കുളത്തൂപ്പുഴ∙ തിരുവനന്തപുരം – ചെങ്കോട്ട പാതയിൽ കുളത്തൂപ്പുഴ മുപ്പതടിപ്പാലത്തിന് സമീപത്ത് നിന്നും പാക്കിസ്ഥാൻ നിർമിത വെടിയുണ്ടകൾ കണ്ടെത്തി ഒരു വർഷം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. 2020 ഫെബ്രുവരി 22ന് വഴിയാത്രക്കാരായ രണ്ടു യുവാക്കളാണ് പാതയോരത്തെ മരച്ചുവട്ടിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ വെടിയുണ്ടകൾ കണ്ടത്.
14 വെടിയുണ്ടകളിൽ 12 എണ്ണം പാകിസ്ഥാൻ നിർമിതമാണെന്ന് കണ്ടെത്തിയതോടെ കേസിന്റെ ഗതി മാറി. പൊലീസ് അന്വേഷത്തിനൊപ്പം മിലറ്ററി ഇന്റലിജൻസ്, കൊച്ചിയിൽ നിന്നും എൻഐഎയുടെ പ്രത്യേക സംഘം, കേരളത്തിൽ തീവ്രവാദ വിരുദ്ധ സ്ക്വാഡ് എന്നീ സംഘങ്ങളുടെ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
കേസ് ലോക്കൽ പൊലീസിൽ നിന്നും സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) ഏറ്റെടുത്തു. എന്നാൽ വെടിയുണ്ടകൾ കണ്ടെടുത്ത് ഒരു വർഷം പൂർത്തിയാകുമ്പോൾ അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡും കൊല്ലം സിറ്റി പൊലീസ് അസിസ്റ്റൻറ് കമ്മിഷണറും നേതൃത്വം നൽകുന്ന സംഘമാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്.
പ്രധാനമായും വിരമിച്ചവരും മരിച്ചവരും സർവീസിൽ ഉള്ളവരുമായ സൈനികരെ കേന്ദ്രീകരിച്ചാണ് അന്വേഷണം . ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് വെടിയുണ്ടകൾ ഇവിടെ ഉപേക്ഷിക്കപ്പെട്ടത് എന്ന് അന്വേഷണ സംഘം വിശ്വസിക്കുന്നില്ല.