ADVERTISEMENT

കൊല്ലം∙ രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിൽ ആവേശത്തിരമാല ഉയർന്നതു തീരത്തു മാത്രമായിരുന്നില്ല. പുലർച്ചെ കടലിൽ നിന്നു തുടങ്ങിയതാണ് അത്. മണിക്കൂറുകൾക്കു ശേഷം രാഹുൽ മടങ്ങിപ്പോയിട്ടും ആ തിരയടി ഒടുങ്ങിയില്ല; കരയിലും കടലിലും. ബോട്ടിൽ ആഴക്കടലിൽ പോയി മടങ്ങിയെത്തിയ രാഹുൽ ഗാന്ധി തങ്കശേരി കടൽത്തീരത്ത് മത്സ്യത്തൊഴിലാളികളോടു സംവദിക്കാൻ ഇരുന്നതു വലിയൊരു വള്ളത്തിലാണ്. രാവിലെ 8.45ന് ആണ് രാഹുൽ ഗാന്ധിയുടെ വാഹനം വേദിയുടെ മുന്നിൽ എത്തിയത്.  ജനക്കൂട്ടം ഇളകി. റോഡിൽ തിങ്ങിനിറഞ്ഞവരും മട്ടുപ്പാവുകളിൽ നിന്നവരും മൊബൈൽ ഫോണിൽ ചിത്രം പകർത്താ‍ൻ കയ്യുയർത്തി. സദസ്സ് കരഘോഷം മുഴക്കി വരവേറ്റു.

‘കടലിന്റെ മക്കൾക്കൊപ്പം രാഹുൽജി’ എന്നെഴുതിയ വേദിയിലേക്ക് രാഹുൽ ഗാന്ധി എത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപ് സദസ്സ് നിറഞ്ഞിരുന്നു. 1000 പ്രതിനിധികൾക്ക് ആയിരുന്നു പ്രവേശനം. റോഡിലും പരിസരത്തും സമീപത്തെ  വീടുകളുടെ മട്ടുപ്പാവിലും അതിലേറെ പേർ.  ആഴക്കടൽ മത്സ്യബന്ധനത്തിനു അമേരിക്കൻ കമ്പനിയുമായി ഇടതുസർക്കാർ ധാരണാപത്രം ഒപ്പിട്ടതു സംബന്ധിച്ചു കത്തിക്കയറിയ എൻ.കെ.പ്രേമചന്ദ്രന്റെ പ്രസംഗം രാഹുൽ എത്തിയതോടെ അവസാനിച്ചു. മത്സ്യത്തൊഴിലാളി കോൺഗ്രസ് ദേശീയ പ്രസിഡന്റ്  ടി.എൻ.പ്രതാപൻ എംപി പങ്കായത്തിന്റെ മാതൃക നൽകി ദേശീയ നേതാവിനെ വരവേറ്റു.

തുടർന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി എന്നിവരുടെ പ്രസംഗം. വേദിയിലെ വള്ളത്തിൽ നേതാക്കളോടൊപ്പം തോളോടുതോൾ ചേർന്നിരുന്ന രാഹുൽ മൈക്കുമായി വേദിയുടെ മുന്നിലേക്ക്. ഇളം നീല  ഷർട്ടും കാക്കി നിറമുള്ള പാന്റ്സും ധരിച്ച  രാഹുൽ ഇടതുകൈ പാന്റ്സിന്റെ പോക്കറ്റിൽ തിരുകി,  വലതുകൈയിൽ മൈക്കുമായി  പ്രസംഗം തുടങ്ങി. മത്സ്യബന്ധനത്തിന് ആദ്യമായി പോയ അനുഭവം പറഞ്ഞാണ് രാഹുൽ ഗാന്ധി തുടങ്ങിയത്. വള്ളത്തിൽ വച്ചു തന്നെ മീൻ പാചകം ചെയ്തു തന്നവരെപ്പറ്റി പറഞ്ഞപ്പോൾ മത്സ്യത്തൊഴിലാളികൾക്ക് സന്തോഷം. അധികാരത്തിലെത്തിയാൽ എന്തു ചെയ്യുമെന്ന ചോദ്യത്തിന് കാര്യക്ഷമമായ കേന്ദ്ര ഫിഷറീസ് മന്ത്രാലയം ഉറപ്പുവരുത്തും എന്ന മറുപടി വലിയ ആവേശത്തോടെയാണ് വേദി സ്വീകരിച്ചത്.

ആമുഖത്തിന് ശേഷം ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയെങ്കിലും ആൾക്കൂട്ടത്തിന് കാണാനാവുന്നില്ല എന്നു പറഞ്ഞതോടെ തിരികെ വേദിയിലേക്ക്. മത്സ്യ ലേലത്തിനു 5% കമ്മിഷൻ സർക്കാർ ഈടാക്കുന്നതിനുള്ള പ്രതിഷേധം മത്സ്യവിപണനം  ചെയ്യുന്ന സ്ത്രീകൾ കൂട്ടത്തോടെ രാഹുലിന്റെ ശ്രദ്ധയിൽപെടുത്തി. കോവിഡ്, ഇന്ധനവില വർധന തുടങ്ങിയ ആശങ്കകൾക്കെല്ലാം മറുപടി പറഞ്ഞ രാഹുൽ ഗാന്ധി, തിരഞ്ഞെടുപ്പിന് പ്രത്യേക ‘ഫിഷറീസ് മാനിഫെസ്റ്റോ’ തന്നെ ഉണ്ടാകും എന്ന് വാക്ക് നൽകിയപ്പോൾ വേദിയിൽ കരഘോഷം ഉയർന്നു. എല്ലാ ചോദ്യങ്ങൾക്കും മറുപടി പറഞ്ഞ ശേഷം കൊല്ലം തീരത്ത് ഇനിയുമെത്തുമെന്ന് മത്സ്യത്തൊഴിലാളി സഹോദരങ്ങൾക്ക് വാക്ക് നൽകിയാണ് അദ്ദേഹം മടങ്ങിയത്. ചെറിയ കുട്ടികളടക്കമുള്ളവർ മാതാപിതാക്കൾക്കൊപ്പം രാഹുൽ ഗാന്ധിയെ കാണാനായി എത്തിയിരുന്നു.ദേശീയ നേതാവ് മത്സ്യത്തൊഴിലാളികളോടൊപ്പം കടലിൽ പോയതും അവരോടു നേരിട്ടു സംവദിച്ചതും തീരത്തിനു മറക്കാനാകാത്ത ചരിത്രമായി മാറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com