ADVERTISEMENT

കൊട്ടാരക്കര∙ കോവിഡ് നിയന്ത്രണങ്ങളും വേനൽമഴയും അനിയന്ത്രിതമായ മണ്ണു കടത്തിനു ബാധകമല്ല. കഴിഞ്ഞ രണ്ടു ദിവസമായി മൂന്നൂറോളം ലോഡ് മണ്ണ് കടത്തി. ദിവസവും പകലും രാത്രിയിലും നൂറു കണക്കിന് ലോഡ് മണ്ണാണ് കിഴക്കൻമേഖലയിൽ നിന്നും ലോറികളിൽ പത്തനംതിട്ട ജില്ലയിലേക്കും കരുനാഗപ്പള്ളി, കുന്നത്തൂർ താലൂക്കുകളിലേക്ക് കടത്തുന്നത്. കൊട്ടാരക്കര മേഖലയിലെ മിക്ക മൊട്ടക്കുന്നുകളും ഇടിച്ച് നിരപ്പാക്കി കഴിഞ്ഞു. ഇതു മുലം മഴക്കാലത്ത് റോഡിലേക്ക് വെള്ളം കുത്തിയൊഴുകുന്നു.

വ്യാജപാസ് ഉപയോഗിച്ച് മണ്ണ് കടത്തുന്നതായാണ് പരാതി. ഒട്ടേറെ വ്യാജപാസ്സുകൾ വിജിലൻസ് കണ്ടെത്തിയെങ്കിലും തുടർ നടപടിയില്ല.  മൈനിങ് ജിയോളജി വകുപ്പ്, പൊലീസ്– റവന്യൂ വകുപ്പുകളുടെ ഒത്താശയോടെയാണ് മണ്ണ് ലോബിയുടെ നടപടിയെന്ന് ആക്ഷേപം ഉണ്ട്. ഓരോ പത്ത് മിനിറ്റിലും രണ്ട് ലോഡ് മണ്ണ് വീതം എംസി റോഡിലൂടെ കടത്തുന്നു. കൊട്ടാരക്കര– ശാസ്താംകോട്ട റോഡാണ് മറ്റൊരു പ്രധാന വഴി. ഒരു മാസത്തിനുള്ളിൽ മൂവായിരം ലോഡ് മണ്ണ് കടത്തിയെന്നാണ് കണക്ക്.

സർക്കാർ വകുപ്പുകളുടെ ഒത്തുകളി

നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷമാണ് രാത്രി മണ്ണ് കടത്ത് വിപുലമായത്.പൊലീസ് സഹായമാണ് മണ്ണ് ലോബിക്ക് ലഭിക്കുന്ന പ്രധാന സഹായം.പുലർച്ചെയും രാത്രിയിലും അവധിദിവസങ്ങളിലും മണ്ണ് കടത്താൻ അനുമതിയില്ല. പക്ഷേ ഏറ്റവും അധികം മണ്ണ് കടത്തുന്നത് ഈ സമയത്താണ്. സ്വന്തം വീട്ടാവശ്യത്തിനായി മണ്ണ് നീക്കം ചെയ്ത വീട്ടുടമയുടെ പക്കൽ നിന്നും പൊലീസ് 10000 രൂപ വാങ്ങിയതായി പരാതി ഉയർന്നിരുന്നു.

ഈയിടെ ഒരു പൊലീസ് സ്റ്റേഷനിൽ മൂന്ന് ലോഡ് മണ്ണ് പിടികൂടി. നിമിഷ നേരത്തിനുള്ളിൽ പിഴ ഈടാക്കാതെ വിട്ടയച്ചത്രെ.സ്ഥല പരിശോധന നടത്തിയ ശേഷം മാത്രമേ മണ്ണ് കടത്തിന് പാസ് നൽകാവൂ എന്നതാണ് മൈനിങ് ജിയോളജി വകുപ്പിനുള്ള നിർദേശം. മിക്കയിടത്തും പരിശോധനയില്ല.സ്ഥലം പരിശോധന ഉൾപ്പെടെ നടപടികൾക്ക് പൊലീസ്, റവന്യു, പഞ്ചായത്ത് വകുപ്പുകൾക്ക് ഒരേ പോലെ ഉത്തരവാദിത്തമുണ്ട്. എല്ലാവരും മണ്ണ് ലോബിയുടെ സഹകരിച്ച് പ്രവർത്തിക്കുന്നു. മണ്ണ് കടത്ത് മാത്രമല്ല പാറ കടത്തും വ്യാപകമാണ്.

നിലം നികത്തലിനെതിരെ നടപടി

കൊട്ടാരക്കര∙ തഹസിൽദാരുടെ നേതൃത്വത്തിൽ നിലം നികത്തലിനെതിരെ നടപടി. കടയ്ക്കൽ കുറ്റിക്കാട് ഫ്രാങ്കോ ജംക്‌ഷനിൽ റോഡ് പണിക്കായി എടുത്ത മണ്ണ് സമീപവാസിയുടെ നിലത്തിൽ തള്ളിയ സംഭവത്തിൽ മണ്ണുമാന്തിയന്ത്രവും ടിപ്പറും പിടികൂടി കടയ്ക്കൽ പൊലീസിൽ കൈമാറി. നിലം ഉടമയ്ക്കെതിരെ കേസെടുത്തു. ഉമ്മന്നൂരിൽ നിലം നികത്തൽ കേസിൽ മണ്ണുമാന്തിയന്ത്രം പിടികൂടി വാളകം പൊലീസിന് കൈമാറി. തഹസിൽദാർ എസ്.ശ്രീകണ്ഠൻ നായർ, ഡപ്യൂട്ടി തഹസിൽദാർമാരായ അയ്യപ്പൻ പിള്ള , ഷിജു, സതീഷ്. കെ. ഡാനിയേൽ , റജി. കെ. ജോർജ്, സന്തോഷ് കുമാർ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com