കുളത്തൂപ്പുഴ∙ കനത്ത മഴയിൽ കുത്തിയൊലിച്ച മഴവെള്ളം വസ്തുവിലൂടെ ഒഴുക്കി വിടുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ പ്രവാസി യുവാവിനു വെട്ടേറ്റു. അധ്യാപകനായ ബന്ധു അറസ്റ്റിൽ. ഇടതുകാലിൽ വെട്ടേറ്റ നെല്ലിമൂട് വയലിറക്കത്തു വീട്ടിൽ സിജീവിനെ (45) പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നെല്ലിമൂട് മൻസിൽനൂറിൽ അബ്ദുൽ ബാസിത്തിനെതിരെ (37) വധശ്രമത്തിനു കേസെടുത്ത ശേഷം അറസ്റ്റുചെയ്തു കോടതിയിൽ ഹാജരാക്കി. കഴിഞ്ഞദിവസം വൈകിട്ട് ആറിനായിരുന്നു സംഭവം.
പൊലീസ് പറയുന്നത്: കനത്തമഴയിൽ നെല്ലിമൂട് റോഡിലൂടെ മഴവെള്ളം സിജീവിന്റെ വസ്തുവിലൂടെ കുത്തിയൊഴുകി. വെള്ളക്കെട്ട് ഒഴിവാക്കാൻ തോട്ടിലേക്കു തിരിച്ചു വിടുമ്പോൾ അബ്ദുൽ ബാസിത്ത് തർക്കം ഉന്നയിച്ച് എത്തി സിജീവിന്റെ പിതാവിനെ വെട്ടാൻ ശ്രമിച്ചു. തടയാൻ ശ്രമിക്കുമ്പോൾ വെട്ടേൽക്കാതെ ഒഴിഞ്ഞു മാറിയ സിജീവിന്റെ പിന്നാലെ എത്തി കാലിൽ വെട്ടുകയായിരുന്നു. ഇയാൾ ആയുധങ്ങളുമായി എത്തി അയൽവാസികളെ ഭീഷണിപ്പെടുത്തുന്നത് പതിവാണെന്നു പരാതിയുണ്ടായിരുന്നു.