ADVERTISEMENT

ലഹരിയുടെ ഉൗരാക്കുടുക്കിൽപെട്ടു പോകുന്ന യുവാക്കളുടെ അനുഭവങ്ങളാണു ചുറ്റും. കുടുംബവും സമൂഹവും ഇവരുടെ ലഹരിബന്ധങ്ങളിൽ തകരുന്നു. ഇങ്ങനെയുള്ള സംഭവങ്ങളിൽ പുറത്തറിയുന്നത് ചിലതുമാത്രം. ആരും അറിയാതെ, എല്ലാം സഹിക്കുന്ന എത്രയെത്ര കുടുംബങ്ങൾ കാണും. ലഹരിയുടെ ചില പിൻപുറ കാഴ്ചകളിലൂടെ... ഏതാനും വർഷം മുൻപു ദേശീയപാതയിൽ കാർ നിയന്ത്രണം വിട്ടു മതിലിൽ ഇടിച്ചു തൽക്ഷണം മരിച്ചത് 4 യുവാക്കളാണ്. അവർ മദ്യപിച്ചിട്ടില്ലായിരുന്നുവെന്നായിരുന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ട്. കാർ ഓടിച്ചിരുന്ന ആൾ ഉറങ്ങിപ്പോയതാകാം അപകടത്തിനു കാരണമെന്നു പൊലീസും നിഗമനം നടത്തി.

കുറെ നാൾ കഴിഞ്ഞ് ഒരു കഞ്ചാവ് വിൽപനക്കാരൻ എക്സൈസിന്റെ പിടിയിൽ അകപ്പെട്ടപ്പോഴാണ് ആ ദുരന്തത്തിന്റെ വഴി തിരിച്ചറിഞ്ഞത്. അപകടത്തിൽ മരിച്ച യുവാക്കൾ തന്റെ ഇടപാടുകാർ ആയിരുന്നെന്ന് വിൽപനക്കാരൻ വെളിപ്പെടുത്തി. സാമൂഹികമായി ഉയർന്ന കുടുംബത്തിലുള്ള വിദ്യാസമ്പന്നരായിരുന്നു യുവാക്കൾ. ആ അപകടത്തോടെ കുടുംബങ്ങൾ ആകെ തകർന്നു. കഴിഞ്ഞ ദിവസം എക്സൈസ് സ്പെഷൽ സ്ക്വാഡ് ഉദ്യോഗസ്ഥർ ബൈക്കിൽ സഞ്ചരിക്കുമ്പോൾ 2 യുവാക്കൾ ‘ഭീകരമായി’ ബൈക്ക് ഓടിക്കുന്നത് ശ്രദ്ധയിൽപെട്ടു. ആ പോക്കിൽ പന്തികേട് തോന്നിയ ഉദ്യോഗസ്ഥനും പിന്നാലെ പോയി.

കടവൂർ സിഗ്നൽ പോയിന്റിൽ യുവാക്കൾ എത്തിയപ്പോൾ ഉദ്യോഗസ്ഥൻ മുന്നിൽ കയറി കുറുക്കുവച്ച ശേഷം ‘നിങ്ങൾ എവിടെ പോകുന്നു ’എന്നുചോദിച്ചു. ഉടൻ ബൈക്ക് വെട്ടിത്തിരിച്ചു യുവാക്കൾ കടന്നു കളയാൻ ശ്രമിച്ചെങ്കിലും പിടികൂടി. തിരുവനന്തപുരത്തുള്ള 18 വയസ്സുകാരാണു പിടിയിലായത്. വീടുകൾ തോറും സാധനങ്ങൾ വിൽക്കാൻ എന്ന പേരിലാണ് ഇവർ കൊല്ലത്ത് താമസിക്കുന്നത്. അവർ താമസിക്കുന്ന മുറി എക്സൈസ് സംഘം പരിശോധിച്ചപ്പോൾ പിടിച്ചെടുത്തതു കഞ്ചാവ്.  2 വർഷമായി കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്നു യുവാക്കൾ മൊഴി നൽകി. കോർപറേഷൻ പരിധിയോടു ചേർന്ന പ്രദേശത്തു കഴിഞ്ഞ ദിവസം മറ്റൊരു സംഭവമുണ്ടായി.

വീട്ടിൽ ക‍ഞ്ചാവ് ചെടി വളർത്തിയതിനു ഇരുപതുകാരനെ എക്സൈസ് പിടികൂടി. വീട്ടിൽ നിന്നു കഞ്ചാവ് ബീഡിയും കണ്ടെടുത്തു. മൂർച്ചയേറിയ വാളും ഉണ്ടായിരുന്നു. ആ വാൾ ഉപയോഗിച്ചു അമ്മയെ നിരന്തരം ഭീഷണിപ്പെടുത്തുകയാണത്രെ യുവാവിന്റെ പതിവ്.  പത്താം ക്ലാസിൽ പഠിക്കുന്ന സഹോദരിക്കും യുവാവ് വലിയ ഭീഷണിയായി മാറി. വീട്ടുകാർ ഭയന്നാണു കഴിയുന്നത്. റിമാൻഡിൽ ആയ പ്രതി ജയിലിൽ നിന്നു പുറത്തു വന്നാൽ എന്തും ചെയ്യുമെന്ന ഭീതിയിലാണ് അവർ.

എസ്എൻ കോളജ് ജംക്‌ഷനു സമീപമുള്ള 18 വയസ്സുകാരന്റെ പെരുമാറ്റത്തിലുണ്ടായ മാറ്റം മൂലമാണ് എക്സൈസ് ഉദ്യോഗസ്ഥനെ ഒരാൾ സമീപിച്ചത്. എക്സൈസിന്റെ അന്വേഷണത്തിൽ ലഹരി മരുന്നിന് അടിമയാണെന്നു കണ്ടെത്തി. ചോദ്യം ചെയ്തപ്പോൾ കൂട്ടുകാരൻ ഇടയ്ക്കിടെ വീട്ടിൽ വരുമെന്നും ചില ദിവസം അവനോടൊപ്പമാണ് ഉറങ്ങുന്നതെന്നും പറഞ്ഞു. കൂട്ടുകാരൻ ലഹരി ഗുളിക കൊണ്ടു വരും. രണ്ടു പേർക്കും ഇതിൽ നിന്നു രക്ഷപ്പെടണമെന്നുണ്ട്. പക്ഷേ കഴിയുന്നില്ല. ‘ പെട്ടുപോയി ’ എന്നാണ് അവർ പറയുന്നത്. നിർധന കുടുംബത്തിന്റെ പ്രതീക്ഷ ആയിരുന്നു ഇരുവരും.

ആ അമ്മ എന്തുമാത്രം സഹിച്ചു കാണും ?

പ്ലസ് ടു വിദ്യാർഥിയായ മകൻ കഞ്ചാവു കേസിൽ പ്രതിയാണെന്നു പൊലീസ് പറഞ്ഞപ്പോൾ അമ്മ പൊട്ടിത്തെറിച്ചു. പൊലീസുകാരോടായിരുന്നു രോഷ പ്രകടനം.  മകൻ അത്തരക്കാരനല്ലെന്നും അച്ചടക്കത്തോടെയാണ് വളർത്തുന്നതെന്നും പൊലീസിനോട് തർക്കിച്ചു. കരീപ്രയിൽ നിന്നു കഞ്ചാവുമായി പിടിയിലായ മകനെ പൊലീസ് അമ്മയുടെ അടുത്തെത്തിച്ചു. മകൻ കുറ്റസമ്മതം നടത്തി. അപ്പോഴാണ് ഞെട്ടിപ്പിക്കുന്ന പല വിവരങ്ങളും പൊലീസ് അറിഞ്ഞത്. സമീപകാലത്തായി മകന്റെ സ്വഭാവത്തിലുണ്ടായ മാറ്റം  അമ്മ വെളിപ്പെടുത്തി. ദേഷ്യം കാട്ടും. വീട്ടുപകരണങ്ങൾ തല്ലിപ്പൊട്ടിക്കും. 

മോശം വാക്കുകൾ പ്രയോഗിച്ച് അമ്മയെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കും. പക്ഷെ ഇതെല്ലാം കഞ്ചാവ് ലഹരിയിലാണ് ചെയ്തതെന്ന് ആ അമ്മ അറിഞ്ഞില്ല. പ്ലസ് ടു വിദ്യാർഥിയെ പൊലീസ് കൗൺസലിങ്ങിനു വിധേയനാക്കി.  പിന്നീടുള്ള അന്വേഷണത്തിൽ പൊലീസ് കണ്ടതു ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. പ്ലസ് ടു വിദ്യാർഥികളുടെ വൻ സംഘം തന്നെ കഞ്ചാവിന് അടിമകളാണ്. എല്ലാവരും പിടിയിലായ പ്ലസ് ടു വിദ്യാർഥിയുടെ സുഹൃത്തുക്കൾ. ഇവർക്ക് കഞ്ചാവ് നൽകാൻ മിക്ക ദിവസവും വൈകിട്ട് സ്കൂൾ പരിസരത്തു ബൈക്കിൽ ഒരു ചേട്ടൻ എത്തും. ചേട്ടനാണ് കഞ്ചാവ് വലിക്കുന്നതിന് കുട്ടികളെ പ്രേരിപ്പിച്ചത്.

കഞ്ചാവ് വലിക്കുന്നതിന്റെ ‘ഡെമോ’ കാട്ടിയാണ് ചേട്ടന്റെ സൗഹൃദത്തിന്റെ തുടക്കം. 2 പെൺകുട്ടികളുടെ പിതാവാണു മറ്റൊരു താരം. രാത്രി മദ്യലഹരിയിൽ വീട്ടിലെത്തി ഭാര്യയെ മർദിക്കും. മക്കളെ ഓർത്ത് മർദനം ആ അമ്മ സഹിച്ചു. പക്ഷേ ദിവസം കഴിയുംതോറും രീതി മാറി. മദ്യപിച്ചെത്തിയാൽ സ്വന്തം വസ്ത്രം ഊരി ദൂരെ എറിയും. പ്രായ പൂർത്തിയായ പെൺമക്കളുടെ മുന്നിൽ നഗ്നതാ പ്രദർശനം നടത്തും. സഹികെട്ട ഭാര്യ പൊലീസിനെ സമീപിച്ചു. പൊലീസ് ഇടപെട്ടു. കോടതിയിൽ നിന്നും സംരക്ഷണം വാങ്ങി നൽകി. അങ്ങനെ ഗൃഹനാഥൻ പടിക്കു പുറത്തായി. 

വലിച്ചാൽ പിന്നെ ‘ബ്ലാക്മാൻ’

ലഹരിക്ക് അടിമയായ മക്കളും ഭർത്താവും കുടുംബങ്ങളിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളും ചില്ലറയല്ല. ഒരു വർഷം മുൻപ് മയ്യനാട്, ഇരവിപുരം ഭാഗത്ത് ലഹരിക്ക് അടിമയായ യുവാവ് നാട്ടിലുണ്ടാക്കിയ പുകിലുകൾ എല്ലാവരെയും ഞെട്ടിച്ചു. സ്ത്രീകളെ ആക്രമിക്കുകയായിരുന്നു പ്രധാന വിനോദം. രാത്രി കാലങ്ങളിൽ വീട്ടു പരിസരത്തെത്തുന്ന ഇയാളെ ബ്ലാക്മാൻ എന്നൊക്കെ പേരിട്ടാണു വിളിച്ചത്. ഇൗ യുവാവിനെ പിടികൂടാൻ പൊലീസും നാട്ടുകാരും ആഴ്ചകളോളം പഠിച്ച പണി നോക്കിയിട്ടും കിട്ടിയില്ല. മോഷണവും ഇയാളുടെ രീതിയായിരുന്നു. ഒടുവിൽ പിടികൂടി   ചോദ്യം ചെയ്തപ്പോഴാണ് ഇതേ സ്വഭാവമുള്ള മറ്റൊരു സുഹൃത്തും നാട്ടിലുണ്ടെന്ന വിവരം ലഭിച്ചത്. ഇയാളെയും പിന്നീട് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ മാസം ഇരവിപുരത്ത് ലഹരിക്ക് അടിമയായ ഭർത്താവ് ഭാര്യയുടെയും മകളുടെയും മുഖത്ത് ആസിഡ് ഒഴിച്ചു പൊള്ളിച്ചു. ഭാര്യ അതീവ ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും ഇപ്പോൾ മുറിവു ഭേദമായി തുടങ്ങി. എങ്കിലും ഇവരുടെ ജീവിതം വളരെ ബുദ്ധിമുട്ടിലാണ്. കണ്ണനല്ലൂരിൽ രണ്ടാഴ്ച മുൻപ് ചായക്കച്ചവടം നടത്തുന്ന ഇതര സംസ്ഥാനത്തിലുള്ള വയോധികരായ ദമ്പതികളെ മദ്യപിച്ചെത്തിയ സംഘം ആക്രമിച്ച സംഭവം ഉണ്ടായി. കണ്ണനല്ലൂർ ഔട്ട് പോസ്റ്റിന് മുൻപിൽ നിർത്തിയിട്ടിരുന്ന കണ്ണനല്ലൂർ പൊലീസ് സ്റ്റേഷനിലെ എസ്ഐയുടെ കാർ തകർത്ത സംഭവവും കഴിഞ്ഞ മാസമായിരുന്നു. കടം നൽകിയ പണം തിരികെ ചോദിക്കാൻ എത്തിയ യുവാവിനെ മദ്യപ സംഘം കുത്തിപ്പരുക്കേൽപിച്ച സംഭവവമുണ്ടായത് താന്നിയിലാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com