ADVERTISEMENT

കൊല്ലം ∙ ആഴക്കടൽ മത്സ്യബന്ധന പദ്ധതിക്കായി അമേരിക്കൻ കമ്പനിയുമായി ധാരണാപത്രം ഒപ്പുവച്ചതിനെച്ചൊല്ലിയുണ്ടായ വിവാദവും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കൊല്ലം തീരദേശത്തു നടത്തിയ പര്യടനവും സർക്കാരിനും പാർട്ടിക്കും ക്ഷീണമുണ്ടാക്കുന്നതാണെന്നു സിപിഎം വിലയിരുത്തൽ. ഇതിനെ എത്രയും വേഗം ബദൽ പ്രചാരണമാർഗത്തിലൂടെ മറികടക്കാനും ഇന്നലെ ചേർന്ന ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എൻ. ബാലഗോപാലിന്റെ സാന്നിധ്യത്തിലായിരുന്നു യോഗം. വാടിയിലോ തങ്കശ്ശേരിയിലോ മുഖ്യമന്ത്രി പിണറായി വിജയനെ പങ്കെടുപ്പിച്ചു പൊതുസമ്മേളനം സംഘടിപ്പിക്കും. 

എത്രയും വേഗം തീയതി ഉൾപ്പെടെ തീരുമാനിക്കണമെന്നു പാർട്ടി സംസ്ഥാന സെന്ററിനോട് ആവശ്യപ്പെടും. കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) നടത്തുന്ന മാർച്ച് അടുത്ത മാസം 2 നു ജില്ലയിൽ എത്തുന്നുണ്ട്. ജാഥയ്ക്കുള്ള സ്വീകരണം തീരദേശത്തു വിപുലമായി സംഘടിപ്പിക്കണമെന്നു ബന്ധപ്പെട്ട ഘടകങ്ങൾക്കു നിർദേശം നൽകി. തദ്ദേശ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ പാർട്ടിക്കു തീരദേശ മേഖലയിൽ ഉണ്ടായ മേൽക്കൈ നഷ്ടമാകുമെന്ന ആശങ്ക ജില്ലാ കമ്മിറ്റിയിൽ ഉയർന്നു. തുടർന്നാണു ബദൽ പ്രചാരണമാർഗം അവലംബിക്കാനുള്ള തീരുമാനം.

ആഴക്കടൽ മത്സ്യബന്ധന പദ്ധതിക്കായി ധാരണാപത്രം ഒപ്പിട്ടതിനെച്ചൊല്ലിയുണ്ടായ വിവാദം പാർട്ടി പ്രവർത്തകരിലും ജനങ്ങളിലും വലിയ സംശയത്തിനു കാരണമായിട്ടുണ്ടെന്നും പാർട്ടി വിലയിരുത്തി. മത്സ്യബന്ധന പദ്ധതിയുമായി ബന്ധപ്പെട്ടു മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ യോഗത്തിൽ പങ്കെടുത്തു വിശദീകരണം നൽകി. വിവാദം യുഡിഎഫിനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും വേണ്ടി പ്ലാൻ ചെയ്തതാണെന്നു മന്ത്രി പറഞ്ഞു. സർക്കാരിന്  ഇക്കാര്യത്തിൽ ഒളിച്ചു വയ്ക്കാൻ ഒന്നുമില്ല. കൊച്ചിയിൽ 2020 ഫെബ്രുവരിയിൽ നടന്ന നിക്ഷേപക സംഗമം- അസെൻഡിലാണ് 5000 കോടിയുടെ പദ്ധതിക്കു ധാരണാപത്രം ഒപ്പിട്ടത്.

എന്നാൽ  കഴിഞ്ഞ ഫെബ്രുവരി 2നു നാവിഗേഷൻ കോർപറേഷൻ ഉപധാരണാപത്രം ഒപ്പിട്ടതു സർക്കാരിനെ അറിയിക്കാതെയായിരുന്നു. കോർപറേഷൻ എംഡി എൻ.പ്രശാന്ത് നേരത്തെ രമേശ് ചെന്നിത്തല മന്ത്രിയായിരിക്കെ ഒപ്പമുണ്ടായിരുന്നു. നാവിഗേഷൻ കോർപറേഷൻ വർഷം രണ്ടോ മൂന്നോ കോടി രൂപയുടെ മാത്രം ബിസിനസ് നടത്തുന്ന ചെറിയ സ്ഥാപനമാണ്. ഈ സ്ഥാപനത്തിന് ഇത്രയും കോടിയുടെ പദ്ധതി ഏറ്റെടുക്കാനാവില്ല. സർക്കാരിനെ മനഃപൂർവം കരിവാരിത്തേയ്ക്കാൻ ഉദ്യോഗസ്ഥൻ ഒത്തുകളിച്ചെന്നും മേഴ്സിക്കുട്ടിയമ്മ വിശദീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com