ADVERTISEMENT

പത്തനംതിട്ട∙ അഞ്ചൽ ഭാരതീപുരത്ത് കൊല്ലപ്പെട്ട ഷാജി പീറ്ററിന്റെ ബന്ധു കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട ഡിവൈഎസ്പി എ.പ്രദീപ്കുമാർ നടത്തിയ ഇടപെടലാണു കൊലപാതകത്തിന്റെ ചുരുളഴിച്ചത്. കൊല്ലപ്പെട്ട ഷാജി മദ്യലഹരിയിൽ അപമര്യാദയായി പെരുമാറാൻ ശ്രമിച്ചതിനെ അമ്മ പൊന്നമ്മയും സഹോദരൻ സജിനും സജിന്റെ ഭാര്യയും ചേർന്നു ചെറുത്തു. തുടർന്നു ഷാജിയെ അടിച്ചു വീഴ്ത്തി.

മാരകമായ മർദനത്തെ തുടർന്ന് ഷാജി കൊല്ലപ്പെട്ടു. ഇവിടെ കിണർ കുഴിക്കുന്ന പണി നടക്കുന്നുണ്ടായിരുന്നു. ഇതിനു സമീപം കുഴിയെടുത്ത് കിണറ്റിൽ നിന്ന് എടുത്ത മണ്ണിട്ടു ഷാജിയെ മറവു ചെയ്യുകയായിരുന്നു എന്നാണു ബന്ധു വഴി ലഭിച്ച വിവരം. ഒരു ദിവസം പൊന്നമ്മയും  മരുമകളും തമ്മിലുണ്ടായ വഴക്കിനിടെ ഷാജിയുടെ കൊലപാതകത്തിൽ അന്യോന്യം ഇരുവരും കുറ്റപ്പെടുത്തി.

ഇത് ഇവിടെ ഒളിവിൽ കഴിഞ്ഞ ബന്ധു കേട്ടതാണു കൊലപാതകത്തിന്റെ ചുരുളഴിക്കാൻ സഹായകമായത്. അഞ്ചലിൽ ഇങ്ങനെയൊരു സംഭവം നടന്നിട്ടുണ്ടോയെന്നു ഡിവൈഎസ്പി അന്വേഷിച്ചു.  ഇവിടെ 35 വയസ്സുള്ള ആളെ കാണാനില്ലെന്ന പരാതി ലഭിച്ചതായി അഞ്ചൽ പൊലീസിൽ നിന്നു വിവരം ലഭിച്ചു. ബന്ധു നൽകിയ വിവരവുമായി ഒത്തു നോക്കിയ ശേഷമാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്. 

തോട്ടത്തിന്റെ നടുവി‍ൽ ഒറ്റപ്പെട്ട വീട്

ഭാരതീപുരം ∙ റബർ തോട്ടങ്ങളുടെ നടുവിൽ ഒറ്റപ്പെട്ട സ്ഥലത്താണ് ഇവരുടെ വീട്. സമീപത്തായി മറ്റു വീടുകളില്ല. അതിനാൽ തന്നെ ഇവിടെ നടക്കുന്ന സംഭവങ്ങൾ പുറംലോകം അറിഞ്ഞിരുന്നില്ല. വാഹനങ്ങളിൽ ഇവിടെ എത്തിപ്പെടുക എന്നതു ഏറെ ദുഷ്കരമാണ്. റോഡിൽ നിന്ന് അരകിലോമീറ്ററോളം നടന്നു കുത്തനെയുള്ള കയറ്റവും ഇറക്കവും താണ്ടി വേണം വീട്ടിലേക്കെത്താൻ.

സജിൻ പീറ്റർ, മാതാവ് പൊന്നമ്മ, സജിന്റെ ഭാര്യ, രണ്ടു വയസ്സുള്ള കുട്ടി എന്നിവരാണ് ഇവിടെ താമസിച്ചിരുന്നത്. മരണപ്പെട്ട ഷാജി വല്ലപ്പോഴും മാത്രമാണ് എത്തിയിരുന്നത്. ഒറ്റപ്പെട്ടു കഴിയുന്നതിനാൽ കുടുംബത്തിനു മറ്റുള്ളവരുമായി ബന്ധം ഉണ്ടായിരുന്നില്ല. കുടുംബാംഗങ്ങൾ പൊലീസ് കസ്റ്റഡിയിലായതോടെ വീടിന് രണ്ട് പൊലീസുകാരുടെ കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്. മൃതദേഹം കുഴിച്ചിട്ടതായി പറയുന്ന സ്ഥലത്ത് ഇന്നു പരിശോധന നടക്കും.

മൃതദേഹം ഒളിപ്പിക്കാൻ കാത്തിരുന്നത്  മണിക്കൂറുകൾ

ഭാരതീപുരം ∙ അടിയേറ്റു വീണ ഷാജി പീറ്ററിന്റെ മരണം ഉറപ്പായെങ്കിലും മൃതദേഹം കുഴിച്ചിടാൻ മാതാവും സഹോദരനും കാത്തിരുന്നത് ഏകദേശം നാലു മണിക്കൂറിലേറെ. ഉച്ച കഴിഞ്ഞു 2 മണിയോടെ വീട്ടിൽ ഉണ്ടായ പ്രശ്നങ്ങളെ തുടർന്നാണു ഷാജി കൊല്ലപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്. പകൽ മൃതദേഹം ഒളിപ്പിക്കാൻ മാർഗമില്ലാതെ മാതാവും സഹോദരനും കുഴങ്ങി. സന്ധ്യ ആയതോടെ കുഴിച്ചിടാൻ തീരുമാനിച്ചു. 

വീടിന് അടുത്തുള്ള കിണറിനു സമീപത്തെ ഇളകിയ മണ്ണിൽ ആഴത്തിൽ കുഴിയെടുക്കാനും മൃതദേഹം കുഴിയിൽ ഒളിപ്പിക്കാനും പിന്നെയും സമയം വേണ്ടിവന്നു. ഏഴരയോടെയാണ് ഇതു പൂർത്തിയായത്. സമീപത്തു മറ്റു വീടുകൾ ഇല്ലാത്തത് ഇവർക്കു സൗകര്യമായി. ഇക്കാര്യങ്ങളിൽ മറ്റാരെങ്കിലും സഹായിച്ചോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

ശാസ്ത്രീയ അന്വേഷണം നടത്തും

∙ ഷാജിയുടെ കൊലപാതകത്തിനു കൂടുതൽ തെളിവുകൾ ശേഖരിക്കാൻ ശാസ്ത്രീയ അന്വേഷണത്തിനു തയാറെടുക്കുകയാണു പൊലീസ് . മൃതദേഹം പുറത്തെടുത്ത് ഫൊറൻസിക് വിദഗ്ധരുടെ സഹായത്തോടെ തെളിവു ശേഖരിച്ചു പോസ്റ്റുമോർട്ടം നടത്തുമെന്ന് ഏരൂർ ഇൻസ്പെക്ടർ എസ്.ശ്രീജിത് വ്യക്തമാക്കി.

ആർഡിഒയുടെ സാന്നിധ്യത്തിലാണു മൃതദേഹം പുറത്തെടുക്കുക.കൊലപാതകം നടന്നു 2 വർഷം കഴിഞ്ഞതിനാൽ മൃതദേഹം പൂർണമായി ജീർണിക്കാനാണു സാധ്യത. സൂക്ഷ്മപരിശോധനയിൽ മാത്രമാണു കാര്യങ്ങൾ വ്യക്തമാവുക.  ഷാജിയെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയെന്നാണു പ്രാഥമിക വിവരം.  ആയുധം , മൃതദേഹം കുഴിച്ചിട്ടത് എങ്ങനെ തുടങ്ങിയ കാര്യങ്ങൾ കണ്ടെത്തണം. 

കരടി ഷാജി: നാട്ടുകാരുടെ പേടിസ്വപ്നം

ഭാരതീപുരം ∙ പ്രദേശവാസികൾക്കു പേടി സ്വപ്നമായിരുന്നു ഷാജി പീറ്റർ. കരടി ഷാജി എന്നതായിരുന്നു വട്ടപ്പേര്. വീട്ടുപകരണങ്ങൾ മുതൽ കന്നുകാലികളെ വരെ മോഷ്ടിക്കുക ഷാജിയുടെ പതിവായിരുന്നതായി പൊലീസ് പറയുന്നു. പോത്തുകളെയും മറ്റും മോഷ്ടിച്ച് അറവു ശാലകളിൽ വിൽക്കും. കിട്ടുന്ന കാശിനു മദ്യപാനവും പിന്നെ അടിപിടിയും. കന്നുകാലികളെ അറവുകാർക്ക് നൽകിയാൽ തെളിവ് ബാക്കി ഉണ്ടാകില്ല എന്നതിനാലാണ് ഇയാൾ ഇങ്ങനെ ചെയ്തിരുന്നത്.

മോഷണം ചോദ്യം ചെയ്തവരെ തല്ലിയതിനു കേസുണ്ട്. കൊണ്ടും കൊടുത്തും നടന്ന ഷാജിയുടെ അന്ത്യം സ്വന്തം വീട്ടുകാരിൽനിന്നു തന്നെ സംഭവിച്ചു എന്നതാണ് ഏവരെയും ഞെട്ടിച്ചത്. അവിവാഹിതനായ ഇയാൾക്കു വീടുമായി വലിയ ബന്ധം ഉണ്ടായിരുന്നില്ല. വീട്ടിൽ എത്തുന്ന ദിവസം അവിടെയും തല്ലും വഴക്കും പതിവ്. കൊല്ലപ്പെട്ട ദിവസവും വീട്ടിൽ പ്രശ്നം ഉണ്ടാക്കിയിരുന്നു.

എല്ലാവരും കരുതി; ഷാജി ഒളിവിലാണെന്ന്

ഭാരതീപുരം ∙ വീടു കയറി ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ ഏരൂർ പൊലീസ് ഷാജിയെ സംശയിച്ചിരുന്നു. ഇതിനു ശേഷമാണ് ഇയാളെ കാണാതാകുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ഈ കേസുമായി ബന്ധപ്പെട്ടു ഒളിവിൽ പോയതാകാമെന്നാണു പൊലീസും നാട്ടുകാരും കരുതിയത്. കേസുമായി ബന്ധപ്പെട്ടു ഒളിവിൽ പോയതാണെന്നും മലബാർ മേഖലയിൽ ഉള്ളതായുമാണ് വീട്ടുകാർ പറഞ്ഞിരുന്നത്.

ഷാജിക്കു ക്രിമിനൽ പശ്ചാത്തലം ഉണ്ടായിരുന്നതിനാലും ഇത്തരം സംഭവങ്ങൾക്കു ശേഷം ഇവിടെ നിന്നു കടന്നു കളയുന്ന സ്വഭാവം ഉള്ളതിനാലും വീട്ടുകാർ പറഞ്ഞ കാര്യങ്ങളിൽ നാട്ടുകാർക്കോ പൊലീസിനോ സംശയം തോന്നിയിരുന്നില്ല. കൊലപാതകം നടന്നതായുള്ള വാർത്ത നാട്ടിൽ പരന്നതോടെ നാട്ടുകാർ‍ക്കു ഇതു വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. ഷാജിയുടെ അടുത്ത സുഹൃത്തുക്കൾക്കു പോലും സംശയം തോന്നിയിരുന്നില്ല. നാട്ടിൽ നിന്നു മുങ്ങി പിന്നീട് മടങ്ങി വരുന്ന സ്വഭാവം ഉണ്ടായിരുന്നതിനാൽ ഇയാൾ മടങ്ങി വരുമെന്നാണ് സുഹൃത്തുക്കളും കരുതിയിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com