ADVERTISEMENT

കൊല്ലം ∙ ഓൺലൈൻ – ടിവി ചാനൽ ഷോപ്പിങ് വെബ്സൈറ്റിന്റെ പേരിൽ പുതിയ തട്ടിപ്പുമായി ഉത്തരേന്ത്യൻ സംഘം. കാർ സമ്മാനമായി വാഗ്ദാനം ചെയ്ത് ഇത്തവണ റജിസ്റ്റേഡ് കത്ത് അയച്ചായിരുന്നു തട്ടിപ്പിനു സംഘം കളമൊരുക്കിയത്. ഷോപ്പിങ് ചാനലിന്റെ പേരിൽ ചവറ സ്വദേശിയായ പ്രവാസി അഖിൻ നിസാർ റഹ്മത്തിനു റജിസ്റ്റേഡ് കത്തു ലഭിച്ചതോടെയാണു സംഭവങ്ങളുടെ തുടക്കം. കത്തിനുള്ളിൽ സ്ക്രാച്ച് ആൻഡ് വിൻ കൂപ്പണാണ് ഉണ്ടായിരുന്നത്. കൂപ്പൺ ഉരച്ചു നോക്കിയപ്പോൾ കണ്ടത് ഒന്നാം സമ്മാനമായ എസ്‌യുവി മോഡൽ കാർ.

സമ്മാനം ലഭിച്ചവർ ബന്ധപ്പെടാനുള്ള ഫോൺ നമ്പരിൽ വിളിച്ചതോടെ കോൾ എത്തിയത് കൊൽക്കത്തയിൽ. ഫോൺ എടുത്ത ആൾ ഒന്നാം സമ്മാനം ലഭിച്ചതിന് അഭിനന്ദനം അറിയിച്ച ശേഷം കാർ നേരിട്ടെത്തി കൈപ്പണമെന്ന് അറിയിച്ചു. തുടർന്നു മലയാളത്തിലായി സംസാരം. എന്നാൽ, കഴിഞ്ഞ കാലത്തൊന്നും ചാനലിൽ നിന്നു സാധനങ്ങൾ വാങ്ങാത്ത തനിക്കെന്തിനാണു സമ്മാനമെന്ന് അഖിൻ ചോദിച്ചപ്പോൾ അതു ഭാഗ്യം കൊണ്ടു ലഭിച്ചതാണെന്നു മറുപടി. എന്തായാലും കൊൽക്കത്തയിലെത്തി കാർ നേരിട്ടു വാങ്ങിക്കോളാമെന്ന് അഖിൻ പറഞ്ഞതോടെ തിരച്ചറിയൽ രേഖകളുടെ പകർപ്പ് വാട്സാപ്പിൽ അയച്ചു കൊടുക്കാൻ ആവശ്യപ്പെട്ടു.

തുടർന്ന് കാറിന്റെ ആകെ വിലയുടെ ഒരു ശതമാനം അക്കൗണ്ടിലേക്ക് നൽകണമെന്നും തട്ടിപ്പുകാർ പറഞ്ഞു. ഒരു ശതമാനം തുക കുറച്ചുള്ള ബാക്കി പണം തനിക്കു നൽകിയാൽ മതിയെന്ന് അഖിൻ പറഞ്ഞതോടെ സംഭാഷണം അവസാനിപ്പിച്ചു. പിന്നീട് ഒരിക്കൽക്കൂടി ഇതേ നമ്പരിൽ വിളിച്ചെങ്കിലും കാര്യമായി മറുപടി നൽകാതെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്തതായും അഖിൻ പറഞ്ഞു. തുടർന്ന് ഔദ്യോഗിക നമ്പരിൽ വിളിച്ച് ഇക്കാര്യം അറിയിച്ചതോടെ സംഭവം തട്ടിപ്പാണെന്ന് ഷോപ്പിങ് ചാനൽ അധികൃതരും അറിയിച്ചു. സൈബർ സെല്ലിനും പരാതി നൽകുമെന്ന് അഖിൻ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com