ADVERTISEMENT

∙ എന്താണ് ബ്ലാക്ക് ഫംഗസ്?

പ്രകൃതിയിൽ സ്വാഭാവികമായി കാണപ്പെടുന്ന മ്യൂക്കോമിസൈറ്റ് എന്ന പൂപ്പലുകളാണ് ബ്ലാക് ഫംഗസ് (മ്യൂക്കർമൈക്കോസെസ്) രോഗത്തിനു കാരണം. പ്രതിരോധ ശേഷി കുറഞ്ഞവർ, പ്രമേഹ രോഗികൾ, സ്റ്റിറോയ്ഡ് മരുന്നുകൾ കഴിക്കുന്നവർ എന്നിവരെയാണു രോഗം ബാധിക്കുന്നത്. പകർച്ചവ്യാധിയല്ല. ചിലരിൽ അപൂർവമായി ഗുരുതരമായ അണുബാധയുണ്ടാക്കാം. വായുവിൽനിന്നാണു പൂപ്പൽ ശ്വാസകോശത്തിൽ കടക്കുന്നത്.പ്രതിരോധ ശേഷിയുള്ളവർക്കു മ്യൂക്കോമിസൈറ്റ് ഭീഷണിയല്ല. 

∙ ലക്ഷണങ്ങൾ എന്തൊക്കെ?

കണ്ണ്, മൂക്ക് എന്നിവയ്ക്കു ചുറ്റും വേദനയും ചുവപ്പും, പനി, തലവേദന, ചുമ, ശ്വാസതടസ്സം, രക്തം കലർന്ന ഛർദി, മാനസികാവസ്ഥയിലെ മാറ്റം എന്നിവയാണ് ആദ്യ ലക്ഷണങ്ങൾ. മൂക്കടപ്പ്, മൂക്കൊലിപ്പ് (കറുത്ത നിറത്തിൽ), കവിൾ അസ്ഥിയിൽ വേദന, മുഖത്ത് ഒരു ഭാഗത്തു വേദന, മരവിപ്പ്, നീർവീക്കം, മൂക്കിന്റെ പാലത്തിൽ കറുത്ത നിറം, പല്ലുകൾക്ക് ഇളക്കം, വേദനയോടു കൂടിയ കാഴ്ച മങ്ങൽ, ഇരട്ടക്കാഴ്ച, ത്വക്കിനു കേട്, നെഞ്ചുവേദന, ശ്വാസ തടസ്സം എന്നീ ഗുരുതര ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ചികിത്സ തേടണം. 

∙ എന്തൊക്കെയാണ് പ്രതിരോധ മാർഗങ്ങൾ ?

അണുബാധയുണ്ടായവരിൽ മരണ നിരക്ക് അമ്പത് ശതമാനമാണെങ്കിലും രോഗം നേരത്തേ കണ്ടെത്തിയാൽ അപകടനിരക്ക് കുറയ്ക്കാമെന്നാണ് ഡോക്ടർമാർ പറയുന്നത്. ആന്റിഫംഗലുകൾ ഉപയോഗിച്ചാണ് പൊതുവേ ബ്ലാക്ക് ഫംഗസ് രോഗത്തെ ചികിത്സിക്കുക. ഗുരുതരാവസ്ഥയിലുള്ള രോഗിയാണെങ്കിൽ സർജറി അടക്കം വേണ്ടി വരും.മാസ്‌ക് ഉപയോഗിക്കുക എന്നതാണ് പ്രധാനമായും ബ്ലാക്ക് ഫംഗസ് രോഗം ചെറുക്കാനുള്ള ഒരു മാർഗം.

ഇതിന് പുറമെ, രോഗ പ്രതിരോധ ശേഷി കുറവായവരോ ഗുരുതര രോഗം ബാധിച്ചവരോ ഇടപെടാൻ സാധ്യതയുള്ള ഐസിയു പോലുള്ള ഇടങ്ങൾ ഫംഗസ് വിമുക്തമാക്കുക എന്നതും പ്രധാനമാണ്. പ്രമേഹ രോഗമുള്ളവരും രോഗപ്രതിരോധശേഷിയില്ലാത്തവരും പഞ്ചസാരയുടെ അളവും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവും നിയന്ത്രിക്കണം.  ആന്റിബയോട്ടിക്ക്, ആന്റി ഫംഗൽ മരുന്നുകൾ ഡോക്ടറുടെ നിർദേശ പ്രകാരം ഉപയോഗിക്കുക.

∙ ഈർപ്പമുള്ള മാസ്കുകൾ ഉപയോഗിക്കരുതെന്ന് ആരോഗ്യവകുപ്പ് 

കൊല്ലം ∙ ഒരാൾക്കു കൂടി ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചതോടെ ജില്ലയിൽ ബ്ലാക്ക് ഫംഗസ് ബാധിച്ചവരുടെ എണ്ണം മൂന്നായി. തലച്ചിറ സ്വദേശിയായ രോഗി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കോവിഡ് ബാധിതനായിരുന്നു. ജില്ലയിൽ പാരിപ്പള്ളി മെഡിക്കൽ കോളജിലാണ് ബ്ലാക്ക് ഫംഗസ് ബാധിച്ചവരെ ചികിത്സിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. രോഗം ബാധിച്ച മൂന്നു പേർക്കും സൈനസ്, കണ്ണിന്റെ ഭാഗത്ത് വേദന, മൂക്കൊലിപ്പ് എന്നിവയായിരുന്നു പ്രധാന ലക്ഷണങ്ങൾ. കോവിഡ് ബാധിതരായവരിൽ രോഗപ്രതിരോധ ശേഷി കുറയുന്നതാണ് ബ്ലാക്ക് ഫംഗസ് വരുന്നതിന് കാരണം. ഈർപ്പമുള്ള മാസ്കുകൾ ഉപയോഗിക്കരുതെന്നും മാസ്കുകൾ വെയിലത്ത് ഉണക്കി മാത്രമേ പുനരുപയോഗിക്കാവൂ എന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com