ADVERTISEMENT

കൊട്ടിയം∙ ഉറപ്പിച്ച വിവാഹത്തിൽ നിന്നും വരൻ പിൻമാറിയ മനോവിഷമത്തിൽ വാളത്തുംഗൽ വാഴക്കൂട്ടത്തിൽ പടിഞ്ഞാറ്റതിൽ റഹീമിന്റെ മകൾ റംസി ആത്മഹത്യ ചെയ്ത കേസിൽ ഹാരീസിന്റെ അമ്മ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ സെഷൻ കോടതി 23ലേക്ക് മാറ്റി. റംസിയെ ആത്മഹത്യയിലേക്കു നയിച്ചതിൽ ഹാരീസിന്റെ അമ്മയ്ക്കും പങ്കുണ്ടെന്ന റംസിയുടെ വീട്ടുകാരുടെ പരാതി ഉയർന്ന സാഹചര്യത്തിലാണ് അറസ്റ്റ് ഭയന്ന് മുൻകൂർ ജാമ്യം തേടിയത്. ഹാരീസിന്റെ ജ്യേഷ്ഠന്റെ ഭാര്യ സീരിയൽ നടിയും മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ഇൗ ജാമ്യാപേക്ഷയും മാറ്റിവച്ചിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് അന്വേഷണം വിവിധ ദിശകളിൽ നടക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥനായ ഇൻസ്പെക്ടർ യു.പി.വിപിൻ കുമാർ പറഞ്ഞു. തെളിവുകൾ ശേഖരിക്കുന്നതിലുണ്ടാകുന്ന കാലതാമസമാണ് ആരോപണ വിധേയരായവർക്കെതിരെ നടപടി വൈകുന്നതെന്നും പൊലീസ് പറഞ്ഞു.

മന്ത്രിയും എംഎൽഎയും തിരിഞ്ഞു നോക്കിയില്ലെന്ന് യൂത്ത് കോൺഗ്രസ്

ഉറപ്പിച്ച വിവാഹത്തിൽ നിന്നും വരൻ പിൻമാറിയതിൽ മനം നൊന്ത് ആത്മഹത്യ ചെയ്യേണ്ടി വന്ന റംസിയുടെ വീട്ടുകാരെ സന്ദർശിക്കാനോ അന്വേഷണത്തിന് പിന്തുണ നൽകാനോ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയും ചാത്തന്നൂർ എംഎൽഎ ജി.എസ്.ജയലാലും തയാറാകത്തത് പ്രതിഷേധാർഹമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം ആരോപിച്ചു. റംസിയുടെ മരണവുമായി ബന്ധപ്പെട്ട് കേസന്വേഷണം അട്ടിമറിക്കാൻ ഭരണ സ്വാധീനം ഉപയോഗിക്കുന്നതായി റംസിയുടെ വീട്ടുകാർക്കും ആക്‌ഷൻ കൗൺസിലിനും ആക്ഷേപമുണ്ട്.

ക്രൈംബ്രാഞ്ചിന് അന്വേഷണ റിപ്പോർട്ട് കൈമാറാൻ ഡിജിപി നിർദേശം

റംസിയുടെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ നടത്തിയ അന്വേഷണ റിപ്പോർട്ട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ഡിജിപി നിർദേശിച്ചതായി അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു. റംസിയുടെ മരണം നടന്ന് 12 ദിവസത്തിലധികമായിട്ടും ആരോപണ വിധേയരായവർക്കെതിരെ ഒരു നടപടിയും ഉണ്ടായില്ലെന്ന റംസിയുടെ പിതാവിന്റെയും ആക്‌ഷൻ കൗൺസിലിന്റെയും പരാതിയുടെ അടിസ്ഥാനത്തിൽ കൂടിയാണ് ഡിജിപിയുടെ നിർദേശം. കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്നാവശ്യവും റംസിയുടെ വീട്ടുകാർക്ക് ഉണ്ട്. സംശയത്തിലുള്ളവർ മുൻകൂർ ജാമ്യത്തിനായി അപേക്ഷിച്ചിട്ടുണ്ട്. എന്നാൽ സീരിയൽ നടിയെ മാത്രമാണ് ചോദ്യം ചെയ്തതെന്നും ഹാരീസിന്റെ അമ്മയെ ചോദ്യം ചെയ്യാനായി പൊലീസ് അന്വേഷിച്ചു പോയെങ്കിലും കണ്ടെത്താനായില്ലെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com