പ്രണയം തലയ്ക്കു പിടിച്ചു വിവാഹം, കഞ്ചാവ് കച്ചവടം കുടുംബ ബിസിനസ്; ഒടുവിൽ...

SHARE

ജീവിതവും കുടുംബവും തകർക്കുന്ന ലഹരിയുടെ നീരാളിപ്പിടിയിലാണ് യുവത്വം. നമുക്ക് ചിന്തിക്കാൻ പോലുമാകാത്ത തരത്തിലുള്ള പെരുമാറ്റത്തിലൂടെയും പ്രവൃത്തിയിലൂടെയും നമ്മുടെ കൺമുന്നിലാണ് ഇവരുടെ ജീവിതം ഇടറിവീഴുന്നത്. 

മദ്യപിച്ചെത്തുന്ന ഭർത്താവിന്റെ ഉപദ്രവം സഹിക്കാതെ വന്നപ്പോൾ യുവതി വിദേശത്തുള്ള അടുത്ത ബന്ധുവിനെ വിവരം അറിയിച്ചു. ബന്ധു അടുത്ത സുഹൃത്തായ എക്സൈസ് ഓഫിസറുടെ ഫോൺ നമ്പർ യുവതിക്കു നൽകി. അന്നും രാത്രി മദ്യലഹരിയിൽ ഭർത്താവ് വീട്ടിലെത്തി വഴക്കു തുടങ്ങി.

ഭാര്യ എക്സൈസ് ഓഫിസറെ വിളിച്ചു. ഫോൺ ഭർത്താവിനു നൽകാനായി നിർദേശം. എക്സൈസ് ഓഫിസറാണെന്നും മദ്യലഹരിയിൽ വീട്ടിൽ വഴക്ക് ഉണ്ടാക്കിയാൽ അകത്താക്കുമെന്നും മുന്നറിയിപ്പും നൽകി. ഇനി വഴക്കുണ്ടാകില്ലെന്നും മദ്യപിക്കില്ലെന്നും ഭർത്താവ്. 

ഒരു കുടുംബത്തിലെ പ്രശ്നം പരിഹരിച്ച സംതൃപ്തിയിൽ എക്സൈസ് ഓഫിസർ ഉറങ്ങാൻ കിടന്നു. തീർന്നില്ല. എക്സൈസ് ഓഫിസറുടെ കുടുംബത്തിന്റെ ഉറക്കം കെടുത്തിയുള്ള ഫോൺ വിളി വൈകാതെ എത്തി. ഞാൻ‌ ഇനിയും മദ്യപിക്കുമെന്നും എന്റെ ഭാര്യയുമായി തനിക്ക് എന്താണ് ബന്ധമെന്നുമായിരുന്നു അർധരാത്രി പിന്നിട്ടപ്പോൾ ഭർത്താവിന്റെ ചോദ്യം. താനും എന്റെ ഭാര്യയും കൂടി എന്നെ ഉപദേശിക്കുന്നതിന്റെ ഗുട്ടൻസ് മനസ്സിലായെന്നും കമന്റ് !!! 

സ്വന്തം ഭാര്യയുടെ മുന്നിൽ വച്ചു ഫോണിലെത്തിയ ചോദ്യത്തിന് എന്തു മറുപടി പറയുമെന്നറിയാതെ ഓഫിസർ കുഴങ്ങി. വിദേശത്തുള്ള സുഹൃത്തിനെ വിളിച്ചു സംഭവം വിവരിച്ച് എക്സൈസ് ഓഫിസർ തലയൂരി. 

മറ്റൊരു സംഭവം കൊട്ടാരക്കരയിൽ. തുകൽ വാദ്യക്കാരനും വർക് ഷോപ്പ് ജീവനക്കാരനും അടുത്ത സുഹൃത്തുക്കൾ. താളം മുറുകണമെങ്കിൽ കക്ഷിക്കു സ്വൽപം കഞ്ചാവ് അകത്തു ചെല്ലണം. വർക് ഷോപ്പുകാരനും അതേ പടി. ഉപയോഗത്തിനൊപ്പം ആവശ്യക്കാർക്ക് കഞ്ചാവ് വിൽക്കുകയും ചെയ്യും.

ഒരു ദിവസം എക്സൈസ് എത്തി 2 പേരെയും കയ്യോടെ പൊക്കി. വർക് ഷോപ്പ് ജീവനക്കാരന്റെ അമ്മയ്ക്ക് സംഭവം വിശ്വസിക്കാനായില്ല. അവർ ആത്മഹത്യാ ശ്രമം നടത്തി ആശുപത്രിയിലായി. മേലിലയിലെ ഒരു വീട്ടിൽ കഞ്ചാവ് വാങ്ങാനെത്തിയ യുവാവ് വിൽപനക്കാരന്റെ സുന്ദരിയായ മകളുമായി പ്രണയത്തിലായി.

പ്രണയം തലയ്ക്കു പിടിച്ചു. ഇരുവരും വിവാഹിതരായി. കഞ്ചാവ് കച്ചവടം കുടുംബ ബിസിനസായി. ക്രമേണ മരുമകൻ കഞ്ചാവിന് അടിമയായി. ഉപദ്രവവും തുടങ്ങി. ഭാര്യയെ യുവാവ് നന്നായി ഉപദ്രവിക്കും. ഒടുവിൽ രക്ഷയില്ലാതെ വന്നതോടെ യുവതി വിവാഹമോചനം നേടി മറ്റൊരു വീട്ടിലാണ്. പിതാവും മരുമകനുമായുള്ള കഞ്ചാവ് കമ്പനി ഇപ്പോഴും തുടരുന്നു. 

അമ്മ പറഞ്ഞു: ‘എന്റെ മകനെ ജയിലിലാക്കണം സർ...’ 

ക്ലാപ്പനയിലെ വീട്ടമ്മ അയൽ വീടുകളിൽ ജോലിക്കു പോയാണു 3 ആൺമക്കളെ പഠിപ്പിച്ചത്. ഇളയകുട്ടിക്ക് മൂന്നു വയസ്സായപ്പോൾ ഭർത്താവ് മരിച്ചു. ഇല്ലായ്മകളൊന്നും അറിയിക്കാതെ അവർ മക്കളെ പൊന്നുപോലെ കാത്തു. പക്ഷേ, രണ്ടാമത്തെ മകൻ ഒൻപതാം ക്ലാസ് പഠനം കഴിഞ്ഞതോടെ ലഹരിയുടെ വഴിതേടി പോയി.

ആദ്യം അഴീക്കലിൽ മത്സ്യബന്ധന തുറമുഖത്തു ജോലിക്കു പോയതോടെ പുകവലി ആരംഭിച്ചു. വരുമാനം ലഭിച്ചതോടെ ക്ലാപ്പന പഞ്ചായത്ത് ഗ്രൗണ്ട് കേന്ദ്രീകരിക്കുന്ന ലഹരി സംഘത്തിലെ പ്രധാനിയായി. ലഹരി മൂത്ത് യുവാവ് ഒരു നാൾ സമീപവീട്ടിലെത്തി വീട്ടിലെ ട്യൂബ് ലൈറ്റു പൊട്ടിച്ചു സ്വയം കയ്യിലെ ഞരമ്പു മുറിച്ചു. ലഹരി കിട്ടാൻ താമസ‌ിച്ചാൽ ആളുടെ മട്ടു മാറും.

വീട്ടിലെ എല്ലാ ഉപകരണങ്ങളും അടിച്ചു തകർത്തു. തടയാൻ ശ്രമിച്ച അമ്മയുടെ മുഖത്ത് ട്യൂബ് ലൈറ്റുകൊണ്ട് അടിച്ചു. മുറിവിൽ ഡോക്ടർമാർ 27 തുന്നലിട്ടു. അന്നു നിറകണ്ണുകളോടെ ആ അമ്മ പൊലീസുകാരോടു പറഞ്ഞു: ‘ മകനെ ജയിലിലാക്കണം...’ പരാതി നൽകാൻ അമ്മയെ സഹായിച്ച അയൽവാസികളുടെ വീടുകളിലെത്തി മകനും സംഘവും പെൺകുട്ടികൾ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചതു കഥയുടെ ക്ലൈമാക്സ് ! 

ക്ലാപ്പന, പ്രയാർ, തഴവ, കരുനാഗപ്പള്ളി പ്രദേശങ്ങളിലെ സ്കൂളുകളും കോളജുകളും മത്സ്യബന്ധന തുറമുഖം, അഴീക്കൽ ബീച്ച് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചു ലഹരി വിൽപന പൊടിപൊടിക്കുന്നു. ഡിജെ പാർട്ടികൾ വരെ സംഘടിപ്പിക്കുന്നതായാണു വിവരം.

പുതുവത്സരാഘോഷത്തിൽ ഡിജെ പാർട്ടിയിൽ ഉപയോഗിക്കാൻ എംഡിഎംഎ ഇനത്തിലുള്ള ലഹരിമരുന്ന് എത്തിച്ച സംഭവത്തിൽ രണ്ടര ഗ്രാം ലഹരിമരുന്നുമായി ആദിനാട് സ്വദേശിയെ ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബെംഗളൂരുവിൽ നിന്ന് എത്തിച്ച മയക്കുമരുന്നിന്റെ ഭൂരിഭാഗവും വിതരണം നടത്തിയതായി പൊലീസ് കണ്ടെത്തി. 

2 വർഷം മുൻപ് ക്ലാപ്പന സ്വദേശികളായ യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് വണ്ടിപ്പെരിയാർ ഭാഗത്തുവച്ചു കണ്ടെയ്നർ ലോറിയുമായി ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന യുവാവു മരിച്ചു. മറ്റൊരു യുവാവിനു സാരമായി പരുക്കേറ്റു. മരിച്ച യുവാവ് ബെംഗളൂരു കോളജിലെ നിയമ വിദ്യാർഥിയായിരുന്നു. 

പരുക്കേറ്റ യുവാവിനെ 6 മാസത്തിനുശേഷം ഒന്നര കിലോ കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടി.യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് തേനിയിൽ നിന്നു കഞ്ചാവും ബെംഗളൂരുവിൽ നിന്നു ലഹരിമരുന്നും കടത്തുന്ന വിവരങ്ങൾ ലഭിച്ചത്. രാത്രി 12 മണി വരെ കൂട്ടുകാരോടൊപ്പം ക്ലാപ്പനയിലെ ഒരു ജംക്‌ഷനിൽ കാരംസ് കളി. പിന്നീട് ബൈക്കിൽ ബെംഗളൂരുവിലേക്ക്. എല്ലാ മാസവും ആദ്യ ആഴ്ചകളിൽ കോളജുകളിൽ ലഹരി എത്തിക്കുമത്രെ. 

മിണ്ടിപ്പോയാൽ കൊന്നുകളയും 

അഞ്ചാലുംമൂട് പനയം ചോനംചിറയിൽ കഴിഞ്ഞ ദിവസം പ്രവാസിയുടെ ഭാര്യയെ വീട്ടിൽ കയറി കൊടുവാൾ കൊണ്ടു വെട്ടി പരുക്കേൽപിച്ച സംഭവത്തിൽ പ്രതി മദ്യ ലഹരിയിലായിരുന്നു. പ്രവാസിയുടെ മകളെ വെട്ടാൻ ശ്രമിച്ചത് തടയുന്നതിനിടെയാണ് ഭാര്യയ്ക്ക് പരുക്കേറ്റത്.

പനയം പഞ്ചായത്തിലെ ചെമ്മക്കാട് ചാറുകാട് മേഖലകളിൽ കഞ്ചാവ് വിൽപനയും ഉപയോഗവും വർധിച്ചിട്ടുണ്ട്. വിദ്യാർഥികളെയടക്കം കഞ്ചാവ് വിൽപനയ്ക്കായി ഉപയോഗിക്കുന്നതായി വീട്ടമ്മമാർ പൊലീസിനും എക്സൈസിലും നൽകിയ പരാതിയിൽ പറയുന്നു.

പ്രദേശവാസിയായ യുവാവിന്റെ നേതൃത്വത്തിൽ ഓട്ടോറിക്ഷയിൽ കറങ്ങി നടന്നു കഞ്ചാവ് വിൽപന. പരാതിപ്പെടുകയോ ചോദ്യം ചെയ്യുകയോ ചെയ്താൽ യുവാവും സംഘവും വീടുകയറി ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്യും. അതിനാൽ യുവാവിനെതിരെ പരാതി നൽകാൻ എല്ലാവരും മടിക്കുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kollam
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA