ADVERTISEMENT

കൊല്ലം ∙ രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം കൊല്ലം തുറമുഖത്ത് 30നു വീണ്ടും കപ്പൽ എത്തുന്നു.  കഴി‍ഞ്ഞ വർഷം കൊല്ലം തുറമുഖത്ത് എത്താൻ മുപ്പതോളം വിദേശ ചരക്കുകപ്പലുകൾ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. 2018ലും ഇതുതന്നെയായിരുന്നു സ്ഥിതി. തുറമുഖത്തിന്റെ ഇമിഗ്രേഷൻ കാലാവധി പൂർത്തിയായപ്പോൾ അതു പുതുക്കാതിരുന്നതാണ് അനുമതി നഷ്ടമാകാൻ കാരണം. ഷിപ്പിങ് ഏജന്റ് ഓരോ തവണയും അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും തടസ്സം മാറ്റാൻ കഴിഞ്ഞില്ല. സിറ്റി പൊലീസ് കമ്മിഷണർക്ക് ഇമിഗ്രേഷൻ ഓഫിസറുടെ ചുമതല നൽകിക്കൊണ്ടാണ് കപ്പലുകൾക്ക് അനുമതി നൽകിയിരുന്നത്.

2017 വരെ ഇടയ്ക്കിടെ കപ്പൽ എത്തിയിരുന്ന ഇവിടെ അതിനു ശേഷം ഐഎസ്ആർഒയിലേക്കു സാധനങ്ങളുമായി മാത്രമാണ് കപ്പൽ എത്തിയത്. 30നു വരുന്നതും ഐഎസ്ആർഒയ്ക്കുള്ള പ്രോജക്ട് കാർഗോയുമായുള്ള, ഹെവി ലിഫ്റ്റ് വിഭാഗത്തിലെ ഹെംസ് ലിഫ്റ്റ് നദിൻ എന്ന കപ്പലാണ്. ഇമിഗ്രേഷൻ അനുമതി ഇല്ലാത്തതിനാൽ വിദേശത്തു നിന്നുള്ള ചരക്കു കപ്പലുകൾക്ക് അടുക്കാൻ കഴിയില്ല. അത്തരം കപ്പലുകൾ ഇന്ത്യയിലെ എൻട്രി പോയിന്റ് ആയ ഏതെങ്കിലും തുറമുഖത്ത് അടുത്ത ശേഷം കസ്റ്റംസ് ഡ്യൂട്ടി അടച്ച്, ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങിന്റെ അനുമതിയോടെ ഇന്ത്യൻ ചരക്കുകപ്പൽ ആക്കി മാറ്റണം.

ഇതിനു വൻതുക ചെലവാകും. കപ്പലിലെ ഇന്ധനത്തിനു ഉൾപ്പെടെ കസ്റ്റംസിനു നികുതി അടച്ചാണ് ഇന്ത്യൻ കപ്പൽ ആക്കി മാറ്റുന്നത്. ഇങ്ങനെ മാറ്റുന്ന കപ്പൽ മടങ്ങിപ്പോകുന്നതിനു മുൻപ് വീണ്ടും വിദേശ കപ്പൽ ആക്കി മാറ്റണം. ഇൗ മാസം അവസാനം കൊല്ലം തുറമുഖത്ത് എത്തുന്ന കപ്പൽ മുംബൈയിൽ എത്തിയാണ് ഇന്ത്യൻ കപ്പൽ ആക്കി മാറ്റി കാർഗോ കയറ്റുന്നത്. ഇവിടെ നിന്നു മടങ്ങി കൊൽക്കത്തയിൽ എത്തി വീണ്ടും വിദേശ കപ്പൽ ആക്കി മാറ്റും. കൊല്ലത്ത് സ്ഥിരമായ ഇമിഗ്രേഷൻ സംവിധാനം നിലവിൽ വന്നാൽ ചരക്കുകപ്പൽ പതിവായി എത്തുമെന്നാണ് പ്രമുഖ ഷിപ്പിങ് ഏജൻസി അധികൃതർ വ്യക്തമാക്കുന്നത്.

കപ്പൽ വരുന്നത് മുംബൈയിൽ നിന്ന്

30ന് കൊല്ലത്ത് എത്തുന്നത് നെതർലൻഡ്സിൽ റജിസ്റ്റർ ചെയ്ത ഹെംസ് ലിഫ്റ്റ് നദിൻ കപ്പൽ. മുംബൈ നവ ഷെവ തുറമുഖത്തു നിന്നാണു കൂറ്റൻ ഹെവി ലിഫ്റ്റ് കാർഗോ ലോഡ് ചെയ്യുന്നത്. കാർഗോയ്ക്ക് 800 ടൺ ഭാരമുണ്ട്. ഇത് 12 ഭാഗമാക്കിയാണു കപ്പലിൽ കയറ്റുന്നത്. തുമ്പ ഇക്വറ്റോറിയൽ ലോഞ്ചിങ് സ്റ്റേഷനിലേക്കുള്ളതാണ്. കൊല്ലം തുറമുഖത്ത് എത്തിയ ശേഷം 2 ഭാഗം വീതം പ്രത്യേക ചരക്കു വാഹനത്തിൽ തിരുവനന്തപുരം ഐഎസ്ആർഒയിലേക്കു കരമാർഗം കൊണ്ടുപോകും.

ഓൾ കാർഗോ ലോജിസ്റ്റിക്സിനാണു തിരുവനന്തപുരത്തേക്കു കൊണ്ടു പോകുന്നതിനുള്ള ചുമതല. കപ്പലിനു 112 മീറ്റർ നീളമുണ്ട്. 4,400 മെട്രിക് ടൺ ഭാരം വഹിക്കാൻ കഴിയും. 300 ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള 2 കൂറ്റൻ ക്രെയിനുകൾ കപ്പലിൽ ഉണ്ട്. കൊല്ലം ആസ്ഥാനമായ പാക്സ് ഷിപ്പിങ് കമ്പനിയാണ് കപ്പൽ എത്തിക്കുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com