ADVERTISEMENT

കുണ്ടറ ∙ കേരളപുരത്തു മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയെയും രണ്ടു മക്കളെയും ഗൃഹനാഥൻ വിഷം കുത്തിവച്ചു കൊല്ലുകയായിരുന്നെന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.  മൺറോത്തുരുത്ത് പെരുങ്ങാലം എറോപ്പിൽ വീട്ടിൽ വൈ.എഡ്വേഡിന്റെ (അജിത്ത്– 40) ഭാര്യ  വർഷ (26), മക്കളായ അലൈൻ (രണ്ട്), ആരവ് (മൂന്നുമാസം) എന്നിവരെയാണു കഴിഞ്ഞദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലത്തെ ആശുപത്രിയിൽ ചികിത്സയിലുള്ള എഡ്വേഡ് സുഖം പ്രാപിച്ചുവരുന്നു.

ഇന്നലെ ഇയാളെ പൊലീസ് നിരീക്ഷണത്തിൽ വാർഡിലേക്കു മാറ്റി. ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും ശരീരത്തിൽ കുത്തിവച്ചതിന്റെ പാടുകളുണ്ട്. കിടപ്പുമുറിയോടു ചേർന്നുള്ള ശുചിമുറിയിൽ നിന്നു സിറിഞ്ചും സൂചിയും കണ്ടെത്തി. പൊലീസ് പറയുന്നത്: ഭാര്യയെ സംശയിച്ചിരുന്ന എഡ്വേഡ് വീട്ടിൽ പതിവായി വഴക്കുണ്ടാക്കിയിരുന്നു. മൂന്നാമത്തെ പ്രസവത്തിനു ശേഷം വർഷ മുഖത്തലയിലെ സ്വന്തം വീട്ടിലായിരുന്നു താമസം. ദിവസങ്ങൾക്കു മുൻപു മുഖത്തലയിലെ വീട്ടിലെത്തി മൂത്ത രണ്ടു കുട്ടികളെയും എഡ്വേഡ് കേരളപുരത്തെ വീട്ടിലേക്കു കൊണ്ടുപോയി. വർഷയെയും ഇളയകുഞ്ഞിനെയും കഴിഞ്ഞ തിങ്കളാഴ്ചയാണു കൊണ്ടുപോയത്. പിന്നീടും ഇരുവരും തമ്മിൽ വഴക്കുണ്ടായി.

ചൊവ്വാഴ്ച രാവിലെ വർഷ കുഞ്ഞുമായി കൊല്ലത്തെ ആശുപത്രിയിൽ പോയ ശേഷം കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിലെത്തി ഭർത്താവിനെതിരെ പരാതി നൽകി. പൊലീസ് എഡ്വേഡിനെ ഫോണിൽ വിളിച്ചെങ്കിലും കോവിഡ് ബാധിച്ചതിനാൽ എത്താൻ കഴിയില്ലെന്നും ഇനി പ്രശ്നങ്ങളൊന്നും ഉണ്ടാക്കുകയില്ലെന്നും മറുപടി നൽകി. ഉച്ചയ്ക്കു ശേഷം വീണ്ടും വഴക്കായി. ഇതിനിടെ, വർഷയുടെ കയ്യിലിരുന്ന വടി പിടിച്ചുവാങ്ങി അവരുടെ തലയ്ക്ക് അടിച്ചു. ബോധരഹിതയായി വീണ വർഷയ്ക്കും രണ്ടു കുഞ്ഞുങ്ങൾക്കും വിഷം കുത്തി വച്ച ശേഷം എഡ്വേഡ്, സഹോദരനെ ഫോണിൽ വിളിച്ച് താനും കുടുംബവും ആത്മഹത്യ ചെയ്യുകയാണെന്നും മൂത്തമകളെ നല്ല രീതിയിൽ വിദ്യാഭ്യാസം നൽകി വിവാഹം ചെയ്ത് അയയ്ക്കണമെന്നും പറഞ്ഞു.

തുടർന്ന് എഡ്വേഡും വിഷം കഴിക്കുകയായിരുന്നു. മൂത്ത കുട്ടി ഈ സമയം മറ്റൊരു മുറിയിലായിരുന്നു. ഫോൺ സന്ദേശം ലഭിച്ച സഹോദരൻ ബന്ധുക്കളെ വിവരമറിയിച്ചു. ആറു മണിയോടെ അവർ വീട്ടിലെത്തിയപ്പോഴാണ് എഡ്വേഡും ഭാര്യയും മക്കളും അബോധാവസ്ഥയിൽ കിടക്കുന്നതു കണ്ടത്. ഉടൻ ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു, മൂവരുടെയും മൃതദേഹങ്ങൾ കൊല്ലം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. സംസ്കാരം ഇന്ന് കണ്ണനല്ലൂർ സെന്റ് മേരീസ് പള്ളിയിൽ. കുണ്ടറ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com