ADVERTISEMENT

കൊല്ലം ∙ കോവിഡ് നിയന്ത്രണ ലംഘനങ്ങളുടെ പേരിൽ ജനത്തിനു പിഴയിടുമ്പോൾ ഇതേ നിർദേശങ്ങൾ പാലിക്കേണ്ട ഉദ്യോഗസ്ഥരുടെ ഓഫിസുകളിൽ കൈകൾ കഴുകാൻ പോലും വെള്ളമില്ലാത്ത സ്ഥിതി. പത്തനാപുരത്ത് വെള്ളവും സോപ്പും വയ്ക്കാത്ത കടകൾക്കും സ്ഥാപനങ്ങൾക്കും എതിരെ പിഴയിടുന്ന തഹസിൽദാറുടെ ഓഫിസ് സ്ഥിതി ചെയ്യുന്ന മിനി സിവിൽ സ്റ്റേഷനിൽ വെള്ളമെത്തിയിട്ട് ഒരു മാസമാകുന്നു.

സിവിൽ സ്റ്റേഷൻ വളപ്പിലെ കുഴൽ കിണറിന്റെ മോട്ടർ തകരാറിലായതാണ് കാരണം. ഇതോടെ ഏഴു ഓഫിസുകളിലായി ജോലി ചെയ്യുന്ന മുന്നൂറിലധികം ജീവനക്കാരും വിവിധ ആവശ്യങ്ങൾക്കായെത്തുന്നവരും ദുരിതത്തിലായി. തകരാറിലായ ദിവസം മുതൽ പല തവണ ആവശ്യപ്പെട്ടിട്ടും നടപടിയെടുത്തില്ലെന്നു റവന്യു ഉദ്യോഗസ്ഥരും പറയുന്നു. കലക്ടർക്കു പരാതി നൽകാനൊരുങ്ങുകയാണ് ഇവർ.

വനിതകളായ ജീവനക്കാർ ഏറെയുള്ള ഇവിടെ പ്രാഥമികാവശ്യങ്ങൾക്കും മറ്റും സമീപത്തെ വീടുകളെയാണ് ആശ്രയിക്കുന്നത്. താലൂക്ക് ആസ്ഥാന മന്ദിരത്തിൽ കോവിഡ് മാനദണ്ഡം പാലിക്കാൻ കഴിയാത്തതു പ്രതിഷേധങ്ങൾക്കും വഴി വച്ചിട്ടുണ്ട്. കരുനാഗപ്പള്ളിയിൽ കോവിഡിന്റെ ആദ്യ വരവിൽ എല്ലാ സർക്കാർ ഓഫിസുകൾക്കു മുന്നിലും പൊതുഇടങ്ങളിലും വെള്ളവും സോപ്പും സാനിറ്റൈസറുമൊക്കെ കരുതിയിരുന്നെങ്കിലും ഇപ്പോൾ ഒന്നും ഇല്ല.

35 ലധികം ഓഫിസുകൾ പ്രവർത്തിക്കുന്ന കരുനാഗപ്പള്ളി മിനി സിവിൽ സ്റ്റേഷന്റെ ഒരു ഭാഗത്തും വെള്ളമോ സോപ്പോ സാനിറ്റൈസറോ കരുതിയിട്ടില്ല. മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ചില ഓഫിസുകളിൽ ഓഫിസ് മേധാവികളുടെ മേശപ്പുറത്ത് ഓരോ സാനിറ്റൈസർ കരുതിയിട്ടുണ്ട്. ഏറ്റവും കുടുതൽ ആൾക്കാർ എത്തുന്ന സപ്ലൈ ഓഫിസിലും ജോ.ആർടിഒ ഓഫിസിലും കൃഷി ഓഫിസിലും സബ് റജിസ്ട്രാർ ഓഫിസുകളിലും സാനിറ്റൈസറില്ല. താലൂക്ക് ആശുപത്രിയിൽ രണ്ടിടത്ത് വാഷ് ബേസിൻ സജ്ജമാക്കിയിട്ടുണ്ട്.

പന്ത്രണ്ടിലധികം സർക്കാർ ഓഫിസുകൾ പ്രവർത്തിക്കുന്ന പുനലൂർ മിനി സിവിൽ സ്റ്റേഷനിൽ കവാടത്തിലോ ഓഫിസുകൾക്കു മുന്നിലോ കൈ കഴുകുന്നതിനു സംവിധാനം ഏർപ്പെടുത്തിയിട്ടില്ല പുത്തൂർ പൊലീസ് സ്റ്റേഷനു മുന്നിൽ പൈപ്പുണ്ടെങ്കിലും കൈകഴുകാൻ സോപ്പു വച്ചിട്ടില്ല. സാനിറ്റൈസറും പേരിനു മാത്രം. കുളക്കട വില്ലേജ് ഓഫിസിൽ വെള്ളവും വച്ചിട്ടില്ല സോപ്പും ഇല്ല.

കലക്ടറേറ്റിലും വേണം കൂടുതൽ സൗകര്യം

കലക്ടറേറ്റിലെ ജീവനക്കാർക്കും വിവിധ ആവശ്യങ്ങൾക്കായെത്തുന്ന പൊതുജനങ്ങൾക്കും ആവശ്യമായ സാനിറ്റൈസർ മിക്ക ഓഫിസുകൾക്കു മുന്നിലുമില്ല. പല ഓഫിസുകളിലെയും മേധാവിമാർ സ്വന്തം പോക്കറ്റിൽ നിന്നുള്ള പണം ഉപയോഗിച്ചാണു ചിലയിടത്തു സാനിറ്റൈസർ വാങ്ങിയത്. ഇതിനായി പ്രത്യേക ഫണ്ട് അനുവദിക്കാത്തതാണു പ്രശ്നം.

എന്നാൽ, പൊതുജനങ്ങൾ കലക്ടറേറ്റിലേക്കു പ്രവേശിക്കുന്ന ഭാഗങ്ങളിൽ പ്രത്യേക കൈകഴുകാനുള്ള വെള്ളവും സോപ്പുമുണ്ട്.  ഇതിനൊപ്പം ഓട്ടമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസറും സ്ഥാപിച്ചിട്ടുണ്ട്. അതേ സമയം കലക്ടറേറ്റിലെത്തുന്നവരും മറ്റും അലക്ഷ്യമായി ഉപേക്ഷിക്കുന്ന മാസ്കുകൾ ഭീഷണിയാകുന്നുണ്ട്.

കോടതികളിൽ കേസുകൾക്ക് നിയന്ത്രണം

കോവിഡ് വ്യാപനം ശക്തമായതോടെ കേസുകൾ പരിഗണിക്കുന്നതിൽ കോടതികൾ നിയന്ത്രണം ഏർപ്പെടുത്തി. അതീവ പ്രാധാന്യമുള്ളതോ ഉടൻ തീർപ്പാക്കേണ്ടതോ ആയ കേസുകൾ മാത്രമാണ് ഇപ്പോൾ പരിഗണിക്കുന്നത്. കേസുമായി ബന്ധപ്പെട്ടവരല്ലാതെ കോടതികളിൽ എത്തരുതെന്ന നിർദേശവും നൽകിയിട്ടുണ്ട്.

സർക്കാർ ഓഫിസുകളിൽ സാനിറ്റൈസർ ഉറപ്പാക്കണം

കൊല്ലം ∙ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ സർക്കാർ ഓഫിസുകളിൽ ജീവനക്കാർക്കും പൊതുജനങ്ങൾക്കും ഉപയോഗിക്കാൻ ഹാൻഡ് സാനിറ്റൈസർ ഉണ്ടെന്ന് വകുപ്പ് മേലധികാരികൾ ഉറപ്പുവരുത്തണമെന്ന് കലക്ടർ ബി. അബ്ദുൽ നാസർ നിർദേശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com