ADVERTISEMENT

ചാത്തന്നൂർ ∙ ഒരു ദിവസത്തെ ആയുസ്സ് പോലും ആ കുരുന്നിനുണ്ടായില്ല. ജന്മം നൽകിയവരുടെ ക്രൂരതയിൽ കുഞ്ഞുനക്ഷത്രം പൊലിഞ്ഞു.   റബർ തോട്ടത്തിലെ കരിയിലക്കുഴിയിൽ ഇന്നലെ രാവിലെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ചോരക്കുഞ്ഞ് വൈകിട്ടോടെ മരണത്തിനു കീഴടങ്ങി. കല്ലുവാതുക്കൽ ഊഴായ്ക്കോട് ക്ഷേത്രത്തിനു സമീപം റബർ തോട്ടത്തിലെ കുഴിയിൽ പൊക്കിൾക്കൊടി പോലും  മുറിക്കാത്ത നിലയിലാണ് ആൺകുഞ്ഞിനെ കണ്ടെത്തിയത്.

കരിയില കൊണ്ടു മൂടിയ നിലയിലായിരുന്നു. പേഴുവിള വീട്ടിൽ സുദർശനൻപിള്ളയുടെ മകൻ വിഷ്ണുവാണ് കുഞ്ഞിനെ ആദ്യം കണ്ടത്. പുലർച്ചെ നാലോടെ കരച്ചിൽ കേട്ടിരുന്നു. രാവിലെ ആറരയോടെ വിഷ്ണുവും ഭാര്യയും വീടിനു പുറത്തിറങ്ങിയപ്പോൾ കരിയിലക്കൂനയിൽ നിന്നു വീണ്ടും കരച്ചിൽ കേട്ടു. നിലത്തു കിടന്നു കരഞ്ഞ കുഞ്ഞിന്റെ ശരീരത്തിൽ വസ്ത്രങ്ങൾ ഇല്ലായിരുന്നു. ആ കുഞ്ഞു ശരീരം നിറയെ ഉറുമ്പുകൾ കടിച്ച പാടുകളുമുണ്ടായിരുന്നു. പൊലീസെത്തി ആദ്യം കൊല്ലം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ആരോഗ്യനില മോശമായതോടെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്കു മാറ്റി.

തുടർന്നു വെന്റിലേറ്ററിലാക്കിയെങ്കിലും വൈകിട്ടോടെ മരിച്ചു. മൂന്നു കിലോ ഭാരമുണ്ടായിരുന്ന കുഞ്ഞിനെ കുഴിയിൽ ഉപേക്ഷിച്ചതു മൂലം അണുബാധയേറ്റിരിക്കാമെന്ന നിഗമനത്തിലാണ് ആശുപത്രി അധികൃതർ. ഇതിനൊപ്പം വൈകിട്ട് ഹൃദയാഘാതവുമുണ്ടായി. കൊലക്കുറ്റത്തിനാണു പൊലീസ് കേസെടുത്തിരിക്കുന്നത്. കൊല്ലം മെഡിക്കൽ കോളജിൽ നിന്നുള്ള സംഘം, ഫൊറൻസിക് അധികൃതർ, ഡോഗ് സ്ക്വാഡ് എന്നിവരെത്തി തെളിവു ശേഖരിച്ചു. ശിശുക്ഷേമ സമിതി അധികൃതരും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com