ADVERTISEMENT

കുളത്തൂപ്പുഴ∙ രാഷ്ട്രീയം പറഞ്ഞും ചെളിവാരിയെറിഞ്ഞും പതിറ്റാണ്ടു നീണ്ട വിവാദങ്ങൾക്കു പരിസമാപ്തി. സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്റർ പിറന്ന മണ്ണിൽ, പഠിച്ച സ്കൂളിനോട് ചേർന്ന രാഗസരോവരം സ്മാരകത്തിന്റെ പുനർനിർമാണം തുടങ്ങി. പഞ്ചായത്ത് ഫണ്ടിൽ നിന്നു 50 ലക്ഷം രൂപയും മന്ത്രി കെ.രാജുവിന്റെ എംഎൽഎ ഫണ്ടിൽ നിന്നു 40 ലക്ഷം രൂപയും അനുവദിച്ചു. ഒരു കോടി ചെലവു പ്രതീക്ഷിച്ച സ്മാരകം പൂർത്തിയാകാൻ 1.11 കോടി ചെലവാകും. കവി ഒഎൻവി രാഗസരോവരം എന്നു പേരിട്ട സ്മാരകം 2009ൽ സാംസ്കാരിക വകുപ്പ് നൽകിയ 15 ലക്ഷം രൂപ മുടക്കിയാണു നിർമാണം തുടങ്ങിയത്.

റിപ്പബ്ലിക് ദിനത്തിൽ ഡോ.കെ.ജെ.യേശുദാസ് ആയിരുന്നു സ്മാരക ശില പാകിയത്. 21 ലക്ഷം മുടക്കിയ സ്മാരകവുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങൾ ഒഴിയാതെ 2010ൽ നിർമാണം നിലച്ചു. സ്മാരകം പൂർത്തിയാക്കാൻ രാഗസരോവരം രൂപകൽപന ചെയ്ത ശിൽപിയും ചലച്ചിത്ര സംവിധായകനുമായ രാജീവ് അഞ്ചലുമായി പഞ്ചായത്ത് വീണ്ടും കരാറിൽ ഒപ്പിട്ടു. 6 മാസത്തിനകം നിർമാണം പൂർത്തിയാക്കണമെന്നാണ് വ്യവസ്ഥ. രൂപകൽപനയിൽ മാറ്റമുണ്ടാവില്ല. 1941ൽ കുളത്തൂപ്പുഴയിലെ കല്ലുവെട്ടാംകുഴിയിൽ ജനിച്ചു പിന്നീട് അനശ്വര സംഗീത സംവിധായകനായി മാറിയ രവീന്ദ്രൻ മാസ്റ്റർ 2005 മാർച്ച് 3നു 63ാം വയസ്സിൽ ലോകത്തോടു വിടചൊല്ലി.

രാഗസരോവരം രവീന്ദ്രൻ മാസ്റ്റർ സ്മാരകം നിർമാണം വൈകിയെങ്കിലും തുടരുന്നതു നല്ല കാര്യമാണ്. ചില സാങ്കേതിക തടസ്സങ്ങളാണു വൈകാൻ കാരണം. പൂർത്തിയാകുമ്പോൾ സ്മാരകവും സമീപത്തെ വനം മ്യൂസിയവും ടൂറിസം രംഗത്ത് മുതൽക്കൂട്ടാകും. മന്ത്രി കെ.രാജു

രാഗസരോവരം നിർമാണം പുനരാരംഭിച്ചതിൽ സന്തോഷം. 10 വർഷം നിർമാണം മുടങ്ങിയ കാഴ്ച കാണുമ്പോഴൊക്കെ വലിയ സങ്കടമായിരുന്നു. കല്ലും മണ്ണും കെട്ടി ഉയർത്തിയ സ്മാരകത്തിലല്ല രവീന്ദ്രൻ മാഷിന് സ്മരണകൾ. അദ്ദേഹം ഈണമിട്ട പാട്ടുകളിൽ മാത്രമാണ്.  ശോഭന രവീന്ദ്രൻ ( രവീന്ദ്രൻ മാസ്റ്ററുടെ ഭാര്യ)

രാഗസരോവരം പുനർനിർമാണം ഏറ്റെടുത്തു. ഇനി  പാളിച്ച വരില്ലെന്നാണ് വിശ്വാസം. സ്മാരകത്തോടൊപ്പം വരുമാനം ലക്ഷ്യമിട്ട് തെന്മല ഇക്കോ ടൂറിസം, കുളത്തൂപ്പുഴ വനം മ്യൂസിയം, ചടയമംഗലം ജടായുപ്പാറ എന്നിവ ബന്ധിപ്പിച്ച ടൂറിസം പാക്കേജ് പദ്ധതിയും നിർദേശിച്ചിട്ടുണ്ട്. രാജീവ് അഞ്ചൽ (ശിൽപി, ചലച്ചിത്ര സംവിധായകൻ)

പഞ്ചായത്ത്, നിയമസഭ തിരഞ്ഞെടുപ്പുകളെ നേരിടാനുള്ള തട്ടിപ്പാണു സ്മാരകം പുനർനിർമാണം. നാലരക്കൊല്ലം സ്മാരകത്തെ തിരിഞ്ഞു നോക്കാതെ എവിടെയായിരുന്നു. റോയി ഉമ്മൻ ( ചെയർമാൻ, യുഡിഎഫ്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com