ADVERTISEMENT

അഞ്ചൽ∙ യുവാവിനെ കാണാതായെന്നു വീട്ടുകാർ മെനഞ്ഞ കഥ കൊലപാതകമായി ചുരുളഴിഞ്ഞു. രണ്ടു വർഷം മുൻപു യുവാവിനെ കൊന്നു വീടിനു സമീപം കുഴിച്ചിട്ട സംഭവത്തിൽ അമ്മയും സഹോദരനും കസ്റ്റഡിയിൽ. ഭാരതീപുരം തോട്ടംമുക്ക് പള്ളിമേലതിൽ പരേതനായ പീറ്ററിന്റെ മകൻ ഷാജി പീറ്റർ (കരടി ഷാജി-35) ആണു കൊല്ലപ്പെട്ടത്. ഷാജിയുടെ മാതാവ് പൊന്നമ്മ (68), സഹോദരൻ സജിൻ പീറ്റർ (30) എന്നിവരാണ് ഏരൂർ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.

പല കേസുകളിൽ പ്രതിയായി ഇവരുടെ വീട്ടിൽ ഒളിവിൽ താമസിക്കാനെത്തിയ ബന്ധു പൊലീസിനു നൽകിയ വിവരമാണു വഴിത്തിരിവായത്. മൃതദേഹം ഇന്നു പുറത്തെടുത്തു പരിശോധന നടത്തും. വീടിനു പൊലീസ് കാവൽ ഏർപ്പെടുത്തി. 2018 ഓഗസ്റ്റ് 25 തിരുവോണ നാളിൽ ഉച്ചയ്ക്കാണു കൊലപാതകം നടന്നതെന്നാണു പൊലീസിനു ലഭിച്ച വിവരം. മദ്യപിച്ചു വീട്ടിലെത്തിയ ഷാജി അപമര്യാദയായി പെരുമാറിയതു സജിൻ ഉൾപ്പെടെയുള്ളവർ ചോദ്യം ചെയ്തു. തുടർന്നുണ്ടായ വഴക്കിനിടെ ഷാജിയെ കമ്പി വടി കൊണ്ടു തലയ്ക്ക് അടിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

മരിച്ചെന്ന് ഉറപ്പായതോടെ പറമ്പിൽ കിണറിനു സമീപം കുഴിയെടുത്തു മൂടുകയായിരുന്നു. അടിപിടി, മോഷണക്കേസുകളിൽ പ്രതിയായ ഷാജി ഒളിവിൽ പോകുക പതിവായതിനാൽ ഇയാളെ കാണാതായതിൽ ആർക്കും സംശയമുണ്ടായില്ല. വീട്ടുകാർ പൊലീസിൽ പരാതിപ്പെട്ടുമില്ല. കേസന്വേഷണത്തിന്റെ ഭാഗമായി ഷാജിയെത്തേടി പൊലീസ് എത്തിയെങ്കിലും വീട്ടുകാർ വ്യക്തമായ മറുപടി നൽകിയില്ല. വീടുവിട്ടു പോയെന്നും വടക്കൻ കേരളത്തിലെവിടെയോ ഒളിവിൽ താമസിക്കുന്നതായാണു വിവരമെന്നുമാണു പൊന്നമ്മയും സജിനും പറഞ്ഞത്. 

പൊന്നമ്മയും സജിന്റെ ഭാര്യയുമായുണ്ടായ വഴക്കിനിടെ കൊലപാതകവിവരം പരാമർശിച്ചത് ഇവിടെ ഒളിവിൽ കഴിഞ്ഞ ബന്ധു കേൾക്കുകയായിരുന്നു. ഇയാൾ കഴിഞ്ഞ ദിവസം പത്തനംതിട്ടയിലെ പൊലീസ് ഉദ്യോഗസ്ഥനെ കണ്ട് കേട്ടകാര്യം അറിയിച്ചു. തുടർന്നു നടത്തിയ അന്വേഷണമാണു പ്രതികളെ കുടുക്കിയത്.  നാട്ടിൽ സ്ഥിരം പ്രശ്നക്കാരനായ ഷാജി വീട്ടിലും നിരന്തരം അക്രമം കാട്ടിയിരുന്നതായി മാതാവും സഹോദരനും മൊഴി നൽകിയതായി പൊലീസ് പറയുന്നു. സജിന്റെ ഭാര്യ പൊലീസ് നിരീക്ഷണത്തിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com