9 പേർ കൂടി പോസിറ്റീവ്

കൊട്ടാരക്കര∙ നഗരസഭയിലെ ശുചീകരണ തൊഴിലാളി‌ക്ക് സമ്പർക്കത്തിലൂടെ കോവിഡ് ‌പോസിറ്റീവായി. ഉറവിടം അറിവായില്ല. ആന്റിജൻ പരിശോധനയിൽ ഫലം നെഗറ്റീവ് ആയിരുന്നു. നഗരസഭ പരിധിയിൽ മറ്റ് നാല് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒന്നാം വാർഡിലും പുലമണിലും രണ്ടു പേർക്ക് വീതമാണ് കോവിഡ് ബാധ.

നഗരസഭയിലെ കൗൺസിലർമാരുടെയും മറ്റ് ജീവനക്കാരുടെയും പരിശോധന ഫലം നെഗറ്റീവ് ആണെന്നാണ് വിവരം. പിസിആർ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കൂടാതെ എഴുകോൺ ഇടയ്ക്കിടത്തും വെട്ടിക്കവല തലച്ചിറയിലും ഒരാൾക്ക് വീതം കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ താലൂക്ക് ആശുപത്രിയിൽ നടന്ന ആന്റിജൻ പരിശോധനയിൽ മൈലത്തും വെളിയത്തും ഓരോരുത്തർക്ക് കോവിഡ് സ്ഥിരീകരിച്ചു.

പൊലീസ് പരിശോധന ശക്തം

ചടയമംഗലം∙ കണ്ടെയ്ൻമെന്റ് സോണുകളിൽ പൊലീസ് പരിശോധന ശക്തമാക്കിയതോടെ ഏറെ പേർ കുടുങ്ങി. ചില സ്ഥലങ്ങളിൽ പരിശോധനാ നടപടികൾ അതിരു വിടുന്നതായി വാഹന യാത്രക്കാരുടെ പരാതി. പോരേടം പള്ളിക്കൽ റോഡിൽ കല്ലടത്തണ്ണി പാലത്തിൽ ആണ് ചടയമംഗലം പൊലീസ്, ഹൈവേ പട്രോളിങ് സംഘം നേതൃത്വത്തിൽ പരിശോധന. കൊല്ലം തിരുവനന്തപുരം ജില്ലകളുടെ അതിർത്തിയാണ് ഇവിടം.

വിദേശത്തു നിന്നെത്തിയ ഇളമാട് സ്വദേശിക്ക് കോവിഡ് പോസിറ്റീവ്

ആയൂർ ∙ ഇളമാട് പഞ്ചായത്തിൽ വിദേശത്തു നിന്നെത്തിയ ആൾക്കു കോവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായി അഞ്ചു ദിവസം കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നില്ല. ഇതിനു ശേഷം ഇന്നലെയാണ് പുലിക്കുഴി സ്വദേശി പോസിറ്റീവായത്. വിദേശത്തു നിന്നും എത്തിയ ശേഷം ഇദ്ദേഹം ഗൃഹ നിരീക്ഷണത്തിൽ ആയിരുന്നതിനാൽ സമ്പർക്കം ഉണ്ടായിട്ടില്ല. ഇടമുളയ്ക്കൽ പഞ്ചായത്തിൽ ഇന്നും പോസിറ്റീവ് കേസുകൾ ഇല്ല.

ഉദ്ഘാടനം കഴിഞ്ഞ ഇടമുളയ്ക്കൽ പഞ്ചായത്തിലെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ ഇന്നു മുതൽ രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങും. ആയൂർ ഐശ്വര്യ കൺവൻഷൻ സെന്ററിൽ പ്രവർത്തിക്കുന്ന ചികിത്സാ കേന്ദ്രത്തിൽ 120 കിടക്കകളാണു ഒരുക്കിയിരിക്കുന്നത്. മൂന്ന് ഡോക്ടർമാർ ഉൾപ്പെടെ 21 ജീവനക്കാർ മൂന്ന് ഷിഫ്റ്റുകളായാണു ജോലി ചെയ്യുന്നത്. ആംബുലൻസ് സേവനവും ലഭ്യമാക്കിയിട്ടുണ്ട്.

സമ്പർക്ക പട്ടികയിലെ 35 പേരുടെയും ഫലം നെഗറ്റീവ്

ഓച്ചിറ∙കോവിഡ് സ്ഥിരീകരിച്ച വലിയകുളങ്ങര,മേമന സ്വദേശികളുടെ സമ്പർക്ക പട്ടികയിലെ 35 പേരുടെയും സ്രവ പരിശോധനാ ഫലം നെഗറ്റീവ്. ഓച്ചിറയിലെ സ്വകാര്യ ആംബുലൻസ് സർവീസ് ഡ്രൈവറുടെ സമ്പർക്കപട്ടികയിൽപ്പെട്ട 17 പേരുടെയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ  കോവിഡ് സ്ഥിരീകരിച്ച വലിയകുളങ്ങര സ്വദേശിയുമായി സമ്പർക്കം പുലർത്തിയ 18 പേരുടെയും ദ്രുത ആന്റിജൻ പരിശോധനയാണ്  ഇന്നലെ നടത്തിയത്.  3 ഡോക്ടർമാർ ഉൾപ്പെടെ 9 പേരുടെ ഫലവും നെഗറ്റീവായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com